Tuesday, 18 March 2025

 പതിറ്റാണ്ട്!

ഒരു വാക്കിനെ വസ്ത്രമെന്ന പോൽ ഇഴപിരിച്ചെടുക്കാൻ ഒരാൾക്കു തോന്നുമ്പോൾ, ആ വാക്ക് അതിന്റെ സമഗ്രതയിൽ തുണ്ടമാകാൻ തുടങ്ങുന്നു. തെരഞ്ഞെടുക്കപ്പെട്ട വാക്ക് പതിറ്റാണ്ട് (ദശാബ്ദം എന്നുമാകാം) എന്നാണ്.


വസ്ത്രമെന്നതു പോലെ എന്നു പറയുമ്പോൾത്തന്നെ അതിന്റെ പിൻപുറത്ത് ബുദ്ധൻ കയറിവന്നേക്കാം.

അപ്പോൾ നിങ്ങൾ നേരിയൊരു മാറ്റം വരുത്താൻ ശ്രമിക്കും.


ബുദ്ധന്റെ മധുരനാരങ്ങ കഥപോലെ.

പക്ഷേ ആ ഉപമ തീർത്തും തെറ്റായിത്തീരാം.

അതിനാൽ ബുദ്ധനെ അകറ്റിനിർത്തുക.


ഒരു ഗ്രാമവാസി പിഞ്ഞിത്തുടങ്ങിയ തന്റെ വസ്ത്രത്തെ സൂക്ഷ്മമായി പരിശോധിക്കുന്നതു പോലെ.


അതൊരു സമീപനമാണ്.

എന്തെന്നാൽ, പൊതുവിടത്തിൽ അല്ലെങ്കിൽ നിങ്ങൾക്ക് പ്രധാനമെന്നു തോന്നുന്ന ഒരു സവിശേഷസന്ദർഭത്തിലേക്ക്, എന്തിന് നിങ്ങളുടെ തൊഴിലിടത്തിലേക്ക് അത്തരം പിഞ്ഞിത്തുടങ്ങിയ വസ്ത്രം ധരിക്കാൻ നിങ്ങൾക്ക് ധൈര്യമുണ്ടാവില്ല. എന്നാലോ? ഗ്രാമവാസിയായൊരാൾക്ക് അത് സാധ്യമാവും. അതായത് ഒരു വിശകലനപദ്ധതിയിലൂടെ കടന്നുപോകുമ്പോൾ ഗ്രാമവാസിയും നിങ്ങളും തമ്മിൽ അടിസ്ഥാനപരമായി ഉണ്ടാകുന്ന അകലത്തെ പരിഗണിക്കാതിരിക്കാനാവില്ല. എന്തെന്നാൽ, വിശകലനസന്ദർഭത്തെ വസ്തുനിഷ്ഠമെന്നപോലെ ആത്മവത്തായിക്കൂടി സ്പർശിക്കേണ്ടിവരും.


എന്നാൽ ആ വാക്കോ?

ഒറ്റ വാക്കെന്നു തോന്നും വിധം കൂട്ടിയോജിപ്പിക്കപ്പെട്ടതാണ്.


അർത്ഥമോ?

സംശയാസ്പദമെന്നു തന്നെ തോന്നുന്നില്ലേ?


സംസാരിക്കുന്ന നിമിഷത്തിൽ നിന്ന് നേർരേഖ വലിച്ചാൽ എത്തിച്ചേരുന്ന ഇടുക്കിൽ നിന്നു തുടങ്ങുന്നതോ, അതോ ഓരോ പത്തു പത്താണ്ടിനെ കുറിക്കുന്നതോ? പൊതുവിൽ രണ്ടാമത്തേതിനെ അംഗീകരിക്കാനാണ് ഏറെപ്പേർക്കുമിഷ്ടം. എഴുപതുകളുടെ വസന്തം, തൊണ്ണൂറുകളിലെ പിള്ളേർ എന്നൊക്കെ പറയുന്നവരാണവർ. പക്ഷേ ഇവിടെ, ഒരു ഇടുക്കിൽ നിന്ന് തുടങ്ങി, വിറയ്ക്കുന്നൊരു ചൂണ്ടാണിവിരൽ പോലെ...


ഇനി ഓർക്കാൻ ശ്രമിക്കൂ.

തുടക്കത്തിലെ ഗ്രാമവാസിയെപ്പോലെ പത്ത് ആണ്ടുകളെ വിരലിണകളിലൂടെ ഇഴയിഴയായി വിടർത്തിയെടുക്കാനാവുന്നൊരാളാണോ നിങ്ങൾ?


ഒമ്പത്

എട്ട്

എന്നിങ്ങനെ...


മറ്റൊരുപമയാകാം. ഒരിക്കലും വിമാനയാത്ര ചെയ്തിട്ടില്ലാത്ത ഗ്രാമത്തിലെ സ്കൂൾ വിദ്യാർത്ഥി വിമാനത്തെ കാണുന്നതുപോലെയാകുമോ ഒരു വിമാനയാത്രികൻ ആ ഗ്രാമത്തെ കാണുന്നതുപോലെയാകുമോ നിങ്ങൾ പതിറ്റാണ്ടിനെ വിശകലനം ചെയ്യുന്നത്?


ഇരിക്കട്ടെ, ഈ നിമിഷം മുതൽ -കടന്നുപോയ പത്താണ്ടുകളെ - ഓർത്തോർത്തെടുക്കുമ്പോൾ (ഹാ,) നിങ്ങളെ നിങ്ങളല്ലാതെയൊന്ന് നോക്കൂ.


നിങ്ങളുടെ വിരലുകൾക്കുള്ളിലൂടെ കടന്നുപോകുന്ന വസ്ത്രം. അതിനുള്ളത് ഒരേയൊരു പേര്. പതിറ്റാണ്ട്. നിങ്ങൾ അനുകരിക്കാൻ ശ്രമിക്കുന്നത് ഒരു ഗ്രാമവാസിയെ. എന്നിട്ടും നിങ്ങളുടെ മറവിക്കു പിന്നിൽ നിന്ന് മുൻ നിരയിലേക്ക് തള്ളിവരുന്നതെന്താണ്? ഒരു ഗവേഷകന്റെ വാക്കുകൾ അഥവാ മഹത്തായ കണ്ടെത്തൽ. അയാൾ ഒരിക്കൽ പറയുന്നത്, പിന്നീട് സ്ഥാപിക്കുന്നത് [തീർച്ചയായും അതിൽ അന്തർലീനമാണ് നേരം എന്ന ആശയം] അവ്യവസ്ഥവും അരേഖീയവുമായ ഒരു ഘടനയുടെ 'തുടക്കനിലയിലുണ്ടാകുന്ന അതിസൂക്ഷ്മമായൊരു വ്യതിയാനം (ഗത്യന്തരം എന്നു വിളിക്കുന്നു) പോലും അതിന്റെ  ഒടുക്കത്തെ പ്രവചനാതീതമാക്കുന്നുവെന്നാണല്ലോ.


ഈ കഥയിൽ കടന്നുവന്നേക്കാവുന്ന വിമാനവും കുട്ടിയും ഉൾക്കൊള്ളുന്ന ഭൂപ്രദേശത്തിന്റെ ഇളമപ്പെടൽ ഉറപ്പായും നിങ്ങളുടെ ആലോചനയിലൂടെ ഒരു നിമിഷം കടന്നുപോയേക്കാം. കുട്ടിയുടെ ഭൂമിശാസ്ത്രം അവന്റെ ഗ്രാമമാണ്. അത് അവന്റെ യാഥാർത്ഥ്യവുമാണ്. അവൻ അതിൽ ലയിച്ചിരിക്കുന്നു. അവന്റെ ഓർമ്മയുടെ വേർപ്പടർപ്പുകൾ, അവിടത്തെ കാറ്റിലും ചെളിമണത്തിലും ലയിച്ചുകിടക്കുന്നു. നിശ്ചയമായും അതിന്റെ ആകാശത്തിലൂടെ പറക്കുന്ന വിമാനം (മറ്റൊരിക്കൽ പറവപ്പറ്റം) ആ ഭൂമിശാസ്ത്രത്തിന്റെ ഭാഗമാണ്. കുറച്ചുകൂടി തെളിച്ചപ്പെടുത്തിയാൽ, കുട്ടിയുടെ കണ്ണിൽപ്പെടുന്ന വിമാനം ആ ഭൂദൃശ്യത്തിന്റെ ഭാഗമായി അവൻ മനസ്സിലാക്കുന്നതിനാൽ, ആ ഒരുനിമിഷത്തിന്റെ ഓർമ്മയിൽ സഞ്ചരിക്കുന്ന വിമാനം കൂടി ഉൾക്കൊണ്ട ഗ്രാമമാണവന്റേത്. അവനെ സംബന്ധിച്ചിടത്തോളം  ഒരൊറ്റ നിമിഷം! ഒരു നിമിഷത്തിന്റെ ആഓർമ്മ നിറങ്ങൾ നിറഞ്ഞതും അമരവുമാണ്. മരണമില്ലാത്തൊരു സ്മരണ. എന്നാൽ നിങ്ങളെ വിമാനത്തിലെ യാത്രികനായി സങ്കൽപ്പിക്കൂ. കടന്നുപോകുന്ന ഭൂദൃശ്യങ്ങളിൽ ഏതോ ഒന്നു മാത്രമാണ് നിങ്ങൾക്ക് ആ ഗ്രാമം. അത് നിങ്ങൾക്ക് സ്വന്തമല്ല. ചെളിപുരണ്ട പാദങ്ങളുമായി നിന്ന് വിമാനത്തിനു നേരെ കൈവീശുന്ന കുട്ടി നിങ്ങൾക്ക് ആരുമേയല്ല. അത്രയും നിസ്സാരപ്പെട്ടതെന്തോ മാത്രമാണ് നിങ്ങൾക്കത്. അവനോ? താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത യാത്രക്കാരുൾപ്പെടെ ആ വിമാനക്കാഴ്ച തന്റെയും തന്റെ ഗ്രാമത്തിന്റെയും സ്വന്തമാണുതാനും. രണ്ട് അകലങ്ങൾ തമ്മിലും രണ്ട് സമീപനങ്ങൾ തമ്മിലും ഇങ്ങനെയൊക്കെയാകാം.


പതിറ്റാണ്ടിനെ വിശകലനം ചെയ്യാൻ ഒരുമ്പെടുന്നൊരാളാണ് നിങ്ങളെങ്കിൽ പശ്ചാത്തലത്തിൽ നിന്ന് ഒരു ഭൂതം നിങ്ങളെ പിടികൂടും. പുരാതനമായ ഒരു ഗന്ധംപോലെ. അതിന്റേ പേര് ഭൂതകാലം എന്നാണ്.


നോക്കൂ, പുരാതനമായ ആ ഗന്ധം രണ്ടക്ഷരമുള്ള ഒരു പദത്തെയും അതിനകത്തുള്ള നിരവധി കുടുക്കുകളെയും വേദനപുരണ്ട അഴലലോടെ, നീരാവിപോലെ പൊതിയുന്നില്ലേ? നിശ്ശബ്ദവിലാപങ്ങളുടെ ഒരു കൊളുത്ത്. പൂട്ടിപ്പോയ ഇറച്ചിക്കടയുടെ വാരിയിലെ ലോഹക്കൊളുത്തുപോലെ. അത് നിങ്ങളിൽ തറഞ്ഞിട്ടില്ലെങ്കിൽ, അറിയുക, ആ ലോഹവളയത്തിൽ വെള്ളമൊലിക്കുന്ന വസ്ത്രം പോലെ ഞാന്നുകിടന്നിട്ടുള്ള ചോരയിറ്റുന്ന മാംസളതയ്ക്കു പിന്നിൽ വിലാപങ്ങളും അമർത്തിപ്പിടിച്ച ദീനമായ നോട്ടവും നിശ്ശബ്ദമായ വാക്കുകളും ഉണ്ടായിരുന്നിരിക്കണം.

(അപൂർണ്ണം)

പതിനെട്ട് മാർച്ച് ഇരുപത്തിയഞ്ച്

-ഒന്ന്- #പതിറ്റാണ്ട്  #ചോരക്കുറിപ്പുകൾ


0 അഭിപ്രായ(ങ്ങള്‍):