Monday, 28 October 2024

 

പഴയൊരു പാഠപുസ്തകത്തിനുള്ളിൽ നിന്നു തികട്ടിവന്ന ഒന്നുരണ്ട് പോസ്റ്റ് കാർഡുകൾ.

അവ ദൂരത്തെയും അടുപ്പത്തെയും ഒന്നുപോലെ പ്രതിഫലിപ്പിക്കുന്നുണ്ട്.

അവ എന്തിനെയൊക്കെ പ്രതിനിധാനം ചെയ്യുന്നു.

1. യാദൃച്ഛികതയെ.

2. തീപ്പെട്ട മറ്റനേകം രേഖകളെ അതിജീവിച്ച്, 'ജീവിച്ചിരിക്കുന്ന'തിനെ.

3. മറ്റൊരു സഞ്ചാരിക്കും പിന്നൊരിക്കലും ഒരു പോസ്റ്റ്കാർഡ് അയയ്ക്കാൻ തോന്നാതിരുന്നതിനെ.

4. ഓർമ്മയെ...

കൃത്യം പത്തുകൊല്ലം മുമ്പ്.

ഹിമാലയ സഞ്ചാരത്തിനിറങ്ങിയ ഒരു ചങ്ങാതി ദിനേനയെന്നോണം അയച്ച കത്തുകളിൽപ്പെടുന്നവയാണവ.



അവ കൃത്യമായി തൊടാനായുന്നത് ഓർമ്മയെ(4)യാണെങ്കിൽ,


അതിനും പതിറ്റാണ്ടിനപ്പുറത്തിനപ്പുറം, കുട്ടിക്കാലം പോലെ തുടിക്കുന്ന പച്ചപ്പിന്റെ ഗന്ധമുള്ളോരു ഹിമാലയസഞ്ചാരവേളയിൽ രണ്ടേ രണ്ടുപേർ മാത്രമുള്ള യാത്രാസംഘത്തിലെ അംഗമായിരുന്നുകൊണ്ട് ഏതോ കാട്ടുഗ്രാമത്തിലെ ഇത്തിരിപ്പോന്ന തപാൽപ്പെട്ടിക്കുള്ളിലേക്ക് പ്രിയപ്പെട്ട ആർക്കോ എഴുതിയയച്ച പോസ്റ്റ് കാർഡിന്റെ ഓർമ്മയിലാണെന്നു തോന്നിക്കും.


എന്നാലോ?

അങ്ങനെയല്ലെന്നും തോന്നിക്കും!


ഓർമ്മയൊരു പാലമെങ്കിൽ അടിയിലെ നദീപ്രവാഹത്തെ സഞ്ചാരമെന്നു വിളിക്കാമെങ്കിൽ...


ഹാ!


അല്ലല്ല. അത് ഓർമ്മിപ്പിക്കുന്നത് വരണ്ട നദിയെ.

യാത്രയില്ലാക്കാലത്തെ.

**********************************************


ഇനിയൊരിക്കൽ ഇത് വീണ്ടും വായിക്കുമ്പോൾ മറവിയുടെ ഭൂപടത്തിൽ നിന്ന് മറ്റൊരു തോന്നലായിരിക്കും ഒലിച്ചു വരിക:


നിങ്ങൾ യാത്രക്കാരനായിരുന്നില്ലെന്ന്.

നിങ്ങൾ പ്രവേശിക്കാത്ത തീവണ്ടികളുടെ ആഹ്ലാദങ്ങൾ...

നിങ്ങൾ പ്രവേശിച്ചിട്ടേയില്ലാത്ത വിമാനങ്ങളുടെ ആഴക്കാഴ്ചയുടെ വിസ്മയ സീൽക്കാരങ്ങൾ

നിങ്ങൾ/നിങ്ങളിലേക്ക് ഒഴുകി സ്പർശിക്കാതെ പോയ സൗഹൃദനദികളുടെ തീരച്ചൊരുക്കുകൾ,


എന്തെന്നാൽ മൂന്നാം കരകയെക്കുറിച്ചുള്ള പഴയ അറിവ് നിങ്ങളിൽ മറഞ്ഞിരിക്കുന്നു.

*******************************************************

നിങ്ങൾ ഇല്ലായ്മയോ ശൂന്യതയോ മാത്രമായിരുന്നെന്ന് ആരോ നിങ്ങളിൽ ആജ്ഞ പോലൊരു ആണി തറച്ചതിനാൽ...




എന്തെന്നാൽ ....


(അപൂർണ്ണം)





(28--10--2024)

0 അഭിപ്രായ(ങ്ങള്‍):