ദൂരെ എന്നത് ഒരു സ്ഥലത്തിന്റെ പേരാണ്. അമ്മൂമ്മക്കഥകളിലാണ് മിക്കാവാറും ആ സ്ഥലത്തിന്റെ സ്ഥാനം, (ഓരോ വ്യക്തിയിലും) ആദ്യമായും നിരന്തരവും അടയാളപ്പെടുത്തിത്തുടങ്ങാറുള്ളത്. കഥയുടെ കൗതുകത്തിന്റെ അടിവരയും കഥയിലേക്കു വെളിച്ചം വലിക്കുന്ന മാന്ത്രികവിളക്കുമാണത്. 'ദൂരെ' എന്നത് ഒരു സ്ഥലത്തിന്റെ പേരു തന്നെയെന്ന് മുതിർന്നതിനു ശേഷവും പലരും വിശ്വസിക്കുന്നുണ്ടാവണം.
ദൂരെ ഒരു നാട്ടിൽ അല്ലെങ്കിൽ ദൂരെ ഒരു രാജ്യത്ത് എന്നു തുടങ്ങുന്ന കഥകളിലൊക്കെ നാട്ടിന്റെ പേരിനെ അരുമപ്പെടുത്തുന്ന പ്രവൃത്തിയോ സ്ഥാനമോ അതിനുണ്ട്.
അളവുരീതികൾ പരിശീലിക്കുന്ന കാലത്തു പോലും കഥയിലലിഞ്ഞ ദൂരെ എന്ന വാക്കിനെ ആരും ഗൗനിക്കാറില്ല; ദൂരെ എന്ന വാക്കിന് ദൂരം അഥവാ അകലം എന്ന് അർത്ഥമുണ്ടെങ്കിലും.
ഗോലികളിക്കുന്ന ആൺകുട്ടികളെ ശ്രദ്ധിച്ചാൽ അളവിന്റെ അയവുകോൽ അറിയാനാകും. അവർ ചെയ്യുന്നത് യഥാർത്ഥത്തിൽ ദൂരമളക്കലാണ്. കാൽച്ചുവടുകൾ കൊണ്ടും കൈവിരലുകൾ കൊണ്ടുമാണ് അത് നിർവഹിക്കുന്നത്. പക്ഷേ അതിനു കാലങ്ങളായി കണ്ടെത്തിയിട്ടുള്ള വാക്ക് 'മുഴം' എന്നാണ്. മുഴമളക്കുന്നെന്നാണ് പറയാറുള്ളത്. അപ്പൊഴൊക്കെ ദൂരം എന്ന ഭാവനെയെപ്പോലും കഥയ്ക്കുള്ളിൽനിന്ന് കളിയിലിലേക്കോ തിരിച്ചോ അവർ ലയിപ്പിക്കാറുണ്ടോ എന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചാൽ എന്തുത്തരം ലഭിക്കുമെന്നറിയില്ല.
ഉത്തരത്തിനു വേണ്ടി ഒരു നാണയമെറിഞ്ഞാലോ?
അതെ, അതാണ്. നാണയമെറിയൽ.
കളികളിൽ അങ്ങനെ ഒരു രീതിയുണ്ട്.
എറിയുന്നവന്റെ തള്ളവിരലിനും നാണയമെത്തിച്ചേരുന്ന അതിന്റെ ആകാശത്തിനുമിടയിൽ, തിരികെ നിലത്തെത്തും വരെയുള്ള നാണയത്തിന്റെ പിടച്ചിൽ (അങ്ങോട്ടുള്ള പറക്കലും തിരിച്ചിറങ്ങലും).
ആ പിടച്ചിൽ നാണയത്തിന്റെ സഞ്ചാരവേഗത്തിനുള്ളിലാണെങ്കിലും അത് അടയാളപ്പെടുത്തുന്നത് രണ്ട് നോട്ടങ്ങളിലാണ്. ആകാശത്തേക്കു കുതിക്കുമ്പോൾ ഉയർന്നുപോകുന്ന കണ്മുനകൾ. നാണയമിറങ്ങലിന്റെ നേരത്ത് താഴേക്കുള്ള നോട്ടം.
എറിയുന്നവനെ മാറ്റിനിർത്തിയാൽ, കളിക്കുന്നവന്റെയും കളി കാണാനെത്തിയവന്റെയും ഉദ്വേഗത്തിന്റെ നിമിഷങ്ങൾ കൂടിയാണ്.
നിലത്തെത്തിയ നാണയം തീർച്ചപ്പെടുത്തലാണ്.
എല്ലാ നാണയങ്ങൾക്കുമല്ല, ചില സവിശേഷ നാണയങ്ങൾക്കാണ് ഉയർന്നുപറക്കാനും താണിറങ്ങാനും തീർച്ചപ്പെടുത്താനും അവസരം കിട്ടുന്നത്.
എന്നാൽ അവയോ?
അവയുടെ ഇരുപുറങ്ങൾക്കും രണ്ടു മൂല്യമല്ല കല്പിക്കപ്പെട്ടിട്ടുള്ളത്. ഷൈലോക്കിന്റെ അക്കവ്യവസ്ഥയിൽ ചിന്തിക്കുമ്പോൾ അങ്ങനെയാണ്. ബീഡിസിഗരറ്റ് വാങ്ങാൻ നാണയത്തിന്റെ ഏതു പുറം നീട്ടിയാലും ഒരേ മൂല്യം തന്നെ.
കളിക്കളത്തിലെ കുട്ടിയുടെ അളവിനെ ശ്രദ്ധിച്ചിട്ടുണ്ടോ?
രണ്ട് ഗോലികൾക്കിടയിലുള്ള അകലം കുറഞ്ഞിരിക്കണമെന്ന ആഗ്രഹത്തോടെയാണ് ഓരോ ചുവടും കൊണ്ട് മുഴമളക്കുന്നത്. ഒരു വിരലിട പോലും അകലം കൂടരുതെന്നുള്ളത് അവന്റെ ശ്രദ്ധയും ആഗ്രഹവുമാണ്. അതിനുവേണ്ടി അവൻ തർക്കിച്ചുനിൽക്കുന്നതു പോലും കാണാം.
നാണയത്തിന്റെ ഒരുപുറം പോലെ, ഈ എഴുത്തിന്റെ തുടക്കത്തിലുള്ള വാക്ക് ഒന്നുകൂടി വായിക്കൂ.
ആ വാചകം തന്നെ വായിക്കൂ.
"ദൂരെ എന്നത് ഒരു സ്ഥലത്തിന്റെ പേരാണ്" എന്നല്ലേ താങ്കൾ വായിച്ചത്. അമ്മുമ്മക്കഥയിലെ ആ സ്ഥലത്തെ നിങ്ങൾ പരിചയപ്പെട്ടത് എങ്ങനെയായിരുന്നു?
മുഴമളക്കുന്ന കുട്ടിയെപ്പോലെയല്ലേ? ഒരു വിരലിടപോലും അകലമില്ലാതെ ആ ഇടത്തോട് ചേർന്നുനിൽക്കുകയായിരുന്നില്ലേ നിങ്ങൾ? കഥ പറഞ്ഞയാൾ അത്രത്തോളം ചേർത്തുനിർത്താൻ വേണ്ടിയായിരുന്നില്ലേ ആ വാക്ക് പ്രയോഗിച്ചിട്ടുള്ളത്?
അങ്ങനെയെങ്കിൽ അതിന്റെ മറുപുറമോ?
തീർച്ചയായും അത് അകലമിടലിന്റേതാണ്. ഷൈലോക്കിന്റെ യുക്തിയാണത്. കഥയിലും കളിയിലും ഇല്ലാതെപോകുന്നത്.
അമ്മുമ്മ പറയുന്ന കഥയിലുള്ള ദൂരെ എന്ന സ്ഥലത്തിന് അക്കരെയെന്നും കേൾക്കുന്ന കുട്ടിയിരിക്കുന്ന സ്ഥലത്തിന് ഇക്കരെയെന്നും വിളിച്ചാലോ?
ചൈത്രനും മൈത്രനും എന്ന പാഠപുസ്തകക്കഥയെ മറന്നശേഷം, അതിലെ കഥാപാത്രങ്ങളെക്കൊണ്ട് ഈ ആശയം പൂരിപ്പിക്കാൻ തുടങ്ങൂ.
ചൈത്രനും മൈത്രനും നല്ല കൂട്ടുകാരായിരുന്നു. ഒരിക്കൽ ചൈത്രന്റെ ജന്മനാളായിരുന്നു. അവന് ഒരു സമ്മാനം കൊടുക്കണമെന്ന് മൈത്രൻ കരുതി. പ്രിയപ്പെട്ട ഒരു സമ്മാനവസ്തുവിനു വേണ്ടി മൈത്രൻ കാൽനടയായി എവിടെല്ലാമോ അലഞ്ഞു. പലപല കടകളിൽ കേറിയിറങ്ങി. ഒടുവിൽ സമ്മാനവുമായി ചൈത്രന്റെ ഭവനത്തിലെത്തി. ചൈത്രൻ സ്നേഹപൂർവ്വം സമ്മാനം സ്വീകരിച്ചുകൊണ്ട് മൈത്രനോട് നന്ദി പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ മൈത്രന്റെ ജന്മനാളായി. മൈത്രന് ഒരടിപൊളി സമ്മാനം നൽകാൻ ചൈത്രൻ തീരുമാനിച്ചു. അവൻ ഓൺലൈൻ വഴി മനോഹരമായ സമ്മാനം തെരഞ്ഞെടുത്ത് മൈത്രനു നൽകി.
കഥ വായിച്ചല്ലോ.
നിങ്ങൾ എത്തിച്ചേരാവുന്ന നിഗമനമെന്താണ്.
1. മണ്ടനായ മൈത്രൻ (വിശദീകരണം വേണ്ടല്ലോ).
2.(ഇത്രയും നേരത്തെ വായനയുടെ അടിസ്ഥാനത്തിൽ) - ഒരു കുട്ടി മുഴമളക്കുന്നതു പോലെ എത്ര സൂക്ഷ്മമായും സ്നേഹപരിഗണനകളോടെയുമാണ് മൈത്രൻ സമ്മാനം തെരഞ്ഞെടുക്കാൻ പുറപ്പെട്ടത്. അതിനുവേണ്ടി അവൻ നീക്കിവച്ച സമയത്തെ മാനിക്കുക തന്നെ വേണം.
നിങ്ങളുടെ തോന്നൽ രണ്ടിലേതായാലും നിങ്ങൾ ശ്രദ്ധിക്കാതെ പോയ ഒന്ന് ഈ കഥയിലുണ്ട്.
ഈ കഥയുടെ ഭൂ/മി/ശാ/സ്ത്രം/
മുത്തശ്ശി പറഞ്ഞ കഥയെ അടിസ്ഥാനമാക്കി ആലോചിച്ചുനോക്കൂ. അതിലെ ദൂരെ എന്ന സ്ഥലത്തെ നിങ്ങൾക്ക് അക്കരെ എന്നു വിളിക്കാം. കഥ കേട്ടിരുന്ന നിങ്ങളും മുത്തശ്ശിയും വസിക്കുന്ന ഇടത്തെ ഇക്കരെ എന്നും പറയാം. അങ്ങനെയെങ്കിൽ, ഇക്കരെയുമായി അക്കരെയെ ചേർത്തുനിർത്തുന്നൊരു തോന്നൽ ജനിപ്പിക്കുകയായിരുന്നില്ലേ ആ കഥ പറച്ചിലുകാരി ചെയ്തുകൊണ്ടിരുന്നത്? ഈ കഥയിൽ നിങ്ങൾ ശ്രദ്ധിച്ചിട്ടുള്ളതുപോലെ ചൈത്രനും മൈത്രനും തമ്മിലുള്ള പരസ്പരസ്നേഹം, സമ്മാനക്കൈമാറ്റങ്ങൾക്കൊപ്പം പ്രകടവുമാണ്. അല്ലേ? രണ്ടിൽ ഏതു തെരഞ്ഞെടുത്താലും അതിന് ഉടവുണ്ടാവില്ലതന്നെ. തീർച്ചയായും ഈ കഥ സംഭവിക്കുന്നത് ഇക്കരെയാണ്.
ഈ കഥയെ മാറ്റിയെഴുതിയാൽ എങ്ങനെയാവും?
ചൈത്രൻ അക്കരെവാസിയാണെന്നു കരുതുക. മൈത്രൻ ഇക്കരെയും.
ചൈത്രന്റെ ജന്മദിന സമ്മാനമായി മൈത്രൻ നാടലഞ്ഞ് കണ്ടെത്തിയത് ഒരു നാരങ്ങാമുട്ടായി ആണെന്നു കരുതൂ. മറ്റൊരാൾ ഒരു പിറന്നാൾക്കേക്കും. ചൈത്രൻ ഇതിൽ ഏതാകും സ്വീകരിക്കുക?
ഉത്തരം താങ്കൾ തീരുമാനിച്ചാൽ മതി.
അതുകൊണ്ടാണ് ഇക്കരെയുള്ളതിനെ കഥയെന്നും അക്കരെയുള്ളതിനെ ചരിത്രം എന്നും പറയാറുള്ളത്.
അകലത്തെയും അടുപ്പത്തെയും കുറിക്കുന്ന രണ്ടു കരകളെ നിങ്ങൾക്ക് പരിചയമില്ലാതിരിക്കില്ല - എന്തെന്നാൽ, ദൂരെ എന്നത് ഒരു സ്ഥലത്തിന്റെ പേരാണ്.
20മാർച്ച്25
0 അഭിപ്രായ(ങ്ങള്‍):
Post a Comment