സന്ധ്യ.
വീട്ടിലെത്തി ഉടുപ്പുമാറ്റുന്നതിനിടയിൽ ഒരു ഫോൺകോൾ.
ഫോൺ വിളികൾ ഏറ്റവും കുറച്ചു മാത്രം.
മെസേജിങ് ആപ്പുകൾ ഉപയോഗിക്കാത്തതിനാൽ വിനിമയങ്ങളുടെ പെരുമ്പാതയോരങ്ങളിലോ ഇടവഴികളിലോ എങ്ങുമെങ്ങുമേയില്ല. ഉടൻനേരവിനിമയങ്ങളുടെ ഇത്തിരി ഞൊടികൾ. അതിനെപ്പറ്റി ഓർത്തുനിൽക്കുമ്പോൾ, ഫോണിലുള്ളയാൾ പറയുന്നു - 'താഴേക്ക് വരുമോ? ഞാൻ വീട്ടിലേക്കു വരണില്ല'.
വീട്ടിലേക്കുള്ള സന്ദർശകർ അതീവ ലുബ്ധം.
ഉടുപ്പെടുത്തണിഞ്ഞ് ഇറങ്ങിച്ചെല്ലുമ്പോൾ പുതുപുത്തൻ ഇരുചക്രവാഹനം വഴിയോരത്ത് ഒതുക്കിവച്ച് ചിരിച്ചു നിൽക്കുന്ന ചങ്ങാതി. പുതുതായി വാങ്ങിയ വാഹനം കാണിക്കുവാനായി വന്നതാണ്.
ചിലർ അങ്ങനെയുണ്ട്. [ഒരിക്കൽ ഒരു എഴുത്തുകാരൻ തന്റെ പുസ്തകം പുറത്തിറങ്ങിയപ്പോൾ അതുമായി ഓടിയെത്തിയത് ഓർക്കുന്നു (അതിന്റെ രണ്ടാം പതിപ്പ് പുറത്തിറങ്ങിയപ്പോഴും ഫോണിൽ വിളിച്ചു പറഞ്ഞു, ആ പതിപ്പ് തരുമെന്ന്). എത്രയൊക്കെ വലിച്ചെറിയപ്പെട്ടു കഴിഞ്ഞാലും അത്യപൂർവ്വമായി ഒന്നുരണ്ടുപേരൊക്കെ ഓരോരുത്തരുടെയും ജീവിതത്തിൽ ഇങ്ങനെയൊക്കെ ഉണ്ടാകുമായിരിക്കും, അല്ലേ? തങ്ങളുടെ ജീവിതത്തിലെ സൂക്ഷ്മമായ ആനന്ദം പങ്കിടാൻ ഓടിയെത്താറുള്ളവർ!]
സാന്ധ്യവെളിച്ചത്തിൽ തിളങ്ങുന്ന ശകടത്തിനരികിൽനിന്ന് ഇത്തിരിനേരം മാത്രം നീളുന്ന സംഭാഷണത്തിനു ശേഷം അയാൾ മടങ്ങാനൊരുങ്ങി. അപ്പോൾ സങ്കടം കലർന്ന ഒച്ചയിൽ,താഴന്ന സ്വരത്തിൽ പറയുന്നുണ്ടായിരുന്നു, നാളെ iffk തുടങ്ങുകയാണ്!
അയാൾ മടങ്ങിയശേഷം ഒതുക്കുകൾ കയറുമ്പോൾ ഓർമ്മയിൽ ഒരു പതിറ്റാണ്ടിന്റെ ചൂളംവിളി കടന്നുപോകുന്നുണ്ടായിരുന്നു. 2015ലായിരുന്നു അവസാനമായി iffkയിൽ പങ്കെടുത്തത്.
ഒരു പതിറ്റാണ്ട്!!
വായനയിൽ നിന്ന്, സഞ്ചാരത്തിൽ നിന്ന്, കൂട്ടുകൂടലിൽ നിന്ന്, ചലച്ചിത്രത്തിൽ നിന്ന് തെറിച്ചു ശകലമായ ഒരു പതിറ്റാണ്ട്!!
ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചുനടന്ന ഒരു കാലത്തെക്കുറിച്ച്, പ്രശസ്തനായ ഒരു സംവിധായകന്റെ ഒരു ഓഫ്ബീറ്റ് പടത്തിന്റെ തിരക്കഥാരൂപത്തിനുമേൽ പണിയെടുത്ത ഏതോ ഒരു പുരാതനകാലത്തിന്റെ ഓർമ്മയോ അതിന്റെ ഏതോ ഒരു രംഗം ചിത്രീകരിക്കുന്നതിനുള്ള ലൊക്കേഷൻ നോക്കാൻ അദ്ദേഹത്തോടൊപ്പം നാഞ്ചിനാട്ടിലൂടെ നടത്തിയ ഒരു യാത്രയോ മാറ്റിവച്ചാൽ കാണി എന്ന നിലയിൽ മാത്രമേ ചലച്ചിത്രവുമായി പരിപൂർണ്ണ ബന്ധമുണ്ടായിരുന്നുള്ളൂ. അതിന്റെ അടിവേര് അറ്റുപോയതിന്റെ പതിറ്റാണ്ട്!
ഇക്കാലയളവിൽ ചലച്ചിത്രത്തിലുണ്ടായ മാറ്റങ്ങൾ ഒന്നുമേ കണ്ടറിയാൻ കഴിഞ്ഞതേയില്ല.
ഒട്ടേറെ കൂട്ടുകാർ പുതിയ ചലച്ചിത്രങ്ങൾ സൃഷ്ടിച്ചു. അവയുടെ കാണിയാകാൻ കഴിഞ്ഞില്ലെന്നു മാത്രം.
പെട്ടെന്ന് കമലിനെ ഓർമ്മവന്നു. ID സിനിമ iffkയിൽ പ്രദർശിപ്പിച്ച കാലത്താണ് അവസാനമായി കമലിനെ കണ്ടത്. അന്നൊക്കെ ഒരുപാട് കാര്യങ്ങൾ ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. പിന്നീട് കമൽ മലയാളത്തിൽ പടമെടുത്തു (പട) അതൊന്നും കാണാൻ കഴിഞ്ഞില്ലെന്നു മാത്രം!
ഇന്ന് ഒരു മുറിക്കുള്ളിൽ ഒറ്റയ്ക്കിരിക്കാൻ തോന്നുന്നത് എന്തുകൊണ്ടാണ്?
മറ്റുള്ളവരുടെ ആഹ്ലാദങ്ങളുടെയും പൊട്ടിച്ചിരികളിലും നിന്നുകൂടിയുള്ള അകലം
വലിച്ചെറിയപ്പെട്ട ഒരു കടലാസ് താളുപോലെ ....
(*അപൂർണ്ണം)
0 അഭിപ്രായ(ങ്ങള്‍):
Post a Comment