രാക്കിനാവുകൾ
16/02/2025 1/30 AM
ഒരു പാതിരാക്കിനാവ്. ഉറക്കം തുടങ്ങിയ നേരത്തു തന്നെ അത് പിടിച്ചുണർത്തി. ഈ വരികൾ ടൈപ്പ് ചെയ്ത് തുടങ്ങുന്നതിന് കൃത്യം ഒരു മണിക്കൂർ മുമ്പ് കണ്ട സ്വപ്നത്തിളക്കത്തിൽ മരണപ്പെട്ട പ്രിയങ്കരനായവനുണ്ടായിരുന്നു. ഇത് എത്രാമത്തെ തവണയാണ് അദ്ദേഹം സ്വപ്നത്തിൽ സന്ദർശിക്കുന്നത്! അപ്പോഴെല്ലാം ആ സ്വപ്നാനുഭവങ്ങളുടെ ആഴത്തിൽ അയാൾ മരിച്ചു എന്ന തോന്നൽ അവാസ്തവമാണല്ലോ എന്ന ചിന്തകൂടി ഉണ്ടാവും. ആ ചിന്തയുടെ ആവർത്തനം തന്നെയാകണം സ്വപ്നത്തെ സ്വപ്നത്തിളക്കമെന്ന് എഴുതാൻ പ്രേരിപ്പിക്കുന്നത്.
സ്വപ്നത്തിൽ അയാളുണ്ടെങ്കിലും, അതിന്റെ ആഴവും മൂർച്ചയും മറ്റു ചിലതാണ്. ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്യുന്ന ചിരപരിചിതരായ ചില മനുഷ്യരാണ് സ്വപ്നത്തിന്റെ സത്ത. (അതിൽ നീയുണ്ട്; അഥവാ ഞാനുണ്ട്).
പശ്ചാത്തലത്തിലെന്ന വണ്ണം, എന്നാൽ സുവ്യക്തമായി അയാൾ പ്രത്യക്ഷപ്പെടുകയും ഒരു പോർച്ചുഗീസ് രേഖയുടെ (അഥവാ മലയാളത്തിൽ നിന്ന് പോർച്ചുഗീസിലേക്ക്) വിവർത്തനകാര്യങ്ങൾ പറയുകയായിരുന്നു. സ്വപ്നത്തിനുള്ളിൽ അയാളുമായി നേരിയൊരകലമെങ്കിലും തൊട്ടരുകിൽ നിൽപ്പുണ്ടായിരുന്ന പ്രിയങ്കരനായ മറ്റൊരു ചങ്ങാതി അത് ശരിവയ്ക്കുന്നുണ്ടായിരുന്നു.
സ്വപ്നത്തിനെ മാറ്റിവച്ചാലോ.
ഓർമയിൽ അയാൾ. അതിൽ വ്യാഖ്യാനങ്ങളുടെ വേനൽത്തഴപ്പുണ്ട്. ഒരു ജൂൺ തുടക്കത്തിലായിരുന്നു ആ മരണം. മേയ് മാസത്തിലെ അവസാന ദിനത്തിൽ അയാൾ പാർത്തിരുന്ന മുറിക്കു പുറത്ത്. ജനലരികിൽ. രാവിലെ മുതൽ. മറ്റുള്ളവർക്ക് മുറിക്കുള്ളിലേക്കുള്ള പ്രവേശനവാതിൽ അടയ്ക്കപ്പെട്ടിരുന്നു. വൈകുന്നേരം വരെ ആ ജനലരികിൽ. അന്നാദ്യമായാണ് അയാൾ കോപപ്പെട്ടത്. അത് കപടകോപമെന്ന് ആ നിമിഷം തിരിച്ചറിയാനാകും. (മനുഷ്യർ മനുഷ്യരെ തിരിച്ചറിയുന്ന അപൂർവതകളറിയണമെങ്കിൽ നമ്മൾ ഉപേക്ഷിക്കപ്പെടലിന്റെ കാലങ്ങളിലൂടെ വെറും പാദങ്ങളിൽ നടന്നുകൊണ്ടിരിക്കണം!!!) മരണാനന്തരം ആ മുറിക്കുള്ളിൽ നിന്ന് നിരവധി ദിവസങ്ങളിലെ ഭക്ഷണപ്പൊതികൾ കണ്ടെടുക്കപ്പെട്ടു. വിശപ്പിനെ പ്രമേയവും പ്രതികരണവും സമരവുമാക്കാമെന്ന് നിരവധി പേർ നിരവധി കാലങ്ങളിൽ അടയാളമെറിഞ്ഞു പോയിട്ടുള്ളതാണല്ലോ.
കീബോർഡിൽ വിരലമരുമ്പോൾ പശ്ചാത്തലത്തിൽ ഒരു പാട്ടുണ്ടാവണമെന്ന തോന്നൽ എന്തുകൊണ്ട്? ഒരു പെൻഡ്രൈവിനുള്ളിലെ ഫോൾഡറിൽ (mp3) റഹ്മാന്റെ പാട്ടുകൾ. അതിലെ അവസാനത്തെ പാട്ട് വെറുതെ തുറക്കുന്നു. കേൾക്കുമ്പോൾ വരികൾ ടൈപ് ചെയ്യാൻ തോന്നുന്നു. അതിങ്ങനെ:
മാലൈ അന്തികളിൽ മനതിൻ സന്തുകളിൽ
തൊലൈന്ത മുഖത്തെ മനം തേടുതേ
വെയിൽ താരൊഴുകും നഗരവീഥികളിൽ
മയ്യിൽ കൊണ്ട് മലർ വാടുതേ
മേഘം സിന്തുമിരുതുളിയിനിടൈ വെളിയിൽ
തുരുവി തുരുവി ഉനൈ തേടുതേ
ഉടൈയും നുരൈകളിലും തൊലൈന്ത കാതലനെ
ഉരുകി ഉരുകി മനം തേടുതേ
അഴകിയ തിരുമുഖം ഒരുതരം പാർത്താൽ
അമൈതിയിൽ നിറൈന്തിരുപ്പേൻ
നുനിവിരൽ കൊണ്ട് ഒരുമുറൈ തീണ്ട്
നൂറു മുറൈ പിറന്തിരുപ്പേൻ
പിറൈ വന്തവുടൻ നിലാ വന്ത ഉടൻ
നിലാ വന്തതെന്റ്ട്ര് ഉള്ളം തുള്ളും
നിഴൽ കണ്ട ഉടൻ നീയെൻട്ര് ഇന്ത
നെഞ്ചം നെഞ്ചം മിന്നും...
ചിലത് അങ്ങനെയാണ്. ഒരു സ്വപ്നത്തിൽപ്പോലും. അത് ഉൾക്കൊണ്ടിരിക്കുന്ന കനത്തെയും കമ്പനത്തെയും വരികളിലാക്കാനാകാതെ വിരലുകൾ കീബോഡിൽ വെറുതേ ചുറ്റിത്തിരിയുന്നു. ഭ്രഷ്ട് ചെയ്യപ്പെട്ട ഒരാളുടെ വേദനിക്കുന്ന നിലവിളിയുടെ അമർത്തപ്പെട്ട നീറ്റലിന്റെ മുറിവായ, അതൊരു ഗുഹാമുഖം പോലെ... എവിടെയോ തൊങ്ങിനിൽപ്പുണ്ട്.
തൊങ്ങി നിൽപ്പുണ്ട്.
0 അഭിപ്രായ(ങ്ങള്‍):
Post a Comment