നിന്റെ മുന്നിൽ ഞാനിരിക്കുമ്പോൾ
ഒരു സന്ധ്യ. നിന്റെ മുന്നിൽ ഞാനിരുന്നു. നീ സംസാരിക്കുകയായിരുന്നു. വാക്കുകൾക്കിടയിൽ ഭൂതകാലത്തിൽനിന്ന് കൊറ്റിപ്പറ്റം ചിറകടിച്ചു. നിന്റെ മുന്നിൽ ഞാനിരുന്നു. നിന്നെ കേട്ടുകൊണ്ട്.
ആ സന്ധ്യ ഒരു ആവർത്തനമായിരുന്നില്ല.
ഞാൻ ആദ്യമായി നിന്റെ വീട്ടിൽ വരികയായിരുന്നു. ആ സന്ധ്യയിൽ. നിന്റെ വീട്ടുവരാന്തയിൽ സംസാരിച്ചിരിക്കുകയായിരുന്നു നാം. നിന്നെ കേൾക്കുകയായിരുന്നു ഞാൻ. നിനക്ക് എന്നെ കാണാൻ കഴിയുമായിരുന്നില്ല. കേൾവിയുടെ ലോകം മാത്രം നിനക്ക്. എപ്പോഴോ ഒരിക്കൽ നിനക്ക് കാഴ്ച നഷ്ടമായി. അതിനുമുമ്പ് പലപ്പോഴും നീ എന്നെ കണ്ടിട്ടുണ്ടാവണം. പാതയുടെ മറുകരയിലൂടെ ഭ്രാന്തിന്റെ കിലുക്കം ഉള്ളിലിട്ട് ഏകപ്പെട്ട് നീങ്ങുന്ന എന്നെ നീ പലപ്പോഴും കണ്ടിട്ടുണ്ടാവണം. വലിച്ചെറിയപ്പെട്ട ഒരു വസ്തുവെപ്പോലെ അകലത്തുകൂടിപ്പോകുന്നൊരാളെ.
ഞാൻ മറ്റൊരാളുടെയും വീടുകളിൽ പോകാതായിക്കഴിഞ്ഞിരുന്നു. കൂട്ടങ്ങളിൽ നിന്നും അകന്നുപോയി. അങ്ങനെയിരിക്കെ നമ്മുടെ ഒരു പൊതു സുഹൃത്തിന്റെ വേർപാടിനു ശേഷം, മറ്റൊരാരു സുഹൃത്തിന്റെ നിർബന്ധത്തിനുമേൽ ഞാൻ നിന്റെ മുന്നിൽ വന്നു. അന്നേരം അന്ധതയെ സ്പർശിച്ചറിഞ്ഞ സ്കൂൾക്കാലം ഓർത്തുപോയി. ബ്രെയിലി ലിപിയിലുള്ള പേപ്പർ കൊണ്ടായിരുന്നു അക്കാലത്ത് എന്റെ നോട്ടുബുക്കുകൾ പൊതിഞ്ഞിരുന്നത്.
നിനക്ക് നഷ്ടപ്പെട്ട ലോകം. വെള്ളാരങ്കല്ലുകളിൽത്തട്ടിച്ചിതറുന്ന പ്രകാശകിരണങ്ങൾ.
ഓർക്കുകയായിരുന്നു. ഒരു രാത്രിയിൽ ഓർമകൾ നഷ്ടപ്പെട്ട്, നശിച്ച് ഇരുന്നത്. പിന്നീട് അതിന്റെ ആവർത്തനം. അതെ, നമ്മളെ കാത്തിരിക്കുന്നു. ഓർമനഷ്ടം, കാഴ്ചനഷ്ടം, കേൾവിനഷ്ടം അങ്ങനെ എന്തൊക്കെയോ.
നിന്റെ മുന്നിൽ ഞാനിരിക്കുമ്പോൾ എന്റെ മുന്നിൽ നീ ഇരിക്കുകയാണ്.
അതെ. നീ തന്നെ ഞാനാണ്.
0 അഭിപ്രായ(ങ്ങള്‍):
Post a Comment