Monday, 17 March 2025

ഒറ്റപ്പെട്ട മുറി

മാർച്ച് മുറിവുകളുടെയും പുഷ്പഗന്ധങ്ങളുടെയും കാലമാകയാലാവണം അതിനെ പലരും  മുറിവുകളുടെ വസന്തം എന്നു വിളിക്കാറുള്ളത്. മാർച്ചിന് ചുവന്ന നിറമുള്ള അടിവരയിട്ട എത്രയോപേരുണ്ട്! അവശേഷിക്കുന്ന ചിലരുടെയെങ്കിലും ദീർഗ്ഘമായ ഓർമ്മയിൽ 'ഒറ്റപ്പെട്ടുപോകുന്ന മുറി' എന്നൊരു നോവ് പുള്ളിക്കുത്തിട്ടുകൊണ്ടുമിരിക്കും.  ഒരു തിരിമറിപ്പകലിന്റെ അവശമായ ഒട്ടിപ്പിടിക്കൽ എല്ലായ്പ്പോഴും ബാക്കിയാവും. അങ്ങനെയങ്ങനെ, ഒറ്റപ്പെട്ട മുറി, തീർച്ചയേറെയുള്ള ഒറ്റപ്പെടലിന്റെ മുറിവും ഉപ്പുമായിത്തീരും

അസ്പഷ്ടതയുടെയോ അനിശ്ചിതത്തിന്റെയോ ഇടനാഴിയായി മാർച്ചിനെ നേരിടേണ്ടി വന്ന ഒരാളെക്കുറിച്ച് തീർത്തും ആകസ്മികമായി ആലോചിച്ചു തുടങ്ങിയാൽ 'മനസ്സിന്റെ തകർച്ചയ്ക്കും പുനർനിർമ്മിതിക്കുമിടയ്ക്കുള്ളോരാകുലതയായി, അതിനെ നേരിടാൻ കെല്പില്ലാത്ത വിധം വൈയക്തികമായ, എന്നാൽ തികച്ചും അബോധപൂർണ്ണമായ ഒരു ക്രമീകരണത്തിലൂടെ ചിന്തയും ആവിഷ്കാരവും (ചിന്താവിഷ്കാരമെന്ന് യഥാർത്ഥ നാമം) സാധ്യമാകുന്നതെങ്ങനെയെന്ന് നിലവിളിക്കു സമാനമായ കിടുങ്ങുന്ന നിശ്ശബ്ദതയിൽ   [എല്ലാ പശ്ചാത്തലവർണ്ണങ്ങളെയും തുടച്ചുമാറ്റിക്കൊണ്ട്] ഒറ്റപ്പെട്ട മുറിയെക്കുറിച്ചുള്ള തിളക്കം ഇരവിലെ മിന്നാമിന്നിപ്പറക്കലിന്റെ പിൻ_തിരി_നാള_മായി തൊട്ടുണർത്തിയേക്കാം.


ആറ്റിൻ കരയിലൂടെയുള്ള ധൃതിയില്ലാത്ത നടത്തം.
ഓർമ്മകൾ നിറഞ്ഞ മുറി.
ഉരുളൻ കല്ലുകൾ.
മാർച്ച് എന്ന പദം [ഒരിറക്കിന് നാമം, എന്നിട്ടുമെന്നിട്ടും ക്രിയ ].

മുന്നോട്ടുള്ള സൈനിക നീക്കത്തെ ഓർമ്മിപ്പിക്കുന്ന പദമല്ലേ മാർച്ച്?

ഒറ്റപ്പെടലിന്റെ ഒളിവിടത്തിലൂടെയുള്ള നടത്തയ്ക്കിടയിൽ, ആർപ്പാട്ടങ്ങളുടെയും ആർഭാടങ്ങളുടെയും കോങ്കണ്ണാണ് മാർച്ച് എന്നു തിരിച്ചറിഞ്ഞാലോ?

ഏകാന്തമായ മുറിയെയും ആഴത്തിലുള്ള മുറിവിനെയും സമർത്ഥമായി ഒളിച്ചിടാൻ മാർച്ചിന് കഴിയും.

ഒറ്റപ്പെട്ട മുറി

ആറ്റിൻകരയിലൂടെ അവൾ നടന്നു. ഉരുളൻ കല്ലുകൾ തേടിയെടുത്തു. പാദങ്ങളിൽ മണൽത്തരികൾ പുരണ്ടപ്പോൾ സ്വന്തം മുറിയെക്കുറിച്ച് ഇടയ്ക്കിടെ ഓർത്തു. ചിറ്റോളങ്ങൾ വട്ടം ചുരുളുന്നതു നോക്കി, ഉരുൾക്കല്ലുകൾ കുപ്പായക്കീശയിൽ പതുക്കെ നിക്ഷേപിച്ചുകൊണ്ടേയിരുന്നു. അപ്പോഴുള്ള നേർത്ത ഒച്ച ആറ്റോളങ്ങളുടേതിൽ നിന്ന് വേർതിരിച്ചറിഞ്ഞു. അപരാഹ്നത്തിലെ തുമ്പികളും കിളികളും അവളെ കണ്ടു. പുൽത്തലപ്പുകളിലും ചെളിമണത്തിലും നിന്ന് ഒഴുക്കിന്റെ നാഭിയിലേക്ക് അതീവ സാവധാനം ആ പാദങ്ങൾ പദചലനം തുടങ്ങി...
********************************************

എന്നാലോ?
മാർച്ച് സൈനികമായ ഒരു തഴമ്പു പോലെ (ഒരു കൂറ്റൻ കുതിരലാടം ചാപ്പയണിഞ്ഞ കുന്നിൻപുറത്തെ സങ്കല്പിക്കൂ) മനസ്സിലേൽക്കുന്നവരിലോ? ഒരു കഥാപത്രത്തിന്റെ രൂപത്തിൽ വെളിപ്പെടുന്നുവെങ്കിൽ ആ കഥാപാത്രത്തെ ജൂലിയസ് എന്നു വിളിക്കൂ.

എന്നാലോ?

അയാൾ അത് പറയും.
മാർച്ച് മധ്യത്തെ സൂക്ഷിക്കൂ എന്ന്, തീർച്ചയോടെ.
ആ കഥാപാത്രത്തെ തുന്നിയൊരുക്കുന്നത് മാർച്ചിൽ നിന്ന് ജൂലായ് എന്ന നിലയിലെങ്കിൽ നിങ്ങൾ കണ്ണുമൂടിക്കെട്ടപ്പെട്ട കേവലം ഒരു ഭടനാണ്. മറിച്ച് ജൂലായിൽ നിന്ന് മാർച്ചിലേക്കു നെയ്യുന്നൊരു കംബളമാണതെങ്കിൽ, ഉറക്കമില്ലാത്ത രാത്രികളിൽ അവിശ്രമം കവാത്തുനടത്തുന്നൊരു കഥാപാത്രത്തിന്റെ പിൻപുറത്ത് നിങ്ങൾ കണ്ടെത്തുന്നത്  ഭ്രാന്തനായ സന്യാസിയും!

ശരിക്കും നിങ്ങൾ ആരാണ്?

 

 

17മാർച്ച്25

0 അഭിപ്രായ(ങ്ങള്‍):