ഓർമ്മക്കേടുകളിൽ ഭ്രഷ്ടിന്റെ വ്യസനം നീറിനിൽക്കുന്ന വൈകുന്നേരങ്ങളിലൊന്നിൽ ഒരു ഓർമയെഴുത്ത് ഓർത്തിരിക്കുകയായിരുന്നു അവൾ.
കല്യാണപ്പുരകളിൽ ഭക്ഷണത്തിനു വേണ്ടി കാത്തുനിൽക്കാറുള്ള മനുഷ്യരെക്കുറിച്ച്. മറ്റുള്ളോരൊക്കെയും തിന്നു പോയശേഷം മിച്ചം വരുന്നതിനു വേണ്ടി കാത്തു നിൽക്കുന്നവർ. മറ്റുള്ളോർക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കാനാവാത്തവർ. അസ്പൃശ്യതകളും അകറ്റിനിർത്തലുകളും ഉള്ളതിനാൽ അദൃശ്യർ പോലുമാണവർ.
അങ്ങനെയെങ്കിൽ, അവളും അവരിലൊരാളല്ലേ? ഒരു പുറത്തിരി!
തിരുത്തേണ്ടി വരും.
അവളുടെ ഓർമയിലുള്ളതും അവൾക്ക് ഏറ്റവും പരിചിതമായതുമായ ഒരാളെ അവൾക്ക് ഓർമയിലെടുക്കേണ്ടി വരും. അകറ്റിനിർത്തലിന്റെ ഒറ്റുകാലത്തിനുള്ളിൽ ഒറ്റപ്പെട്ട് ഭക്ഷണം ഉപേക്ഷിച്ച് അനീമിയയുടെ തോളിൽ തൊട്ടു സഞ്ചരിച്ച് മരണത്തിന്റെ ഇരുട്ടു ഗോവണിയിൽ തൊട്ടു നോക്കി അബോധമായി ജീവന്റെ ഈർപ്പത്തിലേക്കു മടങ്ങിവരുന്നവരുടെ ഓർമ പേറുന്ന ആ മനുഷ്യജീവി അവൾക്ക് അത്ര പരിചിതമാണ്. ഏറെ നേരങ്ങളിലും ആ ജീവി അവളാണ്. ഒരു പുറത്തിരി!
തിരുത്തേണ്ടി വരും.
അത് അവൾ തന്നെയാണ്.
ഭ്രഷ്ടു ഭ്രഷ്ടായി അടുക്കപ്പെട്ട ഇരുട്ടറിവുകളാണ് അവളെങ്കിൽ...
അവൾക്കുമേൽ ഭ്രഷ്ടിന്റെ കൂമ്പാരം എറിഞ്ഞൊരാളെ അവൾ സവിശേഷം മനസ്സിലാക്കുന്നു.
അത് അവൻ തന്നെയാണ്. ഒരിക്കൽ അവന്റെ മുറിയിൽ നിന്ന് അവൾ ഇറക്കിവിടപ്പെടുന്നുണ്ട്. പ്രിയങ്കരമായ ഒരു ഗന്ധം അറുത്തുമാറ്റപ്പെടുന്നുണ്ട്. "ഇറങ്ങിപ്പോകെന്നു നീ വിരൽ ചൂണ്ടുന്നതിനു മുമ്പു ഞാൻ പൊയ്ക്കഴിഞ്ഞിരിക്കും" എന്നോർത്ത് ആ മുറിയിൽ നിന്ന് അവൾ ഇറങ്ങുന്നു. പിന്നീടൊരിക്കലും അവൾ അതിനുള്ളിൽ പ്രവേശിക്കുന്നതേയില്ല. അവളുടെ അഭാവത്തിന്റെ ആ മുറി ഭ്രഷ്ടിന്റെ അടിവരയാകുന്നു; ഓരോ നിമിഷവും. (മുറി ഒരു രൂപകം)
ഭക്ഷണപ്പാത്രത്തിനു മുന്നിൽ നിന്ന് പിടിച്ചിറക്കപ്പെട്ട കുട്ടിയെപ്പോലെ അവൾ...
ഒരിക്കൽ അവൻ എഴുതിയ സാഹിത്യത്തിന് ആദ്യമായി സമ്മാനമോ പ്രതിഫലമോ മറ്റോ ലഭിക്കുമ്പോൾ അവൾ അവനോട് ഒരു കാപ്പിമണം പങ്കിടാമെന്നു പറയുകയും അവൻ പരിഹാസത്തോടെ നിഷേധിക്കുകയും ചെയ്യുമ്പോൾ അവന്റെ വരികൾക്കിടയിലെങ്ങോ താൻ കുരുങ്ങിക്കിടപ്പുള്ളത് അവൾ ഓർത്തു. പിന്നീട് ഒരിക്കൽ അവന്റെ ക്ഷണപ്രകാരം ഏതോ ഒരു മരത്തണലിലിരിക്കവേ ഒരുമിച്ച് ഭക്ഷണം കഴിക്കുന്നതിനെക്കുറിച്ച് അവൾ സ്വപ്നം പങ്കിടുന്നു. അപ്പോഴും പരിഹാസത്തോടെ അവൻ പറയുന്നത്, “...യ്യോ അമ്മേന്നെ ചണ്ടോടിക്കും" എന്നോ മറ്റോ ആയിരുന്നെന്നും അവൾ ഓർക്കാറുുള്ളത് ഒരു പുറത്തിരിയുടെ മനസ്സോടെ.
എന്നാൽ കല്യാണപ്പുരകളിലോ പൊതു ഇടങ്ങളിലോ അവൾ പ്രത്യക്ഷപ്പെട്ടതേയില്ല. ഭ്രഷ്ടേറ്റൊരാളുടെ അടവാതിലിൽനുള്ളിൽ ആരുമറിയാതെ ഒരു പല്ലിയെപ്പോലെ അവൾ ഒതുങ്ങിയൊളിഞ്ഞിരുന്നു.
എല്ലായിടവും അവനാൽ നിറയപ്പെടട്ടെ എന്ന് അവൾ തീരുമാനിച്ചൂ.
അവൾക്ക് പ്രിയപ്പെട്ടൊ
അവൾകൂടിയുണ്ടാകണം തന്റെ വിവാഹ ഫോട്ടോയിൽ എന്ന് അവൾക്കു പ്രിയങ്കരിയായ ഒരു പെൺകുട്ടിക്ക് തോന്നിയിട്ടുണ്ടെങ്കിൽ, ഒരു കപ്പു പായസവുമായി നിന്ന് ആ പെൺകുട്ടിയോട് ചിരിച്ചുകൊണ്ട് വർത്തമാനം പറയാനായില്ലല്ലോ എന്ന തോന്നൽ അവൾക്കും ഉണ്ടായിട്ടുണ്ടെങ്കിൽ, ഇടങ്ങളിലെ അപ്രത്യക്ഷമാകൽ എന്ന പ്രമേയം ആഴത്തിലാഴത്തിൽ അവളെ സ്പർശിച്ചിട്ടുണ്ട് എന്ന് അവൾ തിരിച്ചറിഞ്ഞതിനാലുമാകാം. ആ ശൂന്യപ്പെടലിൽ അവൻ നിറയട്ടെ, അവന്റെ പൊട്ടിച്ചിരികളുടെയും അർമാദങ്ങളുടെയും ലോകം വിടരട്ടെ എന്നവൾ നിനച്ചതിനാലുമാകാം.
പുറത്തിരി എന്നത് ഒരു സാമൂഹികാവസ്ഥയെന്ന പോലെ മാനസികാവസ്ഥ കൂടിയാണെന്ന് അവളെ ഓർമപ്പെടുത്തിയത് അവനാണ്.
അവളില്ലാത്ത ഓരോ പേജിലും അവൻ നിറഞ്ഞു തുളുമ്പി!
കല്യാണപ്പുരകളിലോ പൊതു ഇടങ്ങളിലോ അവൾ പ്രത്യക്ഷപ്പെട്ടതേയില്ല.
പുറത്തിരി എന്നത് ഭ്രഷ്ടാക്കപ്പെട്ട ഓരോരുവരുടെയും അകനീറ്റൽ കൂടിയാകണം.
എരുമമാടിന്റെ മുതുകിലേറ്റ കനത്ത പ്രഹരം പോലെ അത് ചരിത്രത്തിന്റെ ഇടുക്കുകളിൽ തിണർപ്പിട്ടു കിടക്കും.
(അപൂർണ്ണം)
0 അഭിപ്രായ(ങ്ങള്‍):
Post a Comment