Wednesday, 3 May 2023

പെട്ടെന്ന് യക്ഷി.

കുന്നിൻ മുകളിലല്ല യക്ഷിക്കു സ്ഥാനം.

നിരപ്പിൽ.

യക്ഷി ഇഷ്ടം.

എന്നാൽ കുന്നുകളോ?


കുന്നുകൾ ആഹ്ലാദത്തിന്റെ അമ്പരപ്പുകളായിരുന്നു, ഒരിക്കൽ. 

    കുന്നിൻമുകളിലേക്കുള്ള നടപ്പുകളും ചിലേടത്തു നിന്നു കിട്ടിയ അതിവിചിത്രവും ആകസ്മികവുമായ അനുഭവങ്ങളും പെട്ടെന്ന് ഒരു കുട്ടിയുടെ ദീനവിലാപം പോലെ അടച്ചിട്ടമുറിയുടെ പുറത്തു കൂടി പേടിച്ചരണ്ട് ഓടിപ്പോയതുപോലെ തോന്നും. 

    യാത്രാകാലങ്ങളിൽ, വിസ്മയഭരിതമായി കുന്നുകൾ വന്നും പോയുമിരുന്നു. കുണ്ട്രിരിക്കുമിടം കുമരനിരുക്ക് എന്നു പറയാറുണ്ട്. ഒരിക്കൽ കരടിക്കുന്നു കടന്ന് ഓറഞ്ച് തോട്ടങ്ങൾ താണ്ടി ഇഞ്ചിച്ചായയുടെ നറുമണത്തിന്റെ ഓർമയിൽ ഒരു യാത്രയുണ്ടായി. നടന്ന് ഊപ്പാട് വന്ന ഒരു വിചിത്ര യാത്ര. മലകയറിക്കയറിച്ചെന്നത് ഒരു ചെറു കോവിലരികിൽ. മലയാളരുടെ ഉൽസവത്തിനു ശേഷം തൊട്ടടുത്ത ദിനങ്ങളിലൊന്നിലെ അതിവിചിത്രമായ ഒരു പൂർവാഹ്നം.

    നിർജനമായ ഭൂവിടം. നിശ്ശബ്ദമൊഴുകും കാറ്റ്.

    ഒരു മുറിവുപോലെ കണ്ട മൺപൊത്ത്. അതിനുള്ളിൽ നുഴഞ്ഞിറങ്ങി നീന്തി നീങ്ങുമ്പോൾ മെല്ലെ മെല്ലെ അതൊരു ഗുഹാവഴിയായി വിടർന്നു വന്നു. നടക്കാമെന്നായി. ഉള്ളിലേക്കു പോകും തോറും നല്ല വെളിച്ചം. എവിടെ നിന്നായിരിക്കും. മറവു ചെയ്യപ്പെട്ട മണ്ണിനടിയിൽ ജഡത്തിന്റെ സഞ്ചാരപാതയെന്നു തോന്നും. കുറച്ചു നടന്നശേഷമാണ് ആ കാഴ്ച. ഒരു താലത്തിൽ ഫലങ്ങളും പുതിയ പൂക്കളും. എരിയുന്ന ദീപവും മണവും. 

    മറ്റൊരിക്കൽ പഴമുതിർച്ചോല താണ്ടി വനത്തിനുള്ളിൽ ചുറ്റിത്തിരിഞ്ഞൊരു പൂർവാഹ്നശോഭയിൽ ആയിരക്കണക്കിനു കുരങ്ങന്മാർ കൂട്ടമായെത്തി. ഒരു കൽക്കൂമ്പാരത്തിനരികിലിരുന്ന് അവരെത്തന്നെ നോക്കിയിരിക്കുമ്പോൾ സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഒരു കൂട്ടത്തിനുള്ളിലെന്ന പോലെ. 

    ആ കുരങ്ങന്മാർ പ്രിയങ്കരമായ മറ്റൊരു കുന്നിനെ ഓർമിപ്പിക്കും. 

    വീട്ടിൽ നിന്നു നോക്കുമ്പോൾ, തെങ്ങോലകൾക്കിടയിലൂടെ അത് പ്രത്യക്ഷപ്പെടാറുണ്ട്. കുട്ടിക്കാലം മുതൽ അതിനു മുകളിലേക്കു നടന്നു കേറിയ ഒറ്റയടിപ്പാത. (ഓർമയിൽ അത് മൃതമാണ്.)  തൊലിയിലൊട്ടുന്ന കാറ്റ്, പറങ്കിമാങ്ങയുടെയും വിയർപ്പിന്റെയും ഗന്ധം, അകലക്കാഴ്ചകളിലൊട്ടുന്ന സൂര്യനിറം, കാലൊച്ചകൾ, പകുത്തുതീറ്റി. പഞ്ചേന്ദ്രിയങ്ങൾ. 

    എത്രയോ വർഷമായിരിക്കുന്നു  ആ ഭൂവിടം അകന്നകന്നു പോയിട്ട്!!

    അകലത്തു നിന്ന് അതിന്റെ കാന്തികസാന്നിധ്യത്തിലൂടെ അതീവ കുട്ടിക്കാലം മുതൽ, സ്കൂൾക്കാലം മുതൽ ഓണക്കാലവും ഹർത്താലും ബന്തും കോളേജിലെ സഹപാഠികൾക്കൊപ്പമുള്ള ഏതോ രാത്രി സഞ്ചാരം മുതൽ യാത്രാവിലക്കു പോലെ ഉച്ചിയിൽ വന്നു വീണു ചിതറിത്തെറിപ്പിച്ച കാലം വരെ എന്തെന്തോർമ്മകൾ..

    മാർച്ചിൽ വിചിത്രമായ കാഴ്ച ആ കുന്നിനെ ചുറ്റിയുണ്ടാകും.  

    തിരക്കുപിടിച്ച കുറെ കുട്ടികൾക്കിടയിലൂടെ - ചിലപ്പോൾ ഒരു കപ്പലണ്ടിമുട്ടായിയൊക്കെ തിന്ന് - അകലത്തു നിന്ന് ആ കുന്നിനെ നോക്കിനിൽക്കുന്നതിന്റെ അലസമാമൊരു ലാസ്യത .  കഴിഞ്ഞ കുറെ വർഷങ്ങളിൽ അതില്ലായിരുന്നു. ഇക്കൊല്ലം വീണ്ടും തിരക്കും നിശബ്ദതയുമേന്തിയ കുട്ടികൾക്കിടയിലൂടെ  അവനെത്തന്നെ നോക്കിനോക്കി ഞാൻ...


വേർപിരിഞ്ഞൊരാളുടെ സ്മരണ ഇപ്പോൾ ആ കുന്നിനെയും യക്ഷിയെയും വെട്ടപ്പെടുത്തൂന്നു. മരണപ്പെട്ടൊരാൾ മുന്നോട്ടുള്ള ഓർമയെ സ്വീകരിക്കാറില്ല.


    പിറന്ന മണ്ണിൽൽ നിന്ന് ഇറക്കിവിട്ടൊരാളെപ്പോലെ ഓർമകളാൽ പിന്തുടരപ്പെടുമ്പോൾ നഷ്ടക്കൂട്ടത്തിൽ ആ ജീവികളുമുണ്ട്.


        സഹസ്രാബ്ദങ്ങൾക്കകലെ നിന്നെന്ന പോലെ ആ പ്രിയങ്കര കൂട്ടുകാർ.  

        അകന്നുപോയവർ!




 


 



0 അഭിപ്രായ(ങ്ങള്‍):