കാലത്തു തന്നെ ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ട ചെറിയ ക്ലാസിലെ ഒരു കുട്ടി. അസംബ്ലി കഴിഞ്ഞ് അവൻ വരിതെറ്റാതെ ക്ലാസിലെത്തി. പിൻബെഞ്ചിൽ തന്റെ സ്ഥാനത്തിരുന്നു. അപ്പോഴാണ് ടീച്ചറുടെ നോട്ടം. അത് കുട്ടിക്കു മേൽ വീണു. അവൻ ക്ലാസിനു പുറത്താക്കപ്പെട്ടു. അവൻ പുറത്താക്കപ്പെട്ടപ്പോൾ അവന്റെ തൊട്ടടുത്തിരുന്ന കുട്ടിക്ക് നൊന്തു. അവന്റെ ചെവിയിലാണ് പുറത്താക്കപ്പെട്ടവൻ അത് പറഞ്ഞത്. താൻ നട്ട പാവലിൽ ആദ്യത്തെ പൂവ് വിടർന്നതിനെപ്പറ്റി. അതിൽ പുലർകാല വെയിൽ തിളങ്ങി നിന്നതിനെപ്പറ്റി. അതിശയത്തിന്റെ കോരിത്തരിപ്പിലേക്ക് കേൾവിക്കാരൻ കുട്ടിയുടെ ഉടൽ വളരാൻ തുടങ്ങിയ നിമിഷത്തിലാണ് പുറത്താക്കൽ സംഭവിച്ചത്!
നേരം അവനു നഷ്ടമായി. ക്ലാസ്മുറിക്കുള്ളിലെ ദീർഘവും കളിക്കളത്തിൽ ഇടവേളകളിലെ ഇത്തിരിയും. അവന്റെ ദീർഘവും ഇത്തിരിയും വരുന്ന പ്രിയതകൾ എടുത്തുമാറ്റപ്പെട്ടു. ടീച്ചറോ? അവനെ മൈൻഡ് ചെയ്തതേയില്ല. എപ്പോഴോ ഒരിക്കൽ കടന്നു പോകുന്നതിനിടയിൽ അവനെ രൂക്ഷമായി നോക്കി. അത്രമാത്രം. അവൻ ഒരിറക്ക് വെള്ളമില്ലാതെ, ഭക്ഷണം കഴിക്കാതെ അതേ നില്പുനിന്നു. വിലക്കിന്റെ അദൃശ്യവല അവനുമേൽ വീണു. കൂട്ടുകാരാരും അവനെ ഗൗനിച്ചില്ല. തെല്ലകലെയെവിടെയോ നിന്ന് ഒരു കേൾവിക്കാരന്റെ മാത്രം സ്നേഹനിർഭരമായ നോട്ടം ഇടയ്ക്കെപ്പോഴോ അവന്റെ കണ്ണിൽ തട്ടാതെ കടന്നുപോയി.അധ്യാപിക ഉച്ചഭക്ഷണക്കണക്കെഴുതി. സഹാധ്യാപികയുടെ പുത്തൻ സാരിയിൽ തൊട്ട് അതിശയം കൂറി. ഒട്ടേറെ പൊട്ടിച്ചിരികളിലൂടെ ഒഴുകി. സ്റ്റാഫ് റൂമിൽ സംഘടിപ്പിച്ച വിശേഷാഘോഷത്തിൽ സംസാരിച്ചു. ഭക്ഷണശേഷം ഐസ്ക്രീം ഡപ്പ കളയാനിറങ്ങിയപ്പോൾ കുറ്റിപോലെ ക്ലാസ്മുറിക്കു മുന്നിൽ നിൽക്കുന്ന കുട്ടിയെ അലസമായി നോക്കി. ചുവപ്പും നീലയും മഷിനിറങ്ങളിലും ചോക്കിന്റെ വെണ്മയിലും സ്വയം വിസ്മൃതയായി.
വൈകുന്നേര ബെല്ലിനു മുമ്പ് ടീച്ചർ കുട്ടിയുടെ അടുത്തെത്തി. താക്കീതിന്റെ റൂട്ട്മാർച്ച് കുട്ടി കേട്ടു. അവൻ തല കുമ്പിട്ടു നിന്നു.
ആ ഒരൊറ്റ ദിവസം. പാഠപുസ്തകത്തിൽ നിന്നല്ലാതെ വെയിൽ തിളങ്ങുന്ന മഞ്ഞനിറത്തെ അവൻ അറിഞ്ഞു.
0 അഭിപ്രായ(ങ്ങള്‍):
Post a Comment