Monday, 31 October 2022

അവനവന്റെ കുപ്പായങ്ങൾ

 

...അങ്ങനെയെങ്കിൽ അത് ഒരു രക്തത്തുള്ളിയുടെയും ചിലന്തിവലയുടെയും 'മറവിയിൽ പുതയ്ക്കപ്പെട്ട' ചരിത്രമാണ്. പിറക്കാതെ പോയ അഥവാ പിറക്കുന്നതിനു മുൻപ് കൊരവള്ളി പറിച്ചെറിയപ്പെട്ട ശിശുവിന്റെ ഗന്ധമുള്ള ചരിത്രം എന്നുപോലും സങ്കല്പിക്കാം. പക്ഷേ നീ അത് ഉടുപ്പുകളായി അറിയുന്നു. ഇല്ലാത്ത, അഥവാ അണിയാത്ത ഉടുപ്പുകളെങ്കിലുമാണ് നിന്റെ ചരിത്രം. നിന്റെ മുറിയുടെ റോസ് നിറത്തിലുള്ള ചായം പൂശിയ ചുമരുകൾ. മുറിക്കുള്ളിൽ കൊട്ടിയടയ്ക്കപ്പെട്ട നീ. ഇടതു ചൂണ്ടു വിരൽത്തുമ്പിൽ  'ഉരുണ്ടു കൂടാതെ പോയ ഒരു തുള്ളി രക്തം' നോക്കി ഇരിക്കുന്നു. മുന്നിൽ കുറെ പഴഞ്ചിലകൾ. നൂലാപ്പീസെന്ന് മറ്റുള്ളവർ പരിഹസിക്കും വിധം പിഞ്ഞിത്തുടങ്ങിയ വസ്ത്രങ്ങളുമായി  മല്ലിട്ടുകൊണ്ടിരിക്കുന്നു. നൂൽകോർത്ത സൂചി ചൂണ്ടുവിരൽത്തുമ്പിൽ തറയ്ക്കുമ്പോൾ അരാഗ്നെയെ ഓർക്കുക. 

ഒരൊറ്റ നൂലിന്റെ ഓർമ്മയാണത്.

      നിന്നെയോർത്തു പിടയുന്നത് നിന്റെ കുപ്പായങ്ങളല്ലെങ്കിൽ പിന്നെ മറ്റെന്താണ്? 

എത്രയോ കാലമായി നീ പുതുവസ്ത്രങ്ങൾ അണിയാറേയില്ല.  

ജവുളിക്കടകളുടെ പുതുഗന്ധത്തിൽപ്പെടാത്ത ഉടലുമായി  നടന്ന വർഷങ്ങളിൽ (പൊതുവെ മിനിമലിസ്റ്റായ) നിന്റെ തിരിച്ചറിവുകളിലൊന്ന് വസ്ത്രധാരാളിത്തത്തെക്കുറിച്ചായിരുന്നു. പതിറ്റാണ്ടുകൾ താണ്ടിയ കുപ്പായങ്ങൾ മാത്രമണിഞ്ഞു നടക്കുന്നൊരാൾക്കു മാത്രം മനസ്സിലാകുന്നത്! എന്നിട്ടും ചിലപ്പോൾ അവ സങ്കടത്തോടെ നിന്നോട് സംസാരിച്ചിട്ടുമുണ്ടാവണം. നീ സഞ്ചരിച്ച എത്രയെത്രയിടങ്ങൾ! അവിടെയെല്ലാം നിന്റെ ദേഹത്തൊട്ടി അവയും ഒപ്പമുണ്ടായിരുന്നു. കാറ്റുകാലത്ത് പട്ടം പറത്തിയ ചരിവുകൾ. നിലാവണിഞ്ഞ കുന്നുകൾ. നദീതീരങ്ങളും ഉറവകളും ഉറവിടങ്ങളും. ഉത്സവപ്പറമ്പുകൾ. ചന്തകൾ. നാട്ടുവഴികൾ. പൊതു ഇടങ്ങൾ. ഭക്ഷണവേളകൾ. തർക്കങ്ങൾ. പൊട്ടിച്ചിരികൾ. ആഹ്ലാദങ്ങൾ... എല്ലാത്തിനും ഒപ്പമുണ്ടായിരുന്ന അവയ്ക്കറിയുമോ, ഇരുട്ടിലേക്കു നീ ചുരുട്ടപ്പെട്ടത് എന്തിനാലെന്ന്. മലമുകളിലേക്കു നടക്കൂ എന്ന് ഒരു വരയൻ കുപ്പായം നിന്നോട് കെഞ്ചുന്നു. എത്ര കൊല്ലമായിരിക്കുന്നു നീ ആ മലമുകളിൽ അലഞ്ഞു നടന്നിട്ടെന്ന് അത് പിറുപിറുക്കുന്നു. കാടിന്റെ ഇളം പച്ച മണമുള്ളൊരു കുപ്പായം കരോടിയന്റെ ഒച്ച ഏറ്റുപറയുന്നു.  മറ്റൊരെണ്ണം ഏതോ വെള്ളച്ചാട്ടത്തിലെ കാറ്റൊഴുക്കിന്റെ നനവറിയുന്നു.  തിരുവോണനാളിൽ വിടപറഞ്ഞ ചങ്ങാതിയുടെ സ്വന്തമെന്ന്  അലമാരയ്ക്കുള്ളിലുള്ള കാവിക്കുപ്പായം നിന്നെ ഓർമിപ്പിക്കുന്നു. അതിനുള്ളിൽ അയാളുടെ ഉടൽ കനക്കുന്നു. കുപ്പായങ്ങൾ നിന്നോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നു.


ഓരോ വർഷവും ഓണക്കോടിയായെത്തിച്ചേർന്ന് പഴങ്കോടിയായിത്തീർന്ന വസ്ത്രങ്ങൾ മൂലയിലെ അടുക്കിലിരുന്ന് വ്യസനിക്കുന്നു. 'ഒന്നു തൊടൂ' എന്ന് അവ നിന്നോട് കെഞ്ചുന്നു. നീയോ? പിന്നിത്തുടങ്ങിയ പഴഞ്ചിലകൾ തുന്നിയുടുക്കുന്നു. ഒരൊറ്റ നൂൽ ഓർമപോൽ.


  സഹസ്രാബ്ദങ്ങൾക്കു മുമ്പ് എരിഞ്ഞെത്തിയ ഒരു ശാപത്തെ നീ ഓർക്കുന്നു. അവൾ അഥീന. ശാപമിട്ട ദേവത. അവളുടെ തേരോട്ടത്തെയും പിടിച്ചടക്കലുകളെയും കുറിച്ച് ആ ഒറ്റ നൂലിനല്ലാതെ മറ്റാർക്കറിയാം? 

    ആ ഒറ്റനൂലിനെ നീ അരാഗ്നി എന്നു വിളിക്കുന്നു. ഗർവിഷ്ഠയായ അഥീന ഒരിക്കൽ അവളെ വെല്ലുവിളിക്കുന്നു. അവളുടെ വിരലുകളെ. നൂല്പിന്റെ മറവിൽ. 

ആത്മാവിന്റെ ഒറ്റനൂലിനെ വെയിൽ പോലെ വിടർത്തിയിട്ട് അവൾ മന്ദഹസിക്കുന്നു. തോറ്റുതുലഞ്ഞ അഥീന അവളെ ശപിച്ച് ചിലന്തിയാക്കുന്നു. ആരാരും കാണാത്തൊരു കാടിനുള്ളിലെ തണുപ്പിൽ ആത്മാവിന്റെ നൂൽ കൊണ്ട് അവൾ വല നെയ്യുന്നു. സദിരുകളും സർക്കീട്ടും ആർപ്പുവിളിയും ദൈവകുലത്തിന്റെ ഗർവുമായി അഥീന ലോകം ഭരിച്ചു. ഒരിക്കൽ ചിലന്തിവലയുടെ ചിത്രക്കണ്ണും വെയിൽത്തിളക്കവും കണ്ണിൽപ്പെട്ട അഥീന അതിനെ വെണ്ണീറാക്കി. അങ്ങനെയാണ് ആ പാവം ചിലന്തി, അതിന്റെ അഗ്നിയെല്ലാം എടുത്തുമാറ്റി, അരയും പാതിയുമായി ഒരു വീട്ടുചിലന്തി മാത്രമായി, അതിന്റെ അനാകർഷകമായ ജീവിതം തുടങ്ങിയത്.

    പഴഞ്ചിലകളിൽ സൂചി പ്രയോഗിക്കുമ്പോൾ ആ ഒറ്റനൂലിനെ ഓർക്കാതിരിക്കുവാൻ നിനക്ക് ആവതില്ല തന്നെ.

(അപൂർണ്ണം)


0 അഭിപ്രായ(ങ്ങള്‍):