ദ്വീപിനോട് വൻകര ചെയ്യുന്നത്
ജനുവരിപ്പുലരി ഒരു ജന്മനാളിന്റെ ഓർമ്മയാണ്. ദ്വീപിന്റെ മുഖപത്രത്തിന്റെ കാൽനൂറ്റാണ്ടിന്റെ പുലർമണം. ഒരു ശ്രാവണപ്പുലരിയിൽ അതിനുവേണ്ടി കൊടിതോരണങ്ങളും സമ്മാനക്കിലുക്കങ്ങളുമായി ദ്വീപ് ആഹ്ലാദമോടെ കാത്തുനിൽപ്പുണ്ടായിരുന്നു. അപരാഹ്നത്തിൽ പ്രത്യക്ഷപ്പെട്ട ഗ്രീക്ക് ദേവത ശപിക്കുന്ന നേരം വരെ. മരങ്ങൾ നട്ട ഓർമ മരുഭൂമിയായിത്തീരുന്നതു വരെ.
നിഷ്കളങ്കതകളും വിശുദ്ധിയും പുരണ്ട മുൻകാലങ്ങളിൽ ഭക്ഷണപ്പാത്രത്തിനു മുന്നിൽ വൻകരയുടെ ഭാഗമായിരുന്നു ദ്വീപ്. മലമടക്കുകളും കടലോരങ്ങളും ചേർന്ന സ്വപ്നസഞ്ചാരത്തിന്റെ ഇതളുകൾ. ചെന്നു ചേരുന്നിടത്ത് ഒരു കോട്ടയുണ്ടാകുമെന്നും അതിനരികിൽ ഒരുമിച്ച് മരത്തൈ നടണമെന്നും ഒരു ഭക്ഷണവേളയിലെ വാഗ്ദാനം. എന്നാൽ ശ്രാവണകാലം ദ്വീപിനെ ദ്വീപ് മാത്രമാക്കി മാറ്റി.ശാപം ദ്വീപിന്റെ കൊച്ചു കൊച്ചാഹ്ലാദങ്ങളെ കുഴിച്ചുമൂടിക്കൊണ്ടിരുന്നു. അനുനിമിഷം അത് എരിഞ്ഞുതുടങ്ങി. ശാപമുക്തിക്കായി അത് കോട്ടകളുടെ നാട്ടിലേക്ക് പുറപ്പെടാനൊരുങ്ങി. ഗ്രീക്ക് ദേവത തടഞ്ഞു. കോട്ടകളുടെ നാട്ടിലെ വെട്ടവും മഴയും നിഷേധിക്കപ്പെട്ടു. അരുതുകളുടെ അതിരുകളുയർന്നു. ശാപങ്ങളും അരുതുകളും ദ്വീപിനെ നിസ്സഹായമാക്കി.
നോക്കരുത്, തൊടരുത് തുടങ്ങിയ ചുമരെഴുത്തുകളുണ്ടായി. അസ്പൃശ്യത ദ്വീപിനെ പൊതിഞ്ഞു. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ദൃഷ്ടിയിൽ പെടാതിരിക്കലും ചൂണ്ടി വൻകര ദ്വീപിന്റെ ദലിത് അവസ്ഥ ദീനമാക്കി. അങ്ങനെയാണ് ആ ദ്വീപ് ഒറ്റപ്പെട്ടുപോയത്. അല്ലാതെ അത് ആഗ്രഹിച്ചിട്ടല്ല.
അങ്ങനെയാണ് ചതിയുടെ ഈറനേറ്റപ്പോൾ അത് സമരം തുടർന്നത്. ജീവനും ജീവിതവും എരിച്ചുള്ള സമരത്തിലെത്തിയത്. ഭക്ഷണത്തിന്റെ രുചി പലപ്പോഴും ദ്വീപിനെയോർത്ത് വിതുമ്പി നിന്നു. പാതകളും പാദങ്ങളും മുറിച്ചുമാറ്റപ്പെട്ടതറിഞ്ഞ് നിസ്സഹായമായ ദ്വീപിന്റെ പാദങ്ങളെ ലാക്കാക്കി ആരോ ഉപയോഗിച്ച് വലിച്ചെറിഞ്ഞ കുത്തുസൂചി പാതയിൽ ഒളിഞ്ഞിരുന്നു.
ചതികളും ആഴമാർന്ന ക്രൂരതകളും തിരിച്ചറിയുമ്പോഴും വൻകരയോട് വാൽസല്യപ്പെടാതിരിക്കാൻ ദ്വീപിനാവില്ല. അതിനാൽ തന്നെയാണ് വൻകരയുടെ കണ്മുന്നിൽ ദ്വീപ് സ്വയം മറഞ്ഞിരുന്നത്. സ്വന്തം ബൗദ്ധിക സ്വത്ത് നഷ്ടപ്പെടുത്തി സമരം തുടരുന്നത്. ശാപങ്ങളുടെ ശക്തിയിൽപ്പെട്ടുഴലുന്നത്.
ആഹ്ലാദങ്ങളും പൊട്ടിച്ചിരികളും സദിരുകളും ഉൽസവങ്ങളുമെല്ലാം വൻകരകൾക്കുള്ളത്. എരിഞ്ഞുരുകലും വിതുമ്പലും ഏകാന്തതയും ദ്വീപുകൾക്കുള്ളത്. ശാപങ്ങളും അരുതുകളും വിലക്കുകളുമാണ് ദ്വീപിനെ തകർത്തതെന്ന് വൻകര മാത്രമറിഞ്ഞാൽ മതി. അത് മാത്രമാണ് ദ്വീപിന്റെ പ്രാർത്ഥന. അതു മാത്രം.
ആധാരം : https://www.facebook.com/thettady/posts/11171627406239026
0 അഭിപ്രായ(ങ്ങള്‍):
Post a Comment