കടൽ പ്രമേയമാകുന്ന ഒരു ചലച്ചിത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അവൻ. കഥയുമായി വന്ന ആളോട് അതൊരു നോവലാക്കാൻ സ്കോപ്പുണ്ടല്ലോ എന്നു പറഞ്ഞ് നോവലെഴുത്തിലേക്ക് പറഞ്ഞുവിട്ടതിനെക്കുറിച്ചും അപ്പോൾ പറഞ്ഞിരുന്നു.
കടൽ കല്ലിച്ചു കിടക്കുന്ന ഒരു കഥാസന്ദർഭത്തെക്കുറിച്ചാണ് കടലോർമ്മയിൽ നിറയെ.
ഒരിക്കൽ കടൽ യാത്ര പോയ ഒരു പെൺകുട്ടി കടലിനെ മനസ്സിലാക്കുന്നത് ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗം മൂടിക്കിടക്കുന്ന നിശ്ശബ്ദതയായാണ്. പിന്നീട് പള്ളിക്കൂടത്തിൽ ഭൂപടത്തിലെയോ ഗ്ലോബിലെയോ നീല നിറം കാണുമ്പോൽ ഭൂമിയുടെ ഭൂരിഭാഗം മൂടിക്കിടക്കുന്ന നിശ്ശബ്ദതയെക്കുറിച്ച് അവൾ ഓർത്തുകൊണ്ടിരുന്നു.
നീലയെന്നാൽ നിശ്ശബ്ദത എന്ന് അവൾ മനസ്സിലാക്കിയിരിക്കണം.
റഹ്മാന്റെ ഒരു ഗാനത്തിലെ 'കാതലേ നീ കല്ലെറിഞ്ഞാൽ ഏതു കടലും കലങ്ങും' എന്നർത്ഥം വരുന്ന വരികൾ. അതിനെക്കാൾ ആ പാട്ടിലെ സാക്സഫോണിന്റെ പ്രയോഗം.
ഒന്നു രണ്ടു പതിറ്റാണ്ടു മുമ്പ് ഒരു യാത്രയിൽ കടൽത്തീരത്ത് ഒറ്റയ്ക്കു നിൽക്കുമ്പോൾ മരണത്തിന്റെ സാന്നിധ്യം തൊട്ടരികിൽ. ഞെട്ടിപ്പോയി. അത് ഉന്നം വയ്ക്കുന്നത് അവനെയാണെന്ന് തോന്നലുണ്ടായി. ഒറ്റക്കുതിപ്പ്. അവനുള്ള ഇടത്തേക്ക്. ബസ് യാത്രയിലുടനീളം അവന്റെ കാസറ്റ് പ്ലെയറിൽ നിന്ന് കേട്ടുകൊണ്ടിരുന്നത് കായൽപ്പാട്ടുകളായിരുന്നു. കാറ്റു നിന്നാൽ ഗാനം മൂളം അഷ്ടമുടിക്കായൽ
കഴിഞ്ഞ കൊല്ലം ഒടുക്കത്തിലോ ഇക്കൊല്ലം തുടക്കത്തിലോ അവൻ ഒന്നു രണ്ടു നാടകങ്ങൾ ചെയ്തിരുന്നു. മുറിക്കകത്തു പെട്ടുപോയൊരാളുടെ വെളിയിറക്കങ്ങൾ.
വയനാട്ടിൽ ഒരു സെമിനാരിക്കു വേണ്ടിയുള്ളതായിരുന്നു ഒരെണ്ണം.
മറ്റൊരെണ്ണം ഏതോ ഫെമിനിസ്റ്റിനു വേണ്ടി സർക്കാർ വിലാസം ഫണ്ടുപയോഗിച്ച് ചെയ്ത നാടകം.
അവൻ സങ്കടത്തോടെ പറഞ്ഞ ഒരു കാര്യം പ്രതിഫലത്തെക്കുറിച്ചാണ്. അതിലെ ചതിയെക്കുറിച്ചാണ്.
#SADist
0 അഭിപ്രായ(ങ്ങള്):
Post a Comment