Sunday, 4 December 2022

ഭ്രഷ്ടിന്റെ രാഷ്ട്രീയം

ഭ്രഷ്ട് സൃഷ്ടിക്കപ്പെടുമ്പോൾത്തന്നെ, അധികാരത്തിന്റെ പ്രച്ഛന്ന രൂപങ്ങൾ അതിന്റെ പിന്നിലുണ്ടല്ലോ, എല്ലായ്പോഴും!! 

ജീവനോടുള്ള ആദ്യത്തെ വെല്ലുവിളിയാണ് ഭ്രഷ്ട്. തോളത്തു തട്ടി (ജീവന്) പുറത്തേക്കുള്ള വഴികാട്ടൽ. അതിരുകൾ നിശ്ചയിച്ച് അകറ്റിനിർത്തിക്കൊണ്ട് അപമാനവീകരിക്കലാണ് അതിന്റെ ആദ്യ പടവും അടവും. ഇടങ്ങളിൽ നിന്നുള്ള അപ്രത്യക്ഷമാക്കൽ അതിന്റെ  മർമ്മപ്രധാനമായ പദ്ധതിയാകുന്നു. അധികാരം പ്രച്ഛന്നരൂപത്തിൽ നിരന്തരം പ്രയോഗിക്കപ്പെട്ടുകൊണ്ടിരിക്കും. സ്വാഭാവികമായ ശ്വാസവ്യവസ്ഥയെ നിഷേധിക്കുകയും ഉള്ളവയുടെ വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മറ്റൊരർത്ഥത്തിൽ, ഉള്ളവയെ ഇല്ലായ്മ ചെയ്യലാണ് അതിന്റെ പണി. സൂക്ഷ്മതലത്തിലാകും അതിന്റെ എല്ലാ ഇടപെടലുകളും. ഏതൊരു രാഷ്ട്രീയവും ഘടനാപരമായ മറിച്ചിടലാണെന്നു കരുതാമെങ്കിൽ, ഘടനകളെ അഴിച്ചു പണിയുന്ന ശക്തമായ ഉപകരണമാണ് ഭ്രഷ്ട്.  മാത്രമല്ല, സ്വാഭാവികമായ സ്ഥിതിവിശേഷം മാത്രമാണ് ഭ്രഷ്ടിലുള്ളതെന്ന് ആ ഘടന ആവർത്തിച്ചു പറഞ്ഞുറപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കും. അത് താരതമ്യങ്ങളെ പ്രോത്സാഹിപ്പിക്കും. താരതമ്യം എന്നത് സൂക്ഷ്മാധികാരഘടനകളുടെ നട്ടെല്ലു തന്നെയാണെന്നും നിരീക്ഷിക്കാൻ കഴിയും. അകറ്റിനിർത്തലും അന്യവൽക്കരണവും സാധ്യമാക്കുന്ന വിധത്തിലാണല്ലോ സൂക്ഷ്മാധികാരഘടനകൾ അനുനിമിഷം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 

ഘടനാമാറ്റങ്ങൾക്ക് വഴിപ്പെടാത്ത ഒരു മണ്ടൻ നെൽക്കർഷകനാണ് നിങ്ങളെന്നു കരുതുക. ചുറ്റുമുള്ള കണ്ടങ്ങളെല്ലാം മണ്ണിട്ടു നികത്തി, ഉയർന്ന വിലയ്ക്കു വിറ്റു പോകുന്നവർക്കിടയിൽ, പടർന്നു മുന്നേറുന്ന നഗര ഗീതങ്ങൾക്കിടയിൽ പഴയ നെൽക്കൃഷിയുമായി നിൽക്കുന്നൊരാളാണു നിങ്ങളെങ്കിൽ, പുറമ്പോക്കുവൽക്കരിക്കപ്പെട്ട നിങ്ങളോട് പുതിയ ഘടനയുടെ ഗർജ്ജനങ്ങളും കല്പനകളും അടക്കിപ്പിടിച്ച  കല്പനകളും എങ്ങനെയൊക്കെയായിരിക്കും.?

സ്നേഹശൂന്യതയാണ് അതിന്റെ പശ. 

ഭ്രഷ്ട്, ജീവനോടുള്ള ആദ്യത്തെ വെല്ലുവിളിയാണ്.


  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പ്രാണിലോകത്തെക്കുറിച്ചാണ് നിങ്ങളും നിങ്ങളുടെ ഓർമയും. വയൽപ്രാണികളിലേറെയും അപ്രത്യക്ഷമായിരിക്കുന്നുവെന്ന വേവലാതിയാണു നിങ്ങളെങ്കിലോ?

പുറത്തേക്കുള്ള വഴികൾ

(അപൂർണ്ണം)


 

0 അഭിപ്രായ(ങ്ങള്‍):