നിങ്ങളൊരു വെറുഞ്ചായപ്രേമിയാണോ?
തീർച്ചയായും നിങ്ങളതു ചെയ്യണം. വെറുതെയിരിക്കുന്നതുപോലെ ഊതിയൂതിയത് കുടിച്ചുകൊണ്ടേയിരിക്കൂ.
നിങ്ങൾക്കുള്ള പാകത്തിന്, ജലക്കണക്കും തിളനിലയും വെന്തമണവും തീരുമാനിക്കൂ.
നുണഞ്ഞിറക്കുന്ന ഓരോ താപസ്പർശവും കോണ്ടൂരിനെ ഓർമിപ്പിക്കുമാറാകട്ടെ.
കുത്തനെയുള്ള ഒരു മലഞ്ചരിവിൽ ആരോ മറന്നുവച്ച ഏണിപോലെ തോന്നുന്ന, നൂറു നൂറു പടവുകൾ തുന്നിപ്പിടിപ്പിച്ച
പടിക്കെട്ടും കുളിരുന്ന തേയിലക്കാടിനെത്തൊടുന്ന മഞ്ഞിന്റെ ധവളിമയിൽ സൂചിവിരലോടിക്കുന്ന സൂര്യപ്രവേശത്തിന്റെ പുലർവെപ്രാളവും ഓരോ നുണയലിലും നിങ്ങളുടെ ഓർമ്മയിൽ തെളിയുന്നില്ലല്ലോയെന്ന വ്യാകുലത നിങ്ങൾക്കുണ്ടായില്ലെങ്കിലെന്ത്?
നിങ്ങൾ ഇപ്പോൾ കുടിച്ചുകൊണ്ടിരിക്കുന്നത് ഒരു സ്റ്റീൽ ടെംപ്ലറിനുള്ളിൽപ്പെട്ടുപോയ ചായയാണെന്നതിനാൽ വീണ്ടും പറയട്ടെ,
നിങ്ങളുടെ മുന്നിൽ രണ്ട് ടെംപ്ലറുകൾ ഉണ്ടാവണം.
ഒരെണ്ണം എനിക്കുവേണ്ടിയാവണം.
അതിൽ നിന്നു പൊങ്ങുന്ന ആവിമണത്തിൽ നോക്കിയിരിക്കവേ ഒരു തുറസിലെ ആൾക്കൂട്ടത്തിനിടയിൽ തായമ്പക കേട്ടിരിക്കുന്ന നിങ്ങളെത്തന്നെ നിങ്ങളോർത്തുപോകും. ഉയർന്നുപൊങ്ങുന്ന ആവിയിൽ പ്രിയപ്പെട്ടൊരു നർത്തകിയുടെ കളഞ്ഞുപോയ തൂവാല നിങ്ങൾ ദർശിക്കും.
എനിക്കുള്ളത് നിങ്ങൾ തന്നെ കുടിച്ചോളൂ. ആവർത്തിച്ചാവർത്തിച്ച്. എന്നാൽ നിങ്ങൾക്കുള്ളത് നിങ്ങൾ കുടിക്കരുത്.
നിങ്ങളുടെ പാകം. ചൂട്. ഗന്ധം - അതു തന്നെയാകണം എനിക്കും വിളമ്പേണ്ടത്.
എനിക്കുള്ളത് നിങ്ങൾ കുടിച്ചോളൂ. ആവർത്തിച്ചാവർത്തിച്ച്.
പക്ഷേ എന്നെ ഓർക്കരുത്.
വെറുഞ്ചായയെ മാത്രം ഓർക്കൂ,
എന്തെന്നാൽ നിങ്ങളൊരു വെറുഞ്ചായപ്രേമിയാണല്ലോ.
-ലോറയുടെ കുറിപ്പുകൾ-
/ലോറൻസിനുള്ള കത്തുകൾ/
0 അഭിപ്രായ(ങ്ങള്‍):
Post a Comment