Friday, February 18, 2011
തലക്കെട്ടില്ലാതെ
കഴിഞ്ഞയാണ്ട് ജൈവവൈവിധ്യ വര്‍ഷമായിരുന്നല്ലോ (ഇക്കൊല്ലം വനവര്‍ഷവും). ഒട്ടേറെ ചര്‍ച്ചകളും സെമിനാറുകളുമുണ്ടായി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ഒരു സെമി'നാറി'ലും പങ്കെടുക്കാന്‍ സാധിച്ചില്ല. എങ്കിലും, പ്രിയപ്പെട്ട സസ്യലതാദികള്‍ക്കും വൃക്ഷശിശുക്കള്‍ക്കുമൊപ്പം പ്രണാമപൂര്‍വം സഞ്ചരിക്കാന്‍ സാധിച്ചു.

കഴിഞ്ഞ കൊല്ലം നാടന്‍ വിത്തുകള്‍ ധാരാളം ലഭിച്ചു; കൂട്ടുകാര്‍ക്കും പരിചിതര്‍ക്കും കൈമാറി; യാത്രയ്ക്കിടയില്‍ പലയിടത്തായി വിത്തെറിഞ്ഞു പോയി.
അതിലൊന്ന് അശോകം.
ഞങ്ങളുടെ വീട്ടിലെ അശോകമരത്തില്‍ ധാരാളം പൂക്കളുണ്ടായി; ധാരാളം കായകള്‍; വിത്തുകള്‍... പലര്‍ക്കും കൊടുത്തിട്ടും വിത്തുകള്‍ ബാക്കിയായി. അങ്ങനെയാണ് വിത്തുകള്‍ നടാനായി മാത്രം ഒരു യാത്രയെക്കുറിച്ച് ആലോചിച്ചത്. പെട്ടെന്ന് മനസ്സിലെത്തിയത് ഒരു കുന്നിന്‍പുറമാണ്.
മലയാളിത്തം വറ്റിയിട്ടില്ലാത്ത ഒരു തമിഴ്‌നാടന്‍ ഗ്രാമത്തിനരികിലാണ് ആ പ്രദേശം. പാറക്കൂട്ടങ്ങളും കുളങ്ങളുമുള്ള ആ മലമുകളില്‍ ഒരു ഭഗവതിക്ഷേത്രമുണ്ട്. പ്രാചീനമായ ഒരു ജൈനകേന്ദ്രം. ഒരു നൂറ്റാണ്ടു മുമ്പ് പുനഃപ്രതിഷ്ഠയിലൂടെ ഭഗവതിക്ഷേത്രമാക്കി മാറ്റി. ആര്‍ക്കിയോളജി വകുപ്പിന്റെ (ASI) സംരക്ഷണയിലാണ് ഇപ്പോള്‍ ഈ പ്രദേശം.
മുമ്പ് പല സംഘങ്ങള്‍ക്കൊപ്പവും ഒറ്റയ്ക്കും പലവട്ടം സന്ദര്‍ശിച്ചിട്ടുള്ള ഇടമാണ്. എന്നാല്‍ അത്തവണത്തെ യാത്ര വ്യത്യസ്തമായ അനുഭവമായി. കുഞ്ഞു കായ്കളുള്ള, കുഞ്ഞു പൂക്കളുള്ള, കുട്ടിക്കാലത്തെ പ്രിയങ്കരരായ കൂട്ടുകാരായിരുന്ന ചെടിത്തരങ്ങള്‍, ഇലിന്ത പോലുള്ള കാട്ടുചെടികള്‍, വള്ളിച്ചെടികള്‍, മുള്‍ച്ചെടികള്‍, കുഞ്ഞു പ്രാണികള്‍... ആദരവോടെ കണ്ണുകള്‍ അവയിലൂടെ കടന്നുപോയി. പലതരം മാവുകളും അയിനിയും പനയും ആലുമൊക്കെയുള്ള ആ ഭൂപ്രദേശത്തിന്റെ മുക്കിലും മൂലയിലും കാലുകളെത്തി. മലമുകളിലൂടെ താഴ്‌വാരത്തേക്ക് ഇറങ്ങിച്ചെന്നു. എല്ലായിടത്തും ഓരോ അശോകവിത്ത്. ക്ഷേത്രമുറ്റത്തും നട്ടു. ഈയിടെ വീണ്ടും ഈ ക്ഷേത്രത്തിലെത്തി. അതാ, വിത്ത് മുളച്ച് ചെടിയായിരിക്കുന്നു. ഇനിയത് മരമായി വളരും.
കുട്ടിക്കാലത്ത് താമസിച്ചിരുന്ന വീടിന്റെ തെക്കുപുറത്ത് ഒരു അശോകമരമുണ്ടായിരുന്നു. അതിന്റെ അഗ്നിവര്‍ണ്ണമാര്‍ന്ന പൂങ്കുലകളും വെയില്‍ ഇഴപാകിക്കിടക്കുന്ന തണലും ഒരു പൂര്‍വാഹ്നസ്വപ്നം പോലെ മനസ്സിലുണ്ട്.
എങ്കിലും, ഇപ്പോള്‍, ഈ നിമിഷം, ഓര്‍മ്മകള്‍ പിന്നോട്ടുള്ള സഞ്ചാരം നിറുത്തി മുന്നോട്ടു സഞ്ചരിച്ചു തുടങ്ങുന്നു. സുഹൃത്തേ, ഒരു വേനല്‍ക്കാലത്തുച്ചയ്ക്ക്, ജൈനക്ഷേത്രത്തിന്റെ മുറ്റത്ത് തീനിറമുള്ള പൂക്കളേന്തി നില്‍ക്കുന്ന അശോകമരത്തിന്റെ ചുവട്ടില്‍ നമ്മള്‍ കണ്ടുമുട്ടണമെന്ന - സ്വപ്നം പോലെ വിചിത്രമായ - ഭാവിയിലേക്കുള്ള ഒരു ഓര്‍മ്മ...
1 പ്രതികരണങ്ങള്‍
Sunday, August 8, 2010
നിന്റെ ഓര്‍മ്മയ്ക്ക്

നിന്നെക്കുറിച്ചുള്ള
പഴകാത്ത ഓര്‍മ്മയുമായി
വീണ്ടും ആഗസ്ത്.
ഓര്‍ക്കുന്നു; ആ ഞായറാഴ്ചയെ.
കി ണ റു ണ്ടാ യി
Labels: ഓര്‍മ്മ
0 പ്രതികരണങ്ങള്‍
Wednesday, August 26, 2009
നമത് വാഴ്‌വും കാലവും

നമത് വാഴ്‌വും കാലവും
ജി. രാജേഷ് കുമാര്‍ രചനകള്‍, സ്‌മരണകള്‍
രാജേഷ് സുഹൃദ്‌സംഘം, തിരുവനന്തപുരം
(ഫോണ്‍: 9447004779, 9447961370)
Labels: book review
0 പ്രതികരണങ്ങള്‍
Saturday, August 8, 2009
നിന്റെ ഓര്‍മയ്ക്ക്
വീണ്ടും അതേ ആഗസ്റ്റ്
നിന്റെ ഓര്‍മയുമായി......
0 പ്രതികരണങ്ങള്‍
Saturday, March 7, 2009
ആണത്തത്തിന്റെ പെണ്ണടയാളങ്ങള്‍
കച്ചേരിനടയിലെ വൈകുന്നേര സമ്മേളനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ചെയ്തതെന്തായിരുന്നു?
സ്ത്രീകളെ ഒന്നടങ്കം വീട്ടിലേക്കു തുരത്തി,ആണുങ്ങളുടെ വട്ടാരമ്പറയല്‍; ഓരോ രാഷ്ട്രീയ വിശദീകരണ യോഗവും വാഹനജാഥയും ധര്‍ണയും പൊതുസമ്മേളനവുംസൂത്രത്തില്‍-എന്നാല്‍ സമര്‍ത്ഥമായി- സ്ത്രീകളെ സാമൂഹ്യപരിധിക്ക് ഒരു ബൗദ്ധികപ്പാട് അകലത്തില്‍ അയിത്തം കല്‍പിച്ചു നിറുത്തി. സാഹിത്യസദസ്സിലും പ്രാദേശിക ഭരണകൂടത്തിന്റെ അക്കാദമിക് കൗണ്‍സിലിലും സഹകരണസംഘത്തിന്റെ ഡയറക്റ്റര്‍ ബോര്‍ഡിലും പെണ്‍സാന്നിധം ഒഴിവാക്കപ്പെട്ടു.സ്വതന്ത്ര കേരളത്തിന്റെ അമ്പതാണ്ടുകള്‍ അങ്ങനെയങ്ങ് കടന്നുപോയി.
ജയലളിതയും ജാനകിയും റാബ്രിയും മായാവതിയുമൊക്കെ അയല്‍നാടുകളില്‍ ഭരണാധികാരികളായപ്പോള്‍, പെണ്ണെഴുത്തില്‍(സ്ത്രീ സക്ഷരതയെന്നു തിരുത്തി വായിക്കുക) മുന്‍പന്തിയിലായിപ്പോയ കേരളം ഇനിയും പിറക്കാനിരിക്കുന്ന 'മഹാസംഭവത്തെ'(മാജിക്കല്‍ റിയലിസമെന്നു തിരുത്തുക), ഒമ്പതുമണി ചാനല്‍ വാര്‍ത്തയുടെ 'ടൈ'ചലനങ്ങള്‍ക്കും ഗര്‍ജനങ്ങള്‍ക്കും വിട്ടുകൊടുക്കാനായി, പൂഴ്ത്തിവച്ചിരിക്കുകയല്ലേ?
ഒരു കടലിരമ്പത്തെക്കുറിച്ചോര്‍ക്കാതെ വയ്യ. ഞങ്ങളുടെ കൊച്ചു മലയോര പട്ടണത്തിലെ അവസാനവണ്ടിയിലെ യാത്രക്കാര്‍... വലിയ ചരുവങ്ങളില്‍ മീനുമായി അപരാഹ്നത്തിലെത്തി, രാത്രി വൈകി മടങ്ങുന്ന കടലമ്മമാര്‍... അവരോട് തെര്‍ക്കിച്ചുനില്‍ക്കുന്നവരെ ശ്രദ്ധിച്ചിട്ടുണ്ടോ?
അങ്ങനെ അടുക്കളയില്‍നിന്ന് അരങ്ങിലെത്തുമ്പോഴോ? (അടിമകേരളത്തിന്റെ പെണ്‍മനസ്സ് കണ്ണീരും കിനാവും പുരണ്ട ഓട്ടുവളകളെറിഞ്ഞുകൊടുത്തത് എന്തിനായിരുന്നു!)
അരങ്ങിലെ തൊഴിലിടങ്ങളിലൊന്ന് അദ്ധ്യാപനമാണ്. വനിതാദ്ധാപകരാണ് കേരളത്തില്‍ അധികവും. പുരുഷാദ്ധാപകര്‍ കേവലം 30% മാത്രം.(അനംഗീകൃത സ്കൂളുകളൂടേതുൂ കൂടിയായാല്‍ നിരക്ക് ഇനിയും താഴും.)അദ്ധാപക സംഘടനകളുടെ നേതൃശ്രേണിയിലും സംസ്ഥാന സ്കൂള്‍ കലോത്സവം മുതല്‍ ചോദ്യക്കടലാസ് നിര്‍മ്മാണ-വിതരണ ഗ്രൂപ്പില്‍ വരെയും സുപ്രധാന സ്ഥാനങ്ങളില്‍ വനിതാധ്യാപകരുടെ പങ്കാളിത്തം എത്രത്തോളമെന്ന് ഊഹിക്കാമോ?
ഇന്ന് വനിതാദിനമാണെന്നോര്‍ക്കണം.
ഏറെക്കാലമായി മലയാളിവിനിമയങ്ങളില്‍ കിലുങ്ങുന്ന നാണയമാണ് വര്‍ഗ്ഗീയത/ഫാഷിസം എന്നീ പദങ്ങള്‍. നാം ഘോഷിച്ചത്രത്തോളം മാരകവും വിനാശവും ഭീതിദവുമാണോ, കേരളത്തെസ്സംബന്ധിച്ചിടത്തോളം വര്‍ഗ്ഗീയത/ഫാഷിസം? അതോ വ്യാജമായൊരു ബൗദ്ധിക വ്യായാമമോ? ഫാഷിസത്തെക്കുറിച്ചാവുമ്പോള്‍,ആന്‍ഫ്രാങ്കിനെയും കിറ്റിയെയും(ആനിന്റെ ഡയറി) മലയാളിക്ക് വിസ്മരിക്കാനാവില്ല. നാസി കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിനു തുല്യമല്ലെ കേരളത്തിലെ 'ആന്‍'മാരുടെ ജീവിതം? രഞ്ജിത മുതല്‍ അനഘ വരെ മാധ്യമങ്ങള്‍ കൊണ്ടാടിയ ഇരകള്‍ക്ക് പറയാനുള്ളത് ഫാഷിസത്തിന്റെ നവരൂപങ്ങളെക്കുറിച്ചാണെങ്കില്‍, ഒരു 'കിറ്റി' കേരളീയ സമൂഹത്തെ തുറിച്ചുനോക്കിക്കൊണ്ട് ഇരുളിലെവിടെയോ ഒളിപാര്‍ക്കുകതന്നെയാണ്...
വിശേഷിച്ചും, വനിതാദിന സന്ദേശം ഇങ്ങനെയാകുമ്പോള്‍:
പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ സ്ത്രീകളുടെ പ്രശ്നമല്ല; സാമൂഹ്യപ്രശ്നമാണ്.
1 പ്രതികരണങ്ങള്‍
Monday, January 5, 2009
നിലയ്‌ക്കാത്ത ശലഭമര്‍മ്മരം bUTTERFLY eFFECT
ബട്ടര്ഫ്ളൈ ഇഫക്ട്.....
ആദ്യകേള്‍വിയില്‍ത്തന്നെ മനസ്സില്‍ ഒരു ചിറകടി!
ഒരു കാവ്യകല്‌പനപോലെ ഹൃദ്യവും സുന്ദരവും അതേസമയം വിഭ്‌റമാകവുമായ ശാസ്‌ത്‌റീയ സങ്കല്‌പം. 20-ാം നൂറ്റാണ്ടിലെ ശാസ്‌ത്‌റധീഷണയെ അതു പ്‌റകോപിപ്പിച്ചു.
ബ്‌റസീലിലെ ഒരു ശലഭച്ചിറകടി ടെക്‌സാസില്‍ ചുഴലിക്കൊടുങ്കാറ്റുയര്‍ത്തുക!
പ്‌റശസ്‌ത കാലാവസ്ഥാ ശാസ്‌ത്‌റജ്ഞനും
മസാച്യുസെറ്റ്‌സ് ഇന്‍സ്‌റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ (MIT) പെ്‌റൊഫസറുമായ ഡോ. എഡ്വേര്‍ഡ് എന്‍. ലോറന്‍സ് തന്റെ പ്‌റഖ്യാതമായ
ക്‌റമരാഹിത്യ സിദ്ധാന്തത്തില്‍ (കെയോസ് തിയറി) എത്തിച്ചേര്‍ന്നത് പൂമ്പാറ്റച്ചിറകടിയിലെ യാദൃച്ഛികതയെ പിന്തുടര്‍ന്നാണ്.
കാലാവസ്ഥ പോലുള്ള സങ്കീര്‍ണ്ണമായ ചലനവ്യവസ്ഥകളില്‍, ആരംഭ നിലയിലെ (Initial condition) നേരിയ വ്യതിയാനം, അതിന്റെ ഭാവിവ്യവഹാരങ്ങളെ, പ്‌റവചിക്കാനാവാത്ത വമ്പിച്ച മാറ്റങ്ങള്‍ക്കിടയാക്കുമെന്ന് അദ്ദേഹം സിദ്ധാന്തിച്ചു.
1961 ല്‍ കാലാവസ്ഥ പ്‌റവചനത്തിനുള്ള
കമ്പ്യൂട്ടര്‍ മാതൃകകള്‍ രചിക്കുന്നതില്‍ വ്യാപൃതനായിരിക്കുകയായിരുന്നു, ഡോ. ലോറന്‍സ്. അന്തരീക്ഷമര്‍ദ്ദം, കാറ്റിന്റെ വേഗത എന്നിവ തമ്മിലുള്ള ബന്ധം വിശദമാക്കുന്ന 12 സമീകരണ(Equations) ങ്ങളിലൂടെ മാതൃകയുടെ പ്‌റവചനീയത പരിശോധിക്കുമ്പോള്‍ അതു കൃത്യമായിരുന്നു. എന്നാല്‍ രണ്ടാം വട്ടം ദത്തങ്ങളില്‍ വരുത്തിയ ഒരു ലഘൂകരണത്തിലൂടെ ( അതായത് .506127 എന്നത് .506 എന്ന് ചുരുക്കി) നിരീക്ഷണവിധേയമാക്കിയപ്പോള്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങളുണ്ടായി. നാലാമത്തെയോ അഞ്ചാമത്തെയോ ദശാംശസ്ഥാനത്തുണ്ടാക്കുന്ന നേരിയ മാറ്റം പോലും ഗുരുതരമായ പിശകിലേയ്‌ക്ക് നയിക്കുന്നുവെന്ന് ഇത് വെളിപ്പെടുത്തി. വളരെ ചെറിയ വ്യത്യാസങ്ങള്‍ മാത്‌റമുള്ള രണ്ടു കൂട്ടം തുടക്കനിലകള്‍ പരിശോധിക്കപ്പെട്ടപ്പോള്‍ അപ്‌റതീക്ഷിതവും ആ.ശ്ചര്യകരവുമായ പരിണാമം കമ്പ്യൂട്ടറില്‍ ദൃശ്യമായി.
അന്തരീക്ഷത്തിലുണ്ടാകുന്നഎാറ്റവും ചെറിയ ചലനം പോലും അപ്‌റതീക്ഷിതമായ പ്‌റത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ലോറന്‍സ് നിരീക്ഷിച്ചു. താപനില, ഈര്‍പ്പം, അന്തരീക്ഷമര്‍ദ്ദം, കാറ്റിന്റെ വേഗത എന്നിവയുടെ അളവിലുണ്ടാകുന്ന നേരിയ മാറ്റം കാലാവസ്ഥാ പ്‌റവചനത്തെ എങ്ങനെ ബാധിക്കുമെന്നതിനുള്ള തെളിവ് അദ്ദേഹത്തിനു ലഭിച്ചു.
ഒരു വ്യാഴാഴ്‌ച ലാസ് വെഗാസില്‍ ഉണ്ടാകുമെന്നു പ്‌റതീക്ഷിക്കപ്പെട്ട വര്‍ഷപാതം ഒരാഴ്‌ചയ്‌ക്കുശേഷം ബീജിങ്ങില്‍ അദ്ദേഹം കണ്ടെത്തി.

1962 ല്‍ കെയോസ് തിയറി(Chaos Theory) ക്കുറിച്ച് ഡോ. ലോറന്‍സ് അവതരിപ്പിച്ച പ്‌റബന്ധത്തെ ശാസ്‌ത്‌റലോകം പാടേ അവഗണിച്ചു. ലോറന്‍സിന്റെ സിദ്ധാന്തത്തെ ആസ്‌പദമാക്കി പില്‍ക്കാലത്ത്
Chaos: Making a New Science (1987) എന്ന പുസ്‌തകമെഴുതിയ, സുപ്‌റസിദ്ധ ശാസ്‌ത്‌റ രചയിതാവു കൂടിയായ
ജെയിംസ് ഗ്‌ളെയിക്ക് പറഞ്ഞു.
``ബട്ടര്‍ഫൈ്‌ള ഇഫക്ടിനെ കുറിച്ച് ആദ്യം കേട്ടപ്പോള്‍, ആശയപരമായി തീഷ്‌ണമാണെങ്കിലും അവാസ്‌തവികമെന്നു തന്നെ ഞാന്‍ കരുതി. എന്നാല്‍ അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്നു പിന്നീടു ബോധ്യമായി.''
ഒരു പതിറ്റാണ്ടിനുശേഷം കാലാവസ്ഥാ പ്‌റവചനത്തെ സംബന്ധിച്ച ഒരു പ്‌റഭാഷണത്തില്‍ എഡ്വേര്‍ഡ് ലോറന്‍സ് തന്റെ പ്‌റീയപ്പെട്ട ശലഭവിഷയം അവതരിപ്പിച്ചു. ശാസ്‌ത്‌റസമൂഹം അതിനു ചെവി നല്‍കി. അങ്ങനെ,
ആപേക്ഷികതാ സിദ്ധാന്തത്തിനും ക്വാണ്ടം ഫിസിക്‌സിനുമൊപ്പം ഇതുപതാം നൂറ്റാണ്ടിലെ മഹത്തായ ശാസ്‌ത്‌റ നേട്ടങ്ങളില്‍ മൂന്നാമതായി കെയോസും അംഗീകരിക്കപ്പെട്ടു. നോബല്‍ സമ്മാനത്തിനു പരിഗണിക്കപ്പെടാത്ത മേഖലകളിലെ നേട്ടങ്ങളെ ബഹുമാനിക്കുന്നതിനുവേണ്ടി
റോയല്‍ സ്വീഡിഷ് ശാസ്‌ത്‌റ അക്കാദമി എാര്‍പ്പെടുത്തിയ
കാര്‍ഫൂഡ് അവാര്‍ഡ് ലോറന്‍സിനു ലഭിച്ചു.
നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫറിക് ലാബറട്ടറിയിലെ മുതിര്‍ന്ന ശാസ്‌ത്‌റഗവേഷകനായ
ഐസക് ഹെല്‍ഡ് കെയോസ് സിദ്ധാന്തത്തിന്റെ വരവിനെ ഇങ്ങനെ വിലയിരുത്തുന്നു.
``അന്തരീക്ഷ പ്‌റതിഭാസങ്ങളും ലഘുസിദ്ധാന്ത മാതൃകയും തമ്മില്‍ സുപ്‌റധാന ബന്ധങ്ങളുണ്ടെന്നു സ്ഥാപിക്കാന്‍ ഡോ. ലോറന്‍സിനു സാധിച്ചതും കാലാവസ്ഥാ പ്‌റവചനത്തിന്റെ പരിമിതിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠനങ്ങളുമാണ് കെയോട്ടിക് ഡൈനാമിക്‌സ് എന്ന ശാഖയ്‌ക്ക് തുടക്കമായത്...''

സര്‍ ഐസക് ന്യൂട്ടനുശേഷം പ്‌റകൃതിയെക്കുറിച്ചുണ്ടായ വീക്ഷണത്തില്‍ എാറ്റവും നാടകീയമായ മാറ്റങ്ങള്‍ വരുത്തിയ ഒന്നാണ് കെയോസ് തിയറിയെന്ന്, 1991 ല്‍ അടിസ്ഥാന ശാസ്‌ത്‌റത്തിനുള്ള
ക്യോട്ടോ പുരസ്‌കാരം ഡോ. ലോറന്‍സിനു നല്‍കിക്കൊണ്ട് അവാര്‍ഡു കമ്മിറ്റി അഭിപ്‌റായപ്പെട്ടു.
വിക്ഷുബ്ധതയുടേയും ഭിന്നതകളുടേയും ശാസ്‌ത്‌റമാണ് കെയോസ്. രേഖീയ ശാസ്‌ത്‌റ നിയമങ്ങളെ ഉല്ലംഘിക്കുന്ന, തീര്‍ത്തും അരേഖീയമായ വ്യവസ്ഥകളിലാണ് കെയോസ് പ്‌റത്യക്ഷപ്പെടുന്നത്. ആനുപാതിക ക്‌റമങ്ങളെ പിന്തുടരാത്ത രീതിയെയാണ് അരേഖീയത എന്നു വിളിക്കുന്നത്. അതിനാല്‍ കെയോസ് സിദ്ധാന്തത്തെ അരേഖീയതയുടെ ശാസ്‌ത്‌റം (Science of Nonlinearity) എന്നു വിശേഷിപ്പിക്കാറുണ്ട്.
ചുരുക്കത്തില്‍, ചലനത്തിന്റെ അഥവാ പരിണാമത്തിന്റെ ആരംഭാവസ്ഥകളില്‍ ചില അരേഖീയ വ്യവസ്ഥകള്‍ക്കുണ്ടാകുന്ന സൂക്ഷമായ ആധിപത്യം അതിന്റെ തുടര്‍ച്ചാവസ്ഥകളില്‍ ക്‌റമബദ്ധമല്ലാത്തതും പ്‌റവചനത്തിനു വഴങ്ങാത്തതുമായി, വമ്പിച്ച മാറ്റങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് കെയോസിന്റെ മുഖ്യപ്‌റമേയം.
തുടക്കത്തില്‍ കേവലം ശാസ്‌ത്‌റ കൗതുകം മാത്‌റമായി കരുതപ്പെട്ട കെയോസ് തിയറി ഇന്ന് എല്ലുറപ്പുള്ള സ്വതന്ത്‌റ വിജ്ഞാനമായി വളര്‍ന്നു കഴിഞ്ഞു. ശാസ്‌ത്‌റത്തിന്റേയും മാനവിക വിഷയങ്ങളുടേയും ഭിന്നമേഖലകളിലേയ്‌ക്ക് അതിനെ ഹസ്‌തദാനം ചെയ്‌തു സ്വീകരിച്ചു കഴിഞ്ഞു. ജീവശാസ്‌ത്‌റം, സമ്പദ്‌ശാസ്‌ത്‌റം, ഫിലോസഫി, പൊളിറ്റിക്‌സ്, മെഡിസിന്‍, എഞ്ചിനീയറിംഗ്, ഇലക്‌ട്‌േറാണിക്‌സ്, രസതന്ത്‌റം, സാമൂഹികശാസ്‌ത്‌റം തുടങ്ങിയ വിവിധ തുറകളില്‍ കെയോസ് സിദ്ധാന്തം സ്വീകരിക്കപ്പെടുകയും ഗവേഷണ പ്‌റവര്‍ത്തനങ്ങളില്‍ പുതുവാതായനങ്ങള്‍ തുറക്കുകയും ചെയ്‌തിരിക്കുന്നു.
കെയോസ് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ഡോ. എഡ്വേര്‍ഡ് നോര്‍ട്ടന്‍ ലോറന്‍സ് 2008 എാപ്‌റില്‍ 14-ന് 90-ാം വയസ്സില്‍ അന്തരിച്ചു.
ഒരു ശലഭച്ചിറകടിയുടെ ഓര്‍മ്മ ബാക്കിവച്ചുകൊണ്ട്
0 പ്രതികരണങ്ങള്‍
Saturday, December 27, 2008
ബാര്‍ബറോ ഫാര്‍മറോ

വെള്ളിനക്ഷത്രം ചലച്ചിത്ര വാരികയുടെ 1017 ലക്കത്തില്‍ Balcony എന്ന പംക്തിയില്‍ എസ്. അനില്‍കുമാര്‍ എന്നൊരാള്‍ എഴുതുന്നു:
ഹൃദ്യമായ യെല്ലോ ഹൗസ് തിരുവനന്തപുരത്തു സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ച അപൂര്‍വം ചിത്രങ്ങളിലൊന്നാണ് യെല്ലോ ഹൗസ്.
സാധാരണക്കാരെക്കുറിച്ചുള്ള ലളിതമായ കഥയുടെ ഹൃദ്യമായ ആവിഷ്കാരമാണ് യെല്ലോ ഹൗസിനെ പ്രിയപ്പെട്ടതാക്കിയത്.
കിഴക്കന്‍ അള്‍ജീരിയയിലെ ഓറിസ് മലമുകളില്‍ താമസിക്കുന്ന ഒരു ബാര്‍ബര്‍ കുടുംബം. മാതാപിതാക്കളും മൂന്നു പെണ്‍മക്കളും. അവരുടെ ഏക മകന്‍ ഒരു അപകടത്തില്‍ മരിക്കുന്നു.
വളരെ ദൂരെ അപകടം നടന്ന സ്ഥലത്തേക്ക് പിതാവ് ട്രാക്‍ടറില്‍ യാത്രയാവുന്നു. പ്രയാസങ്ങളെല്ലാം മറികടന്ന് അവിടെച്ചെന്ന് അയാള്‍ മകന്റെ മൃതദേഹവുമായി മടങ്ങിവരുന്നു. മകന്റെ മൃതദേഹം കുന്നിന്‍മുകളില്‍ സംസ്കരിച്ചു.
മകന്റെ മരണത്തോടെ അമ്മയ്ക്ക് ഊണും ഉറക്കവും ഇല്ലാതായി. ഭാര്യയ്ക്ക് കൈവിട്ടുപോയ സന്തോഷം തിരികെ കൊടുക്കുക എന്നതായി പിന്നെ ഭര്‍ത്താവിന്റെ ലക്ഷ്യം. അതിനാടകീയതയും സംഭവബഹുലമായ രംഗങ്ങളുമല്ല ഒരു സിനിമയ്ക്ക് ആത്മാവ് നല്‍കുന്നതെന്ന് വീണ്ടും തെളിയിക്കുന്ന മനോഹരമായ ഒരു കൊച്ചു ചിത്രമാണ് യെല്ലോ ഹൗസ്.
സത്യത്തില്‍, ഈ ചിത്രം കണ്ട ഏതൊരാളും ഞെട്ടിപ്പോകുന്ന ഒരു പ്രസ്താവം ഈ റിപ്പോര്‍ട്ടിലുണ്ട്. ഒരു കൃഷീവല കുടുബത്തിലെ പട്ടാളക്കാരനായ മകനുണ്ടാകുന്ന ദുരന്തമാണ് വാസ്തവത്തില്‍ ഈ സിനിമ കൈകാര്യം ചെയ്യുന്നത്. കൃഷിക്കാരന്‍ എങ്ങനെ ബാര്‍ബറായി?
അതന്വേഷിക്കുമ്പോള്‍ മറ്റൊരു കൗതുകത്തിലെത്തും.
iffk 2008 Hand Book page 20 The Yellow House
Direction, Screenplay: Amor Hakkar
A wonderful and simple story about simple people. a Berber family, consisting of a mother, father and three daughters, live in a house on a hill in Aures mountains in eastern Algeria.
സാധാരണക്കാരായ മനുഷ്യരെക്കുറിച്ചുള്ള അദ്ഭുതകരവും ലളിതവുമായ കഥ. കിഴക്കന്‍ അള്‍ജീരിയയിലെ ഓറിസ് മലകള്‍ക്ക് മുകളില്‍ മാതാപിതാക്കളും മൂന്നു പെണ്‍മക്കളുമടങ്ങുന്ന ഒരു ബാര്‍ബര്‍ കുടുംബംതാമസിക്കുന്നു.
ചലച്ചിത്ര അക്കാദമി നിയോഗിച്ച ഏതോ മിടുക്കന്‍ (മിടുക്കന്റെ സ്ത്രീലിംഗമെന്താണ്, മിടുക്കിയെന്നോ മിടുക്കിനിയെന്നോ?) BERBER FAMILY എന്ന പദം ബാര്‍ബര്‍ കുടുംബം എന്നു മൊഴിമാറ്റിയിരിക്കുന്നു!
വെള്ളിനക്ഷത്രം ലേഖകന്‍ ചിത്രം കാണാതെ കൈപ്പുസ്തകം നോക്കി ആസ്വാദനം തയ്യാറാക്കിയതാണോയെന്ന് ഭയപ്പെട്ടുപോകുന്നു.
യെല്ലൊ ഹൗസില്‍, അണ്ണന്റെ ഖബറടക്കത്തിനു ശേഷമുള്ള ദുഃഖിതമായ ദിനങ്ങളിലൊന്നില്‍ അനിയത്തി അപ്പനോട് ചോദിക്കുന്നുണ്ട്, ഉരുളക്കിഴങ്ങിനു വില കുറയുന്നതിനു മുന്‍പ് നമുക്ക് അതൊക്കെ വിറ്റഴിക്കണ്ടേയെന്ന്. വേണമെന്ന് അപ്പന്‍ മറുപടി പറയുന്നുമുണ്ട്.
അതല്ലെങ്കില്‍ത്തന്നെയും, അവര്‍ കൃഷിക്കാരാണെന്നതിനു സംശയമെന്തിന്?
Hundred sleepers washed away എന്ന ടെലിപ്രിന്റര്‍ മെസേജ് 'നൂറ് ഉറക്കംതൂങ്ങികള്‍ ഒലിച്ചുപോയി' എന്ന് പരിഭാഷപ്പെടുത്തിയതായി പ്രചരിക്കുന്ന പത്രപ്രവര്‍ത്തന നര്‍മ്മങ്ങളിലൊന്നായി ബാര്‍ബര്‍ കുടുംബവും മാറുമോ? മാറാതിരിക്കട്ടെ!
യെല്ലൊ ഹൗസില്‍ ഭാര്യയുടെ ദുഃഖത്തിന് ഔഷധം തേടിപ്പോകുന്ന ഭര്‍ത്താവിന് വൈദ്യന്‍ നല്‍കുന്ന ഉപദേശം, കുറേനാള്‍ ഗ്രാമത്തില്‍ പോയി താമസിക്കാനാണ്. വൈദ്യനോട് അയാള്‍ പറയുന്നു, ഇപ്പോള്‍ത്തന്നെ ഞങ്ങള്‍ താമസിക്കുന്നത് കുഗ്രാമത്തിലാണല്ല്ലോ, എന്നും!
0 പ്രതികരണങ്ങള്‍
അതൊരു മരമായി വളരട്ടെ