Wednesday, 31 May 2023

 കോവിഡിന്റെ കാലം ഒരു ജാലകം തുറന്നു. ആഴമേറിയ മുറിവൊലിപ്പുകളുടെ ഉപ്പുഗന്ധത്തിനുമേൽ തണുത്ത വായു വീശിയ അതീവ  ലോലമായ, എന്നാൽ മനുഷ്യപ്പറ്റുള്ള, സമയത്തിന്റെ ഒരു ചതുരക്കട്ടയായിരുന്നു ആ ജാലകത്തിനു കീഴിൽ. പൊതുസമ്പർക്കങ്ങളിൽ നിന്ന് തെറിച്ചുപോയശേഷം ഇരുട്ടുവാസം പോലുള്ള പാതാളലോകത്തിൽത്തന്നെയാണു വാഴ്വെങ്കിലും വെളിച്ചത്തിന്റെ ഒരു കീറ് മുന്നിൽ വീണു.

അക്കാലത്താണ് തൊടാതെ വച്ചിരുന്ന ഫോൺ വീണ്ടും തൊടേണ്ടിവന്നത്. 

ചില ശബ്ദങ്ങൾ.

 പൊതുലോകത്തിന് തിരിച്ചറിയാൻ പോലുമാകാത്ത ആന്തരലോകത്തിലൂടെ സഞ്ചരിക്കുന്ന ചിലർ. എണ്ണിയെടുത്താൽ നാലു പേർ. ഒന്നോ രണ്ടോ മൂന്നോ ആഴ്ചകൾക്കിടയിലുള്ള ദീർഘസംഭാഷണങ്ങൾ.

രോഗപീഡകൾ ചില മനുഷ്യരുടെ ആന്തരലോകത്തെ എത്രത്തോളം സുദൃഡമാക്കുന്നുവെന്നും വാക്കുകളിൽ ദാർശനികതയുടെ തൈലഗന്ധം പൂശുന്നുവെന്നുമറിയാൻ  കഴിഞ്ഞിരുന്നു. അതായിരിക്കുമ്പോൾത്തന്നെ ഭയത്തിന്റെ അപ്രകാശിതമായ ഒരു കമ്പനം അവരെയൊക്കെ ചൂഴ്ന്നുനിന്നിട്ടുമുണ്ടാവണം, എല്ലായ്പ്പോഴും.

**

അങ്ങനെയാണ് ആ ശബ്ദം കടന്നുവന്നത്. സാധാരണ മനുഷ്യരുടെ അസാധാരണ അകലോകങ്ങളെ ആവർത്തിച്ച് ഉറപ്പിക്കുന്ന ശബ്ദം. രോഗാതുരമാകുമ്പോൾ സുഹൃത്തുക്കളെയും പരിചിതരെയും അകറ്റിനിർത്തേണ്ടിവരുന്നതിനെക്കുറിച്ച് അവർ സംസാരിക്കുമ്പോൾ ദാർശനികതയുടെ തേനൊലികൾ കേൾക്കുവാനായി. രോഗം വിടർത്തിയിടുന്ന ഉള്ളറിവുകളുടെ ഉൾക്കരുത്തായിരുന്നു അത്. ആറോ ഏഴോ തവണ മാത്രമേ അവരോട് സംസാരിക്കാനായുള്ളൂ. ഓരോ തവണ സംസാരിക്കുമ്പോഴും വീണ്ടും വിളിക്കണേയെന്ന് അവർ പറയുമായിരുന്നു. കേൾവിക്കാരുണ്ടാവുക എന്നത് അതിതീവ്രമായ ഒരാവശ്യമായിത്തീരും ചിലർക്ക്  ചിലപ്പോഴൊക്കെ. ജീവന്റെയും ജീവിതത്തിന്റെയും വിളുമ്പിൽ നിൽക്കുമ്പോൾ ... അത്തരം  ഒരു സന്ദർഭത്തിലായിരിക്കണം, ഒരു കേൾവിക്കാരനായി (ഒരിക്കലും കണ്ടിട്ടില്ലാത്ത) ആ മനുഷ്യശബ്ദത്തിന്റെ അയൽക്കാരനായത്. അധികം വർത്തമാനം പറയാതെ, മനുഷ്യരെ കേട്ടിരിക്കുക, മണിക്കൂറുകളോളം! ഒരിക്കൽ ഞെട്ടലോടെ അവർ പറഞ്ഞു തനിക്കുവേണ്ടി പ്രാർത്ഥിക്കണേയെന്ന്. പിന്നീടൊരിക്കൽ ഫോൺ ചെയ്യുമ്പോൾ എന്തുകൊണ്ടോ ആ ഫോൺ അവരുടെ അടുക്കലെത്താതെ... പിന്നീട് ഒരാഴ്ചയ്ക്കു ശേഷം ആ ശബ്ദലോകം തിരികെ വരാനാവാതെ മടങ്ങി. 


അവർ സംസാരിച്ച അവസാന വാക്ക് എന്തായിരുന്നു? കേൾവിക്കാർ ചിലപ്പോൾ  തോൽവിക്കാരുമാണ്.


***

(അപൂർണം)

0 അഭിപ്രായ(ങ്ങള്‍):