ഹൃദയാരോഗ്യ വിദഗ്ധന്റെ ഉപകരണത്തണുപ്പിൽപ്പെട്ടുകിടന്ന ഒരു സന്ധ്യാവേളയിൽ അവളുടെ ഓർമയിൽ തട്ടിനിന്നതെന്താവാം? ഒരുപക്ഷേ അത് ഒരു വൈകുന്നേരമാകാം. അതോ ഭ്രഷ്ട് എന്ന വ്യഥ മുറ്റിനിന്ന കുറെ വർഷങ്ങളോ? പരിശോധനാറിപ്പോർട്ടുകളുമായി ഓടിനടക്കുന്ന പെൺകുട്ടി പറഞ്ഞ വാക്കുകൾക്ക് അവൾ ശ്രദ്ധകൊടുത്തില്ല. ഒരുപക്ഷേ അവൾ ഓർത്തത് ആ വൈകുന്നേരത്തെ തന്നെയെങ്കിൽ അതെന്തുകൊണ്ടാകാം? അവന്റെ ബൈക്ക് വൈകുന്നേര വെയിലേറ്റു നടക്കുന്ന അവളുടെ അരികിലെത്തുമ്പോൾ അവൾ ഒരു ഫോൺകോളിൽപ്പെട്ടുപോകുന്നു. ഒരു കൗമാരക്കാരിയുടെ ജീവന്റെ തുടിപ്പുകളെ, മറുതലയ്ക്കലുള്ള ആളുടെ ആകുലതകളിലൂടെ കേട്ടുകൊണ്ടിരിക്കവെയായിരുന്നു അവന്റെ വരവ്. ചിരിച്ചുകൊണ്ട് അവൻ അരികിൽ നിന്നപ്പോൾ അവൾക്ക് അകലമേറെ തോന്നിയതെന്താവാം? അവർ തമ്മിലുണ്ടായ അകലത്തിന്റെ വേലിയിറക്കങ്ങളിൽ അവളുടെ ഓരോ ഇഞ്ച് മണ്ണും ഒഴുകി മറഞ്ഞത് അവൻ ആസ്വദിച്ചുകൊണ്ടിരുന്നു. (നീണ്ട ആ ഇടവേളകളിലെപ്പോഴോ ഭ്രഷ്ട് എന്ന യാഥാർത്ഥ്യം അവൾ തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു) അവന്റെ കുശലങ്ങൾക്ക് അവൾ മൂങ്ങയെപ്പോലെ മൂളി നിന്നതേയുള്ളൂ. താങ്ങാനാവാതെ കണ്ണുകൾ ഊർന്നുവീണത് അവന്റെ ബൂട്സിന്റെ പ്രതലത്തിളക്കത്തിൽ. രണ്ടു രാജ്യങ്ങളെ അവൾ അവിടെ കണ്ടു. നിരാർദ്രമായ കരിങ്കൽ മെത്തയിൽ അവളുടെ പാദങ്ങൾ ഒറ്റപ്പെട്ടുനിന്നു. ചൂടുനീരുറവയുടെ ഓർമപേറുന്നൊരു ബാഷ്പകണമാണവളെങ്കിൽ, ഉപകരണത്തണുപ്പിന്റെ ആ സന്ധ്യാവേളയിൽ അവളുടെ ഓർമയിൽ തട്ടിനിന്നതെന്താവാം? ഒരുപക്ഷേ അത് ഒരു വൈകുന്നേരമല്ലെങ്കിൽ (തീർച്ചയായും) ഭ്രഷ്ട് എന്ന വ്യഥ മുറ്റിനിന്ന കുറെ വർഷങ്ങൾ തന്നെയായിരിക്കാം.
അങ്ങനെയെങ്കിൽ, ഭക്ഷണപ്പാത്രം ഒരു രൂപകം. പഴയൊരു സന്ധ്യാവേളയിൽ ചെറുപട്ടണത്തിലെ സസ്യഭോജനശാലയിൽ ഭക്ഷണത്തിനു മുന്നിലിരിക്കുമ്പോൾ അവർ യാത്രകളെക്കുറിച്ച് സംസാരിച്ചുകൊണ്ടേയിരുന്നു. അതിൽ ഹിമാലയയാത്ര കടന്നുവന്നു. അവർ ഒരുമിച്ച് ഹിമാലയത്തിലേക്കു പോകുന്നതിനെക്കുറിച്ച് തമിഴ്മണമുള്ള ഭക്ഷണശാലയിലിരുന്ന് അപ്പോൾ അവർ സംസാരിച്ചു. ഭക്ഷണപ്പാത്രം ഒരു രൂപകമെങ്കിൽ, യാത്ര കേവലം യാഥാർത്ഥ്യം മാത്രം. എങ്കിൽ എങ്ങനെയാണ് ഭക്ഷണവേളയിൽ നിന്ന്, യാത്രകളിൽ നിന്ന്, ഇടങ്ങളിൽ നിന്ന് അവൾ പുറത്താക്കപ്പെട്ടത്?
ഒരു ഗ്ലാസ് വെള്ളത്തിൽ പതിക്കുന്ന മഷിത്തുള്ളികൾ പോലെ, ഒരു കുളത്തിൽ പടരുന്ന എണ്ണപ്പാട പോലെ ഭ്രഷ്ട് ഏങ്ങിയേങ്ങി പടരുന്നത് അവൾ വർഷങ്ങളിലൂടെ തിരിച്ചറിഞ്ഞുകൊണ്ടിരുന്നു.
അവൾക്കൊപ്പം ഭക്ഷിക്കാതിരിക്കാൻ, യാത്ര ചെയ്യാതിരിക്കാൻ, സിനിമ കാണാതിരിക്കാൻ, കൂട്ടുകൂടാതിരിക്കാൻ, പടം പിടിക്കാതിരിക്കാൻ-- അവൻ സൂക്ഷ്മതയോടെ ശ്രദ്ധിച്ചു. തന്റെ ഗുണ്ടകൾക്കൊപ്പം നേരം ചെലവിട്ടും വെട്ടിപ്പിടിച്ചും വെന്നിക്കൊടി പാറിച്ചും മുന്നേറുന്നതിനിടയിൽ ഇടയ്ക്കിടെ അവൻ അവളെ കാണാനെത്തി. അവളുടെ ദുരിതം ആസ്വദിക്കാൻ. ഒരിക്കൽ അവനും അവളും ഒരു മരത്തണലിൽ സന്ധിച്ചപ്പോൾ അവൾ ഒരു കുഞ്ഞു സമ്മാനം അവന്റെ കൈവെള്ളയിൽ ഏറെ ഹൃദ്യതയോടെ വച്ചുകൊടുത്തു. അന്നേരവും അതിനു ശേഷവും അതിനാൽത്തന്നെ അവൾ അപഹസിക്കപ്പെട്ടു. അവൾകൂടി പങ്കെടുക്കേണ്ടിയിരുന്ന ഒരു ഉത്സവവേളയിൽ (അവളുടെ അഭാവത്തിലും അവന്റെ ഗുണ്ടകൾ മിഴിചിമ്മുന്ന ക്യാമറക്കണ്ണുകളിൽ നിറഞ്ഞു നിന്നിരിക്കണം) നിന്ന് മടങ്ങിയ ശേഷം അവൻ ആ സമ്മാനത്തെ പ്രതി അവളെ അപഹസിച്ചു കൊണ്ടേയിരുന്നു. അവന്റെ ഓരോ കടന്നു വരവിനുശേഷവും തന്റെ ദുരിതം മൂർച്ഛിക്കുന്നത് അവൾ തിരിച്ചറിഞ്ഞു. എന്തുകൊണ്ടോ അപ്പോഴൊക്കെ അവളുടെ ഓർമയിലെത്തിയത് ഒരു ഓർമപ്പുസ്തകത്തിലെ അനുഭവമായിരുന്നു. അത് അവനു വായിക്കാൻ നൽകിയത് അവളായിരുന്നു. അതിലെ സവർണ്ണ സ്ത്രീ കഥാപാത്രം സംസ്കൃതം ഉച്ചരിക്കുന്ന ഒരാൾക്കു വേണ്ടി ഒപ്പമുണ്ടായിരുന്നവനെ വലിച്ചെറിയുന്ന വിവരണമുണ്ട്.
ഇരുട്ടുവാസക്കാലത്ത് അവൾക്ക് പ്രിയങ്കരങ്ങളെല്ലാം നഷ്ടമായിത്തീർന്നു. കൂട്ടുകാരും ആഘോഷവേളകളും കടലെടുത്തു. യാത്രയും ചലച്ചിത്രവും സംഗീതവും വായനയും നഷ്ടപ്പെട്ടു; ചലനവും കാഴ്ചയും കേൾവിയും ഓർമയും പോലെ. ഭ്രഷ്ട് എന്താണെന്ന് ജീവിതത്തിന്റെ ആഴങ്ങളിൽ നിന്ന് അവൾ തിരിച്ചറിഞ്ഞു.
അവനെ ഏറ്റവും ഒടുവിൽ കണ്ട വൈകുന്നേരത്തിന്റെ അടുത്ത ദിവസങ്ങളിൽ ഹൃദയം ദ്രവിക്കുന്നത് അവൾ അറിഞ്ഞു. സ്വാഭാവികമെന്ന പോലെ അവൾ നോവുണ്ടു നടന്നു. പിന്നെ മരുന്നു ചെല്ലം ചുമന്നു. സ്വാഭാവികമെന്ന പോലെ അത് ഉപേക്ഷിച്ച് മറ്റെന്തിനോ വേണ്ടി കാത്തു.
തന്റെ ദുരിതകാലത്തിനുമൽ എണ്ണപ്പാട പോലെ പടരുന്നു അവൻ എന്ന തിരിച്ചറിവും ഭ്രഷ്ടിനെ ദാർശനികമായി സ്വയം വിവരിക്കാൻ കഴിയായ്കയും അവളെ അധീരയാക്കി.
അവന്റെ ബൂട്സിന്റെ പ്രതലത്തിളക്കം പോലെ ഭ്രഷ്ട് വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു.
(അപൂർണ്ണം)
0 അഭിപ്രായ(ങ്ങള്‍):
Post a Comment