ഒരു ഫോട്ടൊഗ്രാഫിന്റെ ദർശനം ഒരാളുടെ ജീവിതത്തെ മുച്ചൂടും മറിച്ചിടുന്നതായാൽ, പിന്നീട്, അയാൾ എന്താണ്?
ആ സീനിയർ പത്രപ്രവർത്തകന്റെ കരിഞ്ഞുപോയ രാത്രിയുടെ വെളിവില്ലാത്ത ഓർമയിൽ ഒരു പാസ്പോർട്ട് സൈസ് ഫോട്ടൊഗ്രാഫിന്റെ നേരിയൊരു ദിശാവ്യതിയാനം കൂരാപ്പു പോലെ അയാളെ വലയം ചെയ്തു തുടങ്ങിയത് അതേ രാത്രിയിൽ നിർജനമായ നഗരത്തിലൂടെ ഇരുചക്രവാഹനമോടിച്ച് പോകുന്നതിനിടയിലാണ്. രണ്ടു വസ്തുക്കളും ഒരു സന്ദർഭവുമാണ്.
അത് ഇങ്ങനെയായിരിക്കാം:
രാത്രി -ഫോട്ടൊഗ്രാഫ് - ഇരുചക്രവാഹനം
അഥവാ,
ഫോട്ടൊഗ്രാഫ് - രാത്രി - ഇരുചക്രവാഹനം
അതുമല്ലെങ്കിൽ,
ഇരുചക്രവാഹനം - രാത്രി - ഫോട്ടൊഗ്രാഫ്
തീർച്ചയായും മറ്റൊരു രീതിയിലായിരിക്കാം ആ കാലുഷ്യം അയാളുടെ നെഞ്ചിലൂടെ ഒഴുകിപ്പരന്നത്.
രാത്രി(യിൽ) ഇരുചക്രവാഹന(ത്തിൽ) സഞ്ചരിക്കവേ ഫോട്ടൊഗ്രാഫി(നെ) കുറിച്ചു മാത്രമുള്ള ചിന്തയോ ആലോചനയോ ഓർമയോ അയാളെ വന്നു തൊടുന്നു.
ഒട്ടേറെ രീതിയിൽ സംഭവബഹുലമായിത്തീർന്ന ചില ജീവിതാവസ്ഥകളെ നേരിടേണ്ടി വന്ന, തൊഴിൽപരവും വ്യക്തിപരവുമായ അതിജീവനത്തിന്റെ സന്ദർഭത്തിൽ, കേവലമൊരു ഫോട്ടൊഗ്രാഫ് അയാളെ ഇതാ ചോദ്യം ചെയ്തു തുടങ്ങുന്നു. പെർമ്യൂട്ടേഷനുകളുടെയും കോംബിനേഷനുകളുടെയും അകവഴികളിലൂടെ നയിച്ച സംഭവപരമ്പരകൾക്കൊടുവിൽ ഒരു കേവലക്കാഴ്ച ഇതാ വിധിക്കാൻ കാത്തുനിൽക്കുന്നു.
ഒരു മലയാള ദിനപത്രത്തിലെ സീനിയർ സബ് എഡിറ്റർ.
പണി കഴിഞ്ഞ് ആദ്യ പ്രിന്റ് നോക്കിയ ശേഷം മാത്രം വീട്ടിലേക്കുള്ള മടക്കയാത്ര അയാളുടെ ശീലമോ അഥവാ വ്യക്തിപരമായി അയാൾ ഉണ്ടാക്കിയെടുത്ത തൊഴിൽനൈതികതയോ ആയിരുന്നു. ലോകം ഉറക്കത്തിൽ മലർന്നടിച്ചു കിടക്കുന്ന ആ നേരത്ത് കുറഞ്ഞ വേഗത്തിൽ ഒറ്റയ്ക്കു വണ്ടിയോടിച്ചു പോകുന്നത് അയാൾക്ക് ഏറ്റവുമേറെ പ്രിയപ്പെട്ട ശീലമായിരുന്നു. അന്തരീക്ഷത്തിലുണ്ടാകുന്ന സൂക്ഷ്മവ്യതിയാനങ്ങൾ, ഘ്രാണാനുഭവത്തിന്റെ സൂക്ഷ്മതകൾ എല്ലാം ഓഫീസിനും വീടിനുമിടയിലുള്ള പന്ത്രണ്ട് കിലോ മീറ്ററിനുള്ളിൽ അയാൾ അറിഞ്ഞിരുന്നു. ഓരോ മടക്കയാത്രയും അത്രയ്ക്ക് വ്യതിരിക്തമായിരുന്നു അയാൾക്ക്.
എന്നാൽ എന്തോ കാരണത്താൽ അയാൾ ചരമപ്പേജിലേക്ക് മാറ്റപ്പെടുന്നു.
പതിവു പോലെ അയാൾ പേജൊരുക്കുന്നു. പ്രിന്റിനു വെയ്റ്റ് ചെയ്യുന്നു. കണ്ണുകൾ കടലാസിലൂടെ തുഴയുന്നതിനിടയിൽ ഒരു സന്ദർഭത്തിൽ അയാളുടെ കൂട്ടുപുരികച്ചുളിവുകൾ ആ കാഴ്ചയിലെത്തുന്നു. ഒരു തവണകൂടി ആ അപാകത അയാൾ നോക്കി ഉറപ്പുവരുത്തുന്നു. പുറത്തിറങ്ങി ഇരുചക്രവാഹനം സ്റ്റാർട്ടാക്കുമ്പോൾ അയാൾ അതിനെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടില്ല. ട്രാഫിക് കുരുക്കിന്റെ നീണ്ട പകലുകളുള്ള ഒരു കവലയുടെ നിർജനതയിലെത്തുമ്പോൾ ആ ഫോട്ടോഗ്രാഫ് ഓർമയിലേക്ക് കഴുത്തു നീട്ടുന്നു.
പേജൊരുക്കുമ്പോൾ അതൊരു സാധാരണ പാസ്പോർട്ട് സൈസ് ഫോട്ടൊഗ്രാഫ് മാത്രമായിരുന്നു. അച്ചടിച്ചു വരുമ്പോൾ വായനക്കാരന്റെ കണ്ണുകളിൽത്തന്നെ നോട്ടമുള്ളത്.
പക്ഷേ അച്ചടിച്ചു വന്നതിൽ പ്രകമ്പനം കൊള്ളിക്കുന്ന വ്യതിയാനം. നോട്ടത്തിന്റെ ദിശ മറ്റെവിടെയോ മാറിയിരിക്കുന്നു.
അയാളുടെ ജീവിതത്തെ നിർണ്ണായകമായി സ്വാധീനിച്ച ചില കാര്യങ്ങളിൽ ആ ഫോട്ടൊഗ്രാഫിന് സ്വാധീനമുണ്ടാകാൻ പോകുന്ന സന്ദർഭമാണത്. അഥവാ കടന്നുപോയ സന്ദർഭവുമാണത്.
അയാൾ പത്രപ്രവർത്തകനാകാതിരുന്ന കാലത്ത്, വായനക്കാരനായിരിക്കുമ്പോൾ, ഫോട്ടോഗ്രാഫിലുള്ള ആൾ അയാളോട് സംസാരിച്ചിട്ടുണ്ടായിരുന്നു. പത്രമാസികകൾ ചൂണ്ടിയുള്ള ആ സംഭാഷണത്തിൽ ചിത്രങ്ങളുടെ വിന്യാസത്തെക്കുറിച്ച് അയാൾ പറഞ്ഞത് അയാൾ ഓർത്തു. അത് എയ്സ്തെറ്റിക്സിനെക്കുറിച്ചുമായിരുന്നു. അളവഴകുകൾ പേജിനെ സുന്ദരമാക്കുന്നതിനെക്കുറിച്ചും. പേജിന്റെ അറ്റത്തു നിന്ന് പുറത്തേക്കു നോക്കുന്ന ഒരു ചിത്രവും ഉണ്ടാകരുതെന്ന് അയാൾ പറഞ്ഞിട്ടുണ്ട്.
ഇടത്തേക്കു നോട്ടമുള്ള ചിത്രത്തെ ഒരിക്കലും പേജിന്റെ ഇടത്തേയറ്റം പ്രതിഷ്ഠിച്ച് പുറത്തേക്ക് നോക്കാൻ അനുവദിക്കരുത്. കഴിയുമെങ്കിൽ ഏറ്റവും വലതു ഭാഗത്ത്, അല്ലെങ്കിൽ ഉൾഭാഗത്ത് ഉൾപ്പെടുത്തി പേജിനുള്ളിൽത്തന്നെ നോട്ടമുറപ്പിക്കുക. (പുറത്തേക്കുള്ള നോട്ടങ്ങളെക്കുറിച്ചുള്ള സംഭാഷണത്തിന്റെ ഉച്ചനേരം) അയാൾ വീണ്ടും ഓർത്തെടുക്കുന്നു.
എങ്കിൽ, ഇവിടെ, നേർക്കുനേരെയുള്ള നോട്ടം പുറത്തേക്കു തെറിച്ചുപോയതിന്റെ വ്യംഗ്യം അയാളുടെ സൗന്ദര്യവീക്ഷണങ്ങളെയും തൊഴിൽ നൈതികതയെയും മാത്രമല്ല തികച്ചും വ്യക്തിപരമായ ഒരേകാന്തതയെക്കൂടി പ്രതിക്കൂട്ടിലാക്കുന്നുണ്ട്.
അങ്ങനെയെങ്കിൽ,
ഒരു ഫോട്ടൊഗ്രാഫിന്റെ കാഴ്ച ഒരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും?
അയാൾ എന്താണ്?

0 അഭിപ്രായ(ങ്ങള്‍):
Post a Comment