Saturday, 10 August 2024

 അവ്യവസ്ഥവും അരേഖിയവുമായ അതിസൂക്ഷ്മഘടനയാണ് മനസ്സ് എന്ന് ഒരു തൂവെള്ളക്കടലാസിൽ എഴുതിവയ്ക്കൂ. അടുക്കളയ്ക്കടുത്ത് ഒരു സ്റ്റീൽ കിണ്ണത്തിനടിയിൽ അതിനെ കമഴ്ത്തി അടച്ചുവയ്ക്കൂ. നിങ്ങളുടെ ഏറ്റവുമേറ്റവും പ്രിയപ്പെട്ടൊരാളുടെ പിറന്നാൾ ദിനത്തിൽ നിങ്ങൾ ഏറ്റവുമേവും ഇഷ്ടപ്പെടുന്നൊരു സമ്മാനം കിണ്ണത്തിനുള്ളിൽ വിത്തുപോലെ മുളച്ചുവരുന്നതായി സങ്കല്പിക്കൂ. അയാൾക്കുള്ള സമ്മാനവേട്ടക്കളിയിലെ ആദ്യ താക്കോലായി നിങ്ങളെഴുതിയ ആദ്യ കുറിപ്പിനെ സങ്കല്പിക്കൂ. ആദ്യ കുറിപ്പിനെ പിന്തുടരുന്ന പതിനൊന്ന് കുറിപ്പുകൾ അടുത്ത ആറു നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് എഴുതാനാവുമോ? പോരാ, അടുത്ത മൂന്നു നിമിഷങ്ങൾക്കുള്ളിൽ അവയെ ഉചിതമായ ഇടങ്ങളിൽ വിന്യസിക്കാൻ കൂടി നിങ്ങൾക്കു കഴിയണം. ഓരോ ഒളിവിടത്തിനും ഓരോ രാശിപ്പേര് വീതം നൽകാനും ശ്രദ്ധിക്കണം. തുടർന്നുള്ള പന്ത്രണ്ട് നിമിഷം ഏറ്റവും പ്രധാനമാണ്. നിങ്ങളെഴുതിയ ആദ്യ കുറിപ്പിലെ വരികളെപ്പറ്റി മാത്രം ആലോചിച്ചുകൊണ്ടേയിരിക്കൂ.

ശരി,

മതിയാക്കൂ.

ഇപ്പോൾ പെറ്റിട്ട ഒരു ശിശുവിനെയെന്ന പോലെ, അത്രത്തോളം സൂക്ഷ്മതയോടു കൂടി, കൗതുകത്തോടു കൂടി, ഒളിവിടത്തിലെ ആദ്യ കുറിപ്പിനെ വെളിയിലെടുക്കൂ. 

നിങ്ങൾ എഴുതിയ നിമിഷത്തിൽ പേന പിടിച്ചിരുന്ന വിധം, നിങ്ങളുടെ നോട്ടത്തിലുണ്ടായിരുന്ന സവിശേഷത, അപ്പോഴത്തെ ശ്വാസതാളം, മഷിയുടെ നിറം, നിങ്ങൾ പേന കുടഞ്ഞിട്ടുണ്ടെങ്കിൽ അപ്പോൾ അനുഭവപ്പെട്ട കമ്പനം, എഴുതുന്ന നേരം നിങ്ങൾ ഒരുപക്ഷേ ശ്രദ്ധിക്കാതിരുന്ന (എന്നാൽ നിങ്ങളുടെ ചെവിക്കരികിൽ ഒട്ടിപ്പിടിച്ച് കടന്നുപോയ) ശബ്ദലോകം ഇവയൊക്കെ ഓർത്തെടുക്കാനോ സങ്കല്പിക്കാനോ നിങ്ങൾക്ക് കഴിയുമോ? നിങ്ങളെഴുതിയ ഏറ്റവും പ്രധാനപ്പെട്ട ആ വരിയിൽ നിങ്ങളറിയാതെ കടന്നുവന്ന അക്ഷരത്തെറ്റ് എന്തുകൊണ്ടോ ഒരു വേദനപോലെ, അഥവാ, നിങ്ങൾ നേരിടാൻ പോകുന്ന ഏതോ മരണത്തിലെ സാമ്പ്രാണിമണം പോലെ നിങ്ങളുടെ ആത്മാാവിൽ പൊള്ളലുണ്ടാക്കുന്നുണ്ടോ?

>>ഭൂമിയിലെ കാലാവസ്ഥാവ്യവസ്ഥ പോലൊന്നാണ് മനസ്സെന്ന് നിരൂപിക്കൂ. ചില തുടക്കനിലകളിലുണ്ടാകുന്ന (നിങ്ങൾക്ക് നിസ്സാരമെന്നു തോന്നും) താളപ്പിഴ അതിന്റെ ഭൂഗുരുത്വത്തെ ബാധിക്കുന്നത് എവ്വിധമാകും?


/ലോറൻസിനുള്ള ചോദ്യങ്ങൾ/

0 അഭിപ്രായ(ങ്ങള്‍):