Saturday, 6 May 2023

 ഉയരങ്ങളെക്കുറിച്ചും യക്ഷികളെക്കുറിച്ചും ഒച്ചകളെക്കുറിച്ചും ക്ഷമാപണത്തോടെ


പ്രിയപ്പെട്ട ഓരോരുത്തരും വിടചൊല്ലിക്കഴിയുമ്പോൾ മീതിയാകുന്നവർ ഓർക്കുന്നതെന്തെല്ലാമാകും?

നിങ്ങളെ ഓർക്കുന്നത് കാട്ടുപേരയ്ക്കയെക്കുറിച്ചുള്ള ഒരു സംഭാഷണത്തിലൂടെ.

നാം ഒരുമിച്ച് നടന്നിട്ടുള്ള ദൂരമെത്രയാവും?

വളരെക്കുറച്ച്.


നാം ഒടുവിൽക്കണ്ടത്?

അഞ്ചാറേഴു കൊല്ലം മുമ്പ്.


ഹാ!

***

നാം ഒരുമിച്ചു പോയിട്ടുള്ള യാത്രകൾ നുള്ളിപ്പെറുക്കിയെടുത്താൽ ഒരഞ്ചെണ്ണമുണ്ടായേക്കാം.

അതിൽ നാലും ഉയരങ്ങളിലേക്കാണ്. ഒന്നു മാത്രം കടൽക്കരയിലേക്കും.


അതിൽ മൂന്നും വനഗന്ധം പുരണ്ടതാണ്.


രണ്ടുരണ്ടരപ്പതിറ്റാണ്ടു മുമ്പുള്ള ആദ്യ യാത്രയിലാണ് കാട്ടുപേരയ്ക്കയെക്കുറിച്ച് നമ്മൾ സംസാരിച്ചത്. വനത്തിനു പുറത്തുള്ള ഒരു കെട്ടിടത്തിനരികിൽ കാട്ടുപേരമരം ഉണ്ടായിരുന്നു. ഇളവെയിൽ നെയ്ത ചിത്രകംബളത്തിലൂടെ വനാന്തർഭാഗത്തേക്കുള്ള രാവിലത്തെ നടപ്പ്. ഉച്ച മുറ്റുമ്പോൾ ശീതീീകരിക്കപ്പെട്ട വന്യാംശത്തിലെ ഇളം ഇരുട്ടിൽ അരിഞ്ഞിടുന്ന വെയിൽത്തുണ്ടുകളിൽ, മൂട്ടിമരത്തണലിൽ, അതിന്റെ ചെറുതും വർത്തുളവും പിങ്കുരാശിയുള്ളതുമായ ഓമനത്തം തോന്നിപ്പിക്കുന്ന കായകൾ പൊട്ടിച്ചെടുത്ത്, മുകളിലും താഴെയുമായുള്ള രണ്ട് വെള്ളച്ചാട്ടങ്ങൾക്കിടയിലുള്ള ഭൂഭാഗത്തിലൂടെയുള്ള ആ നടപ്പാണ് യാത്രയെക്കുറിച്ചുള്ള ഒന്നാമത്തെ ഓർമ. 


നിലാവരച്ചു പുരട്ടിയ ഒരു സന്ധ്യയിൽ പ്രിയപ്പെട്ട ഒരു കുന്നിൻ മുകളിലിരിക്കുമ്പോൾ ബ്ലൂടൂത്തിലൂടെ നിങ്ങൾ അയച്ച അതിമനോഹരമായ ഒരു തമിഴ്ഗാനം. ഭക്ഷണ സമൃദ്ധിയെക്കുറിച്ചുള്ള ആ ഗാനം അയയ്ക്കുമ്പോൾ നിങ്ങൾ പറയുന്നുണ്ടായിരുന്നു, ഈ ഒരു പാട്ടു മാത്രമേ ഈ ഫോണിലുള്ളൂ എന്ന്. കിഴക്ക് ചന്ദ്രൻ നിറഞ്ഞുനിന്നു. അകലെ വെളിച്ചപ്പൊട്ടുകൾക്കിടയിലെവിടെയോ നമ്മുടെ വീടുകൾ അകലമയഞ്ഞു നിന്നിരുന്നു.


ഒരിക്കൽ ഒരു കടപ്പുറത്തെ അതിവിശിഷ്ട കാഴ്ച കാണാൻ മലമ്പാതകളിലൂടെ സഞ്ചരിച്ചത് ഓർക്കുന്നു. അന്ന് കടൽത്തീര മേഖലയുൾപ്പെടെ പ്രധാനപ്പെട്ട പല സ്ഥലത്തും  മരങ്ങൾ നട്ടുകൊണ്ടായിരുന്നു നമ്മുടെ യാത്ര.

***


ഒറ്റയ്ക്കു പോയ ചില യാത്രകളിൽ അപ്രതീക്ഷിതമായി എത്തിച്ചേർന്ന യക്ഷിയമ്പലങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു യക്ഷികളെത്തേടിയുള്ള ഒരു യാത്രയെക്കുറിച്ചുള്ള ആശയമുണ്ടായത്. തെക്കൻ പാട്ടുകളും മറ്റു ചില പ്രാചീന കൃതികളും വായിക്കേണ്ടതുണ്ടായിരുന്നു, ആ യാത്രയ്ക്കു വേണ്ടി. പഴയകാല പുസ്തകങ്ങൾ വായിക്കാൻ തീരെ മനസ്സില്ലാതിരുന്ന അക്കാലത്ത് അതൊക്കെ വായിച്ച് കുറിപ്പുകളെടുക്കാമെന്നു നിങ്ങൾ പറഞ്ഞു. എങ്കിലും പിന്നീട് ആയാത്ര നടന്നതേയില്ല. 


(പിന്നീട് എപ്പോഴോ യാത്രകളിൽ നിന്നൊക്കെ അലിവില്ലാത്ത വിധം എങ്ങോട്ടോ തെറിച്ചു പോയതിനാൽ ....)

***


ഒരിക്കൽ ഹിമാലയക്കാട്ടിലൊരിടത്ത് ഒരു പ്രഭാതത്തിലെ വെയിലിലിളകുന്ന ഒരു അപൂർവ്വ കിളിത്തൂവൽ കണ്ടു. അതെടുത്ത്  സഞ്ചിയിൽ നിക്ഷേപിക്കുമ്പോൾ അത് തരേണ്ടത് നിങ്ങൾക്കുതന്നെയാണെന്ന് തീരുമാനിച്ചിരുന്നു. പക്ഷികളെക്കുറിച്ച് വളരെ പണ്ട് നിങ്ങൾ പുസ്തകമെഴുതിയ കാര്യം അറിയാമായിരുന്നു. പിന്നീട് എഴുത്തൊക്കെ വിട്ട് ഒതുങ്ങിയിരുന്ന നിങ്ങളെക്കൊണ്ട് എഴുതാൻ ശല്യപ്പെടുത്തിയിരുന്നതും ഓർക്കുന്നു. പക്ഷികൾ, മരങ്ങൾ, കാട്, കുട്ടികളുടെ ലോകം... നമ്മുടെ സംഭാഷണങ്ങളിൽ ഒഴുകിപ്പോയവ.

***


ചില വർഷങ്ങൾക്കു മുമ്പ് ഈട്ടിത്തടിയിലുള്ള ഒരു ആനശില്പവുമായാണ് ഒരു സന്ധ്യയ്ക്ക് വന്നത്. നമ്മൾ അവസാനമായി നേരിട്ടു കണ്ടതും അന്നായിരുന്നു.



****

പിന്നീടോ?

കൊറോണക്കാലം വന്നു കയറി. 


അതുവരെ ഉപയോഗിക്കാതിരിക്കാൻ പറ്റിയ മൊബൈൽ ഫോൺ അതിന്റെ ഉപകരണാത്മകതയിൽ ഒരു നിർബന്ധിത വസ്തുവായിത്തീർന്നു. (അപ്പോഴൊക്കെയും അത് ഒരു അവയവമായി പരിണമിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്തു). അക്കാലത്താണ് അവിചാരിതമായി ചില ശബ്ദങ്ങൾ ശ്രവണാത്മകതയുടെ അകവഴികളിൽ കനലിടുന്നത്. മനസ്സുകൊണ്ട് ചിതറിപ്പോയ, രോഗമൂർച്ഛയിൽ മനസ്സുകൊണ്ട് അണകെട്ടി പ്രതിരോധിച്ചു നിൽക്കുന്ന ചിലർ! രോഗത്തിനെതിരെ പ്രതിരോധിച്ചു നിൽക്കുമ്പോഴും, അനുഭവത്തിന്റെ കനലാഴങ്ങളിൽ നിന്ന് ദർശനപരമായ തീപ്പൊരി ചിതറിയുള്ള അനർഘവും അത്യപൂർവ ചാരുതയുമുള്ള ശബ്ദകിരണങ്ങൾ!!!


അങ്ങനെയിരിക്കവെയാണ് നിങ്ങളുമായി വീണ്ടും സംസാരിച്ചു തുടങ്ങിയത്. മൂന്നോ നാലോ വട്ടം മാത്രം. കുട്ടികൾ നേരിടുന്ന ആന്തരിക പ്രശ്നങ്ങളായിരുന്നു ഏറെയും. 


അക്കാലത്ത് ചില കുട്ടികളുടെ നേതൃത്വത്തിൽ രൂപപ്പെട്ടുകൊണ്ടിരിക്കുകയായിരുന്ന ഒരു ചെറു കൂട്ടായ്മയും അത് ഉയർത്താവുന്ന അതിവിപുലമായ സാധ്യതകളും ആലോചനയിൽ വന്നിരുന്നു.  അക്കാലയളവിൽ എപ്പോഴോ രോഗത്തിന്റെ വല നിങ്ങളിൽ വീണു.


ആ കൊച്ചു കൂട്ടായ്മയുടെ മുന്നോട്ടുള്ള ഗതിക്ക് ഗത്യന്തരമുണ്ടായി. അതിന്റെ വിളക്കണഞ്ഞു. ആ കൂട്ടായ്മയ്ക്ക് അറിയാത്ത വിധമൊരു കാര്യമുണ്ടെങ്കിൽ അതിതായിരുന്നു; നിങ്ങളിലേക്കു നീന്തിയടുത്ത രോഗസാമീപ്യം. 


ഇടയ്ക്ക് ഫോണിലൂടെ നിങ്ങളോട് സംസാരിക്കൻ ശ്രമിച്ചു. പതിവായല്ലെങ്കിലും. ഒരു പുസ്തകമെഴുതാമെന്ന് നിങ്ങളെക്കൊണ്ട് സമ്മതിപ്പിച്ചു. അതിനുവേണ്ടി സംസാരങ്ങൾ. പതിവായല്ലെങ്കിലും. എഡിറ്റർമാരെപ്പോലെ സംസാരിക്കുന്നുണ്ടല്ലോ, ചിരിച്ചു പറഞ്ഞു, നിങ്ങൾ. ഒരിക്കലെപ്പോഴോ വീടിനടുത്തു വരെ വന്നശേഷം അതേ വാഹനത്തിൽ മടങ്ങിപ്പോയെന്നും അറിഞ്ഞു. (സന്ദർശകരില്ലാത്ത ഭവനമാണെന്റേത്).


  വീണ്ടും ഒരുപാട് നാളിനുശേഷം വിളിക്കുമ്പോൾ നിങ്ങൾ പറഞ്ഞു, സംസാരിക്കാനാവുന്നില്ലെന്ന്; നേരിൽക്കാണാമെന്ന്. ഒരാഴ്ചയ്ക്കു ശേഷമുള്ള ദിവസമാണ് കാണാമെന്നു നമ്മൾ തീരുമാനിച്ചത്. 

(മറ്റുള്ളവരെ അവരുടെ ഇടങ്ങളിൽ ചെന്നു കാണാനാകാത്ത ഒരു അകനില എപ്പോഴോ രൂപപ്പെട്ടു വന്നിരുന്നു).

***


ഒരാഴ്ചയ്ക്കു ശേഷം ഞാൻ വന്നു. സ്വമേധയാ വന്നതാണോ ആദ്യവനയാത്രയിൽ നമുക്കൊപ്പമുണ്ടായിരുന്ന പൊതുസുഹൃത്ത് നിർബന്ധിച്ചതുകൊണ്ട് വന്നതാണോ എന്നറിയില്ല.


വീട്ടിത്തടിയിലെ ആനയുണ്ടവിടെ. ഞാൻ ആ പഴയ സന്ധ്യ ഓർത്തു. പക്ഷേ നിങ്ങൾ അവിടെയില്ല. രണ്ടുമൂന്ന് ദിവസങ്ങൾക്കു മുമ്പ് നിങ്ങൾ അവിടെ നിന്ന് പോയ്ക്കഴിഞ്ഞിരുന്നു. അങ്ങനെ പൊയ്ക്കഴിഞ്ഞൊരാളുടെ അവശേഷിപ്പുകൾ പുനഃക്രമീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ മൗനങ്ങൾക്കും മൗനങ്ങൾക്കുമിടയിൽ നിശ്ശബ്ദതയോടെയിരുന്നു.


മുറ്റത്ത് നിങ്ങൾ കൊണ്ടു നട്ട കാട്ടുപേരമരത്തൈയിൽ നിന്ന് ഒരു പേരയ്ക്കയുടെ പുളിപ്പ് പൊട്ടിച്ചെടുത്തു.

***


മാപ്പ്.

നിങ്ങളെ ദീർഘകാലം കാണാതിരുന്നതിൽ.

വർത്തമാനം പറയാതിരുന്നതിൽ.

യാത്രകൾ പോകാതിരുന്നതിൽ.

(നമ്മൾ രണ്ടുപേർ പ്ലാൻ ചെയ്ത യക്ഷികളുടെ ഭൂമിശാസ്ത്രം തേടിയുള്ള ആ യാത്ര ഇനിയില്ല, കേട്ടാ)


തിരിച്ചിട്ടപ്പാറയിലിരുന്ന് ചിറ്റിപ്പാറ നോക്കി ഒരിക്കൽ അവിടെ പോകണമെന്ന് നിങ്ങൾ പറഞ്ഞിരുന്നു. 

ഇനി, ഒരുമിച്ച് ചിറ്റിപ്പാറയിലും  പോകാനാവില്ല.


മാപ്പ്.


***

ഒരുപക്ഷേ നിങ്ങൾക്ക് മനസ്സിലാവുമായിരിക്കും,

മറ്റുള്ളവരുടെ വീട് സന്ദർശിക്കാനോ കൂട്ടുകൂടാനോ യാത്രപോകാനോ പുസ്തകം വായിക്കാനോ സിനിമ കാണാനോ പുതുവസ്ത്രങ്ങളണിയാനോ കഴിയാത്തവിധം ഉള്ളടഞ്ഞു പോയവരെപ്പറ്റി.

***

വീണ്ടും,

മാപ്പ്,

നീണ്ട വർഷങ്ങളിൽ....

0 അഭിപ്രായ(ങ്ങള്‍):