Sunday, 28 May 2023

ആഗസ്റ്റിലെ ഒരു പൂർവാഹ്നം. ഒരുകാലത്ത് പ്രിയങ്കരമായിരുന്ന ആ മുറിയിലേക്ക് ആദ്യമായി ഒരു അതിഥി തേടിയെത്തി. പെട്ടെന്നു വന്നുപെട്ട ഒരാവശ്യം കാരണം ആ മുറിയിലെ ഒരു കമ്പ്യൂട്ടറിനു മുന്നിൽ വിരൽ പായിച്ചിരിക്കുമ്പോഴായിരുന്നു ആ വരവ്. 

കാതിനരികിലെന്നു തോന്നും വിധം മൃദുലമായി ഒരു വിളി. പെട്ടെന്ന് ഒരു ആക്കത്തിൽ തിരിയുമ്പോൾ ആ ശബ്ദം പറയുന്നു, ഞാൻ എല്ലാടത്തും തിരഞ്ഞു. ഒപ്പം പടവുകളിറങ്ങുമ്പോൾ അവർ ചോദിച്ചു, ഇവിടെ നിങ്ങളെ കാണാനെത്തുന്ന ആദ്യത്തെയാൾ ഞാനായിരിക്കും അല്ലെ? 


ശരിയാണല്ലോ! 


ഓർക്കാൻ ശ്രമിച്ചു, സന്ദർശകരില്ലാത്ത ഒരാൾക്ക് പെട്ടെന്ന് ഒരു സന്ദർശക! കഴിഞ്ഞ ചില വർഷങ്ങളിൽ ചില ചില പണിയിടങ്ങളിൽ മാറിമാറി ജോലി ചെയ്യുമ്പോഴൊന്നും സന്ദർശകരായി ആരുമാരുമുണ്ടായതില്ല. എന്നാൽ പുതിയ ഇടത്ത് ഈ സന്ദർശകയുടെ വരവ് വിലപ്പെട്ട ഒരു ദൗത്യം എന്ന പോലെയായിരുന്നു. മണ്ണിന്റെ ഗന്ധങ്ങളെയും മഴയുടെ സഞ്ചാരങ്ങളെയും തുന്നിപ്പിടിപ്പിച്ച പ്രധാന ദൗത്യം തന്നെയായിരുന്നു അത്. അത്രയും ചെറിയൊരു വസ്തുവുമായി ഒരു ദിവസത്തെ തീവണ്ടി യാത്രയ്ക്കു ശേഷം ഒരു ടാക്സിയിൽ പാഞ്ഞുവന്നതാണ്. ഭക്ഷണം കഴിച്ചോ? മുറ്റത്തു നിൽക്കുമ്പോൾ ചോദിച്ചു. മുറ്റിവരുന്ന വെയിലിനെ നോക്കി 'ഇല്ല, എനിക്ക് പെട്ടെന്ന് പോണം' എന്നു പറഞ്ഞ് അവർ ഒരു നീല പ്ലാസ്റ്റിക് കൂട് കാറിൽ നിന്ന് എത്തിയെടുത്തു. എന്നിട്ട് പറഞ്ഞു ഇത് ഒരു ചെറിയ സമ്മാനമാണ്. സമ്മാനങ്ങൾ സ്വീകരിക്കില്ലെന്ന് പറയുമ്പോൾ ഇത് എടുത്തേ പറ്റൂ എന്നു തറപ്പിച്ച് ആ പ്ലാസ്റ്റിക് കൂട് കയ്യിൽ പിടിപ്പിച്ചു. അതിനു ശേഷം മാത്രമേ സാഹസപ്പെട്ട് ശേഖരിച്ചു കൊണ്ടു വന്ന ദൗത്യവസ്തു പുറത്തെടുത്തുള്ളൂ. അതൊരു സസ്യമായിരുന്നു. നാട്ടിൽ നിന്ന് എന്നോ കാണാതായ ഒന്ന്. അത് സംരക്ഷിക്കപ്പെടേണ്ടതുണ്ടായിരുന്നു.




നീലക്കൂടിനുള്ളിൽ സംഗീതലോകം നിശ്ശബ്ദപ്പെട്ടുകിടന്നു.


മുഖർശംഖ്,കസോ,തവളവാദ്യം,കിളിയൂത്ത്,കളിവീണ,പീപ്പികൾ... ഒപ്പം കാട്ടാറിൽ നിന്ന് മുങ്ങിയെടുത്ത വിചിത്രമായ ഒരു കല്ല് ചെതുക്കിയൊതുക്കിയ ശിവലിംഗരൂപവും.


{അപൂർണ്ണം}


0 അഭിപ്രായ(ങ്ങള്‍):