മറ്റൊരാളുടെ കുപ്പായമാണോ താൻ എന്നൊരു സന്ദേഹം ഒരാൾക്ക് അഥവാ ഒരു കഥാപാത്രത്തിന് തോന്നുന്നത് അഥവാ തോന്നാതെയിരിക്കുന്നത് എപ്പോഴോ ആയിരിക്കാം. ചിലപ്പോൾ വായിച്ചിട്ടില്ലാത്ത ഒരു കഥയ്ക്കുള്ളിൽ അത് സംഭവിച്ചേക്കാം. ഒരുപക്ഷേ ഒരിക്കലും വായിക്കാനിടയില്ലാത്തൊരു കഥയ്ക്കുള്ളിൽ അത് സംഭവിച്ചുകൊണ്ടേയിരിക്കാം. അങ്ങനെയെങ്കിൽ... ജൊനാതന്റെ കാഴ്ചയും ഓർമയും അനുഭവവും അയഥാർത്ഥമെന്നു തോന്നുംവിധം യാഥാർത്ഥ്യനിർഭരമായ ഒറ്റപ്പെടലിന്റെ നീറിപ്പിടിക്കലിൽ ഒരു കുപ്പായത്തെപ്പറ്റിയായിത്തീരുന്നു. അപഹരിക്കപ്പെട്ട കുപ്പായമാണ് അവന്റെ ജീവിതമെന്ന് നടുക്കങ്ങളുടെ നടുക്കടലിൽപ്പെടുമ്പോൾ ജൊനാതൻ അവനെത്തന്നെ ഒരുനിമിഷം വിലയിരുത്തിയേക്കാം. അങ്ങനെയെങ്കിൽ...
വിചിത്രമായി നടന്നുപോകുന്നവന്റെ പേര് ഡ്രാക്കുള എന്നാണെങ്കിലോ? ഡ്രാക്കുള എന്നവൻ അണിഞ്ഞിരിക്കുന്ന കുപ്പായം ജൊനാതന്റേതാണെങ്കിലോ?ജീവിതത്തിന്റെ ആഹ്ലാദങ്ങൾ റദ്ദുചെയ്യപ്പെട്ട്, വിലക്കുകളുടെ ദുർഗ്ഗത്തിൽ തളയ്ക്കപ്പെട്ട ജൊനാതൻ താനില്ലാത്തയിടങ്ങളിൽ ആവർത്തിച്ച് വിനിമയം ചെയ്യപ്പെടുന്നത് എങ്ങനെയൊക്കെയാവും? കുപ്പായങ്ങൾ നോക്കി ജീവിതത്തെ വിലയിരുത്തുന്നവരിൽ വിശേഷിച്ചും! അങ്ങനെയെങ്കിൽ...
തട്ടുകട നടത്തുന്നവൾ ആലോചിക്കുന്നത് ജൊനതനു സംഭവിച്ച മാറ്റത്തെക്കുറിച്ചു തന്നെയായിരിക്കും. എത്ര കാലമായിരിക്കുന്നു എവനെകണ്ടിട്ട്. ഒരു ഉള്ളിവട മാത്രം തിന്നിരുന്ന എവന് എന്തൊരു മാറ്റം! എവന്റെ കൈ ഒരിക്കലും തൊടുകപോലും ചെയ്തിട്ടില്ലാത്ത മുട്ടബജ്ജി ഇപ്പോഴിതാ പതിനാലെണ്ണം തട്ടിയിട്ടു നിൽക്കുന്നു. ഹും.
ഒഴിപ്പുകാരിയുടെ വീട്ടിലെ കുടിയന്മാരിൽ ഏതോ ഒരുവൻ കരുതുന്നത് മറ്റൊന്നായിരിക്കും. ഈ ജൊനാതനുണ്ടല്ലൊ, ഒരു തവണ പോലും കുടിച്ചിട്ടില്ലാത്തവനായിരുന്നു എന്റെ അറിവിൽ. ഇപ്പോഴിതാ മടമടാ എടുത്തൊഴിക്കണത് കണ്ടില്ലെ!
ഭക്ഷണശാലകളിൽ, കല്യാണപ്പന്തലുകളിൽ, വേലയും തെയ്യവും നടക്കുന്നയിടങ്ങളിൽ, റിസോർട്ടുകളിൽ, ആഹ്ലാദങ്ങളുടെ വില്പനശാലകളിൽ... എല്ലായിടത്തും ജൊനാതനുണ്ട്. ഇല്ലാത്തൊരാൾ എല്ലായിടത്തും നിറഞ്ഞുനിൽക്കുന്നു. ജൊനാതൻ എന്ന കുപ്പായം.അപഹരിക്കപ്പെട്ട കേവലം ഒരു ഓർമ.
(അപൂർണ്ണം)
0 അഭിപ്രായ(ങ്ങള്‍):
Post a Comment