നീണ്ടു നീണ്ടു പോകുന്ന പുസ്തക റാക്കുകൾ... അവയ്ക്കുള്ളിലൂടെ നടന്നു നീങ്ങുമ്പോൾ ഒരു തുരങ്കത്തിനുള്ളിലാണ് നിങ്ങൾ. ഒരു തോന്നലിനപ്പുറം അത് അതികഠിനമായ യാഥാർത്ഥ്യമാണ് നിങ്ങൾക്കെങ്കിലോ?
നിങ്ങൾക്കൊപ്പമുള്ള രണ്ടു കുട്ടികൾ.
പുസ്തകവെളിമ്പുറങ്ങളിലെവിടെയോ അവർ വിരൽ ചൂണ്ടുന്നു. തമിഴ് പുസ്തകങ്ങളുടെ സംഘനൃത്തം. അവയുടെ തലക്കെട്ടുകൾ വായിക്കാൻ അവർ ആവശ്യപ്പെടുന്നു. ആകർഷമായ കരിമ്പുറച്ചട്ടയുള്ള ലാവോസുവിന്റെ പുസ്തകം നിങ്ങൾ കൈകൊണ്ട് തൊടുന്നു. യാന്ത്രികമായി തലക്കെട്ടുകളിലെ തമിഴ് ലിപി വായിച്ച് അവർക്കൊപ്പം നടക്കുന്നു.
സത്യത്തിൽ ആ ലൈബ്രറിക്കുള്ളിൽ ഇപ്പോഴും പ്രവേശിക്കില്ലായിരുന്നു നിങ്ങൾ. ആ കുട്ടികളല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കിൽ. ലൈബ്രറിക്കവാടത്തിനു പുറത്തു തന്നെയായിരുന്നേനെ നിങ്ങൾ. പുറത്തിരി. പക്ഷേ ആ കുട്ടികൾ ഒരു ചൂണ്ടു വിരൽ പോലെ നിങ്ങളുടെ ദിശ നിർണ്ണയിക്കുന്നു. കാട് അതിരിടുന്ന ഒരു ഗ്രാമത്തിലെ വീട്ടിലിരുന്ന് നോവലെഴുതാൻ തുടങ്ങിയത് അതിൽ ഒരു കുട്ടി ഒരിക്കൽ പറഞ്ഞിരുന്നു. (നിങ്ങളുടെ ചില യാഥാർത്ഥ്യങ്ങൾ അവൾ മനസ്സിലാക്കിയിട്ടുണ്ട്. വായന നഷ്ടപ്പെട്ടൊരാളാണ് നിങ്ങളെന്ന് അവൾക്കറിയാം)
അവർ പഠിക്കുന്ന സ്കൂളിൽ നിന്ന് ഏറെയകലെയുള്ള നഗരത്തിലെ ഗ്രന്ഥശാല സന്ദർശിക്കണമെന്ന് അവൾ ആവശ്യം പറയുന്നു. ലൈബ്രറിക്കെട്ടിടത്തിനു പുറത്ത് നിൽക്കാമെന്ന് കരുതി നിങ്ങൾ സമ്മതിക്കുന്നു. പക്ഷേ...
നിങ്ങളുടെ പ്രിയപ്പെട്ട നഗരം. പ്രിയങ്കരങ്ങളിൽ നിന്നെല്ലാം നിങ്ങൾ തെറിച്ചു പോയശേഷം കുറെക്കാലമായി നിങ്ങൾക്ക് പോകാൻ കഴിയാത്ത വിധം പ്രിയപ്പെട്ട ഇടം. നിങ്ങൾക്ക് ഏറെ പ്രിയപ്പെട്ടവനായ ഗ്രന്ഥാലയ ഉദ്യോഗസ്ഥനരികിൽ കുട്ടികളെ പരിചയപ്പെടുത്തുന്നു. ആറേഴു കൊല്ലങ്ങൾക്കു ശേഷമാണ് നിങ്ങൾ അയാളെ കാണുന്നതു തന്നെ. ഗ്രാമങ്ങളിലെ കുട്ടികൾക്കായി എന്തെല്ലാം ചെയ്യാനാകുമെന്ന് അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, തനിക്കു മാത്രമായി ചെയ്യാൻ കഴിയുന്ന പലതിനെക്കുറിച്ചും നിങ്ങൾ ഓർക്കുന്നു. ഒരാൾ പ്രവർത്തിക്കാതാകുമ്പോൾ ചില ഇടങ്ങൾ അടഞ്ഞുപോകുന്നതെങ്ങനെയെന്ന് അറിയാവുന്നൊരാൾ കൂടിയാണ് നിങ്ങളെങ്കിൽ?!! എങ്ങനെയോ നിശ്ചലമായ ഒരാളാണ് നിങ്ങളെങ്കിൽ?? ഏതോ ഒരു തവണ - കുട്ടികളുടെ മുന്നിൽ വച്ചു തന്നെ - നിങ്ങൾ ആ നിശ്ചലതയെക്കുറിച്ച് അയാളോട് പറയുകയായിരുന്നെങ്കിലോ...
***
ഉച്ചനേരത്ത് ഒരു ഭക്ഷണശാലയ്ക്കുള്ളിൽ കുട്ടികൾ തിന്നുന്നതു നോക്കിയിരിക്കുമ്പോൾ നിങ്ങളുടെ മനസ്സിലൂടെ ഓടിപ്പാഞ്ഞത് എന്തായിരിക്കും?
അതേ ഭക്ഷണശാലയിൽ നിങ്ങൾക്ക് എതിർപുറങ്ങളിലിരുന്ന എത്രയോ പേർ! എത്രയെത്ര വർഷങ്ങൾ... എല്ലാരിൽ നിന്നും നിങ്ങൾ തെറിച്ചു പോയിരിക്കുന്നു. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനാവാത്ത വിധം അവരിൽ നിന്നൊക്കെ നിങ്ങൾ തെറിച്ചുപോയിരിക്കുന്നു. പുറത്തിരി!!!
ചില തുരങ്കങ്ങൾ ശ്വാസം പോലെ, എന്നാൽ ശ്വസിക്കുന്നു എന്നറിയാതിരിക്കുമ്പോലെ വലയം ചെയ്യുമ്പോൾ, അഥവാ റാക്കുകൾക്കിടയിലെ തുരങ്കപാതയിലെ പുസ്തകഗന്ധച്ചൊരുക്കിലൂടെ നീങ്ങുമ്പോൾ വീണ്ടും വീണ്ടും നിങ്ങൾ തിരിച്ചറിയുന്നത് എന്താണ്?
സ്വന്തം ഭ്രമണപഥത്തിൽ നിന്ന് തെറിച്ചുപോയൊരു കണത്തിന് മടങ്ങിവരാനാവില്ലെന്ന യാഥാർത്ഥ്യമോ?
0 അഭിപ്രായ(ങ്ങള്‍):
Post a Comment