എഴുതപ്പെടാത്ത ചില പുറങ്ങളുണ്ട്.
പഴയ നോട്ടുപുസ്തകങ്ങളിൽ അതുണ്ടാകും. ഉദാഹരണത്തിന് എട്ടാം ക്ലാസിലെ കണക്കു പുസ്തകം. മറ്റു പുസ്തകങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഗണിത നോട്ടുപുസ്തകം. മറ്റുള്ളവ കുത്തനെ ഇരട്ടപ്പുറം എഴുതാൻ ക്ഷണിക്കുമ്പോൾ കണക്കുപുസ്തകമോ? ഇരട്ടപ്പുറത്തെ ഒറ്റപ്പുറമാക്കുന്നു.
മറ്റു നോട്ടുബുക്കുകൾ വശത്തേക്ക് മറിക്കുമ്പോൾ കണക്കുബുക്ക് മുകളിലേക്കു മറിക്കുന്നു.
എന്നിട്ടും മറ്റുള്ളവയെപ്പോലെത്തന്നെ കണക്കുപുസ്തകത്തിന്റെയും ഒടുവിൽ - ചിലപ്പോൾ ഇടയിൽത്തന്നെ - എഴുതപ്പെടാതെ ചില താളുകൾ...
എഴുതപ്പെടാത്ത ചില പുറങ്ങൾ ജീവിതത്തിലും ഉണ്ടാകും.ചില പ്രത്യേക സന്ദർഭങ്ങളിൽ എഴുതപ്പെടാത്ത താളുകൾ വായിക്കപ്പെടും. സാന്ദർഭികമായി ഇപ്പോൾ അത് ഒരു പേനയാണ്. ആ പേന താങ്കളെ ഓർമിപ്പിക്കുന്നു.
ആ ഓർമകളിലെ മുഴച്ചുനിൽക്കുന്ന ഒരു വ്യത്യസ്തത ഇതാണ്.
എന്നെക്കാണാൻ താങ്കൾ ഒരുപാട് വട്ടം വന്നിട്ടുണ്ട്. സാധാരണ അങ്ങനെയല്ല. നമ്മളെക്കാണാനെത്തുന്നവരെ അതിലേറെത്തവണ അവരുടെ ഇടങ്ങളിൽച്ചെന്നു കാണുക എന്നത് ഒരു വ്രതം പോലെ അനുഷ്ടിച്ചിരുന്ന ഒരാളാണ്. എന്നാൽ താങ്കളെ കാണാനെത്തിയത് മൂന്നേമൂന്നു തവണ മാത്രം. അതിൽ രണ്ടു തവണയെങ്കിലും താങ്കൾ ആവശ്യപ്പെട്ട പ്രകാരമാകണം. അതിൽ ഒരു തവണത്തെ വരവിൽ താങ്കളുടെ മുന്നിലുള്ള ഒരു കുഞ്ഞു പേന കണ്ണിൽത്തടഞ്ഞു. ഏറ്റവും പ്രിയങ്കരമായ പേനയാണത്. അതു വാങ്ങാൻ എവിടെയെല്ലാം അലഞ്ഞുതിരിഞ്ഞിട്ടുണ്ട്! അതിന്റെ ഉല്പാദനം എന്നോ നിർത്തിക്കഴിഞ്ഞതാണ്. താങ്കളുടെ അനുവാദത്തോടെ അത് കൈക്കലാക്കി. ഇപ്പോൾ ആ പേന മുന്നിലുണ്ട്. എഴുതാപ്പുറം വായിക്കാനുള്ള ക്ഷണവുമായി.
ഒരിക്കൽ താങ്കളെക്കാണാനായി ബസ്സിലിരിക്കുമ്പോൾ ഫോണിന്റെ മറുകരയിലിരുന്ന് മറ്റൊരാൾ ഓർമകളെ ഊറ്റിയെടുത്തുകൊണ്ടിരിക്കുകയായിരുന്നു. പ്രിയങ്കരമായ ഒരാളെക്കുറിച്ചുള്ള വിങ്ങുന്ന ഓർമകൾ. അയാളെക്കുറിച്ചു മാത്രമല്ല അയാളുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ ഒട്ടേറെക്കാര്യങ്ങൾ മറുപുറത്തുള്ളയാളിനു വേണമായിരുന്നു. നീ കേൾക്കുന്നതോ ഞാൻ പറയുന്നതോ നീയറിയുന്നതോ ആവണമെന്നില്ല അയാൾ. ഞാൻ ഇടയ്ക്കിടെ പറഞ്ഞു. മറ്റൊരുവന്റെ കവിതയിലെ മുഴുവൻ വരികളും ഇടയ്ക്കെപ്പോഴോ പറഞ്ഞുകേൾപ്പിക്കേണ്ടിയും വന്നു. ഓർമയുടെ വാതിലിൽ ചാരി നിൽക്കുന്നതാര് എന്നൊരു വരിപോലുമുണ്ട്. ആ സഞ്ചാരത്തിന്റെ വിശദത്തിൽ ഫോണിന്റെ സാന്നിധ്യം പ്രധാനമായിരുന്നു. എങ്കിലും നമ്മൾ തമ്മിൽ ഫോണിൽ വളരെക്കുറച്ചു മാത്രമേ സംസാരിച്ചിട്ടുള്ളൂ. കത്തുകളെങ്കിൽപ്പോലും രണ്ടു വരിയിലേറെ ഉണ്ടാകാറില്ലായിരുന്നല്ലോ.
***
ഡോക്ടറോടെന്ന പോലെ താങ്കളോട് സംസാരിക്കണമായിരുന്നു എനിക്ക്.
ഡോക്ടറെക്കാണാൻ
കാത്തുനിന്നു.
തൊട്ടുമുന്നിൽ
ഒരു പതിമൂന്നുകാരി.
സ്വപ്നം
കാണാറുണ്ടോ എന്ന് ശബ്ദം
താഴ്ത്തി ഡോക്ടർ അവളോട്
ചോദിച്ചു.
പിന്നെയും
ചില ചോദ്യങ്ങൾ.
പിന്നാലെ
വന്ന എന്നോടും അതേ ചോദ്യങ്ങൾ
ആവർത്തിച്ചു.
വിചിത്രമായിരുന്നു
അത്. രണ്ട്
തടിയൻ പുസ്തകങ്ങൾ വിടർത്തിവച്ച്
കണ്ണടയ്ക്കിടയിലൂടെ നോക്കിക്കൊണ്ട്
അവർ ചോദിച്ചത് എന്തുതരം
ചോദ്യങ്ങൾ!
ഉത്തരം
അറിയാവുന്നവയും അറിയാത്തവയും.
അവരുടെ
വിരൽത്തുമ്പ് പുസ്തകത്തിനുള്ളിൽ
മേഞ്ഞുകൊണ്ടിരുന്നു.
സ്വർണ്ണവളയുടെ
നിഴൽ പുസ്തകവെണ്മയിലൂടെ
സഞ്ചരിച്ചു.
ചിലയിടങ്ങളിൽ
വിരൽ വൃത്തം വരച്ചശേഷം
ചിരപരിചിതയായൊരാൾ കുശലം
പറയുന്നതുപോലെ അവർ പറഞ്ഞു;
സാധാരണ
ഈ മരുന്നുകൾ ഞാൻ നിർദ്ദേശിക്കാറില്ല;
എങ്കിലും
നമുക്ക് നോക്കാം. അവർ കണ്ണട ശരിയാക്കി കുറിപ്പടിയെഴുതി.
ആ ഡോക്ടറുടെ സംഭാഷണങ്ങളിൽ നിറഞ്ഞിരുന്ന ചില വിടവുകൾ എങ്ങനെ പൂർത്തീകരിക്കും. ഒരുപക്ഷേ താങ്കൾക്ക് സഹായിക്കാൻ സാധിക്കുമായിരുന്നു.
***
ഒരു വേനലുച്ചയ്ക്കാണ് ഏറ്റവുമൊടുവിൽ നമ്മൾ തമ്മിൽ കണ്ടത്.
അപ്പോഴേക്കും എവിടെയൊക്കെയോ ചിതറിത്തെറിച്ചുപോയിരുന്നു ഞാൻ. ഫോൺ ഉപയോഗിക്കാതെയായ അക്കാലങ്ങളിൽ താങ്കൾ എപ്പോഴെങ്കിലുമൊക്കെ എന്നെ വിളിച്ചിട്ടുണ്ടാകണം. എങ്ങുമെങ്ങുമെത്താതെ പോയി ആ വിളികൾ...
***
ചില മാസങ്ങൾക്കുമുമ്പ് വീണ്ടും ഞാൻ താങ്കളെ വിളിക്കുന്നു. മറുതലയ്ക്കലുള്ള അപരിചിത ശബ്ദം. ഒറ്റവാക്ക്.
ആ വാക്കിൽ നിന്ന് കൊള്ളിയാൻ ഉണ്ടാകേണ്ടിയിരുന്നതാണ്. കവിളിലൂടെ പേമാരി ഒഴുകേണ്ടതാണ്. ആ അറിവ് തന്നെ ഒരു കൊല്ലത്തിനുശേഷമായിരുന്നു.
സങ്കടങ്ങളും സന്തോഷങ്ങളുമുണ്ടാകാത്തവർ ജീവൻ ഉള്ളവരായിരിക്കുമോ, അതോ...?
ചിലതരം
ശാപങ്ങൾ അങ്ങനെയായിരിക്കാം.
****
എങ്കിലും ഓർക്കുന്നു, ചില കാര്യങ്ങൾ ചിലരുമായി മാത്രമേ സംവദിക്കാനാകൂ. ചിലപ്പോൾ അത് ലോകത്ത് ഒരാളോട് മാത്രം. അത്തരം ചില കാര്യങ്ങൾ പറയാൻ എനിക്ക് ലോകത്ത് ഉണ്ടായിരുന്ന ഒരേയൊരാൾ താങ്കളായിരുന്നു. ഇനി ആർക്കും കഴിയാത്തത്. എഴുതപ്പെടാത്ത ചില പുറങ്ങൾ.
***
എഴുതപ്പെടാത്ത പുറങ്ങൾ വായിക്കാൻ സാധിക്കുമോ? കഴിയണമെന്നില്ല.
ഒരു പേന വെറും പേന മാത്രം. അതിന് ചില ഓർമകളുടെ നിഴലുകളെ തൊട്ടുകാണിക്കാൻ കഴിയുമായിരിക്കും. എഴുതാത്തപുറം എഴുതി പൂർത്തിയാക്കാനോ എഴുതാത്ത പുറങ്ങൾ വായിച്ചു മനസ്സിലാക്കാനോ കഴിയണമെന്നില്ല.
ഈ കുഞ്ഞു പേനയ്ക്കും അതിനാവില്ല. വർഷങ്ങൾക്ക് മുമ്പ് ഈ പേന കൊണ്ട് ഒരാൾ എഴുതിയിട്ടുണ്ട്. വർഷങ്ങളായി ആരും ഇതു കൊണ്ട് ഒന്നുമൊന്നും എഴുതുന്നില്ലെന്നു മാത്രം.
ഇതിനെ നോക്കിക്കൊണ്ടിരിക്കുകയെന്നാൽ മരിച്ചൊരാൾ ജീവിച്ചിരിക്കുന്ന ലോകത്തെ നോക്കുന്നതു പോലെതന്നെയാണ്. അത്രമാത്രം.
താങ്കൾക്കായി ഒരുതുള്ളി കണ്ണീർ പൊഴിക്കാനോ വേദനിക്കാനോ കഴിയുന്നതേയില്ല.
0 അഭിപ്രായ(ങ്ങള്‍):
Post a Comment