Friday, 28 August 2020

വീണ്ടും നിന്നെ ഓർക്കുമ്പോൾ

വീണ്ടും നിന്നെയോർക്കുമ്പോൾ എന്നെഴുതിയാണ് തുടങ്ങേണ്ടിയിരുന്നത്. ഇല്ല. വാക്കുകൾ ഒറ്റയൊറ്റയായി നിൽക്കട്ടെ. തണലിൽ മറന്നുവച്ച വെള്ളാരങ്കല്ലുപോലെ. സൂര്യനു നേരെ അത് തിളങ്ങുന്നതായിരുന്നു. പിന്നെയത് വിസ്മൃതിയിലേക്കൂളിയിട്ടു.

നിന്റെ ഒരു എഴുത്ത്. അതിനെക്കുറിച്ചോർത്തു. അത്രയും പ്രിയങ്കരമായിരുന്നു എനിക്ക് അതിലെ വരികൾ. ബൈബിളിനുള്ളിലായിരുന്നു അതിന്റെ സ്ഥാനം. ബൈബിൾ ചിതൽ തിന്നു. എന്നിട്ടും അംഗഭംഗത്തോടെ ആ കത്ത് പിടിച്ചുനിന്നു. പിന്നെവിടെയോ അതു മറഞ്ഞു. ഒരുപക്ഷേ മണ്ണടിഞ്ഞു. അതിലെ നീലാക്ഷരങ്ങൾ അസ്തമിച്ചു.

ഒരു കരിങ്കാലം കടന്നുപൊയ്ക്കൊണ്ടിരുന്നു. നിനക്ക് തൊട്ടറിയാൻ സാധിക്കുന്നത്. നീണ്ടുനീണ്ട നിശബ്ദതകൾ. അറ്റമില്ലാത്ത തുരങ്കത്തിലൂടെയുള്ള അലച്ചിലുകൾ. ചിതറലുകൾ. ഇരുട്ട് നമ്മെ തുറിച്ചുനോക്കും. നമുക്കറിയാനാവില്ല നാം അതിനെ നോക്കുന്നുണ്ടോയെന്ന്.

അടുത്ത മുങ്ങലിനു മുമ്പുള്ള ഒരു ഇടവേള തന്നെയാകണം. ഏറെക്കാലത്തിനു ശേഷം ഫോൺ കയ്യിലെടുത്തു. നിന്നെ വിളിക്കാൻ തോന്നി. വിളിക്കുന്നു. നമ്പർ നിലവിലില്ലത്രെ. (എപ്പൊഴൊക്കെയോ നീ പലവട്ടം വിളിച്ചിരിക്കാം.)

നിന്നെ കണ്ടെത്താൻ വളരെ എളുപ്പമായിരിക്കാം. പക്ഷേ വേണ്ടെന്നു കരുതി. നീ എന്നെ കണ്ടെത്തട്ടെ. അതിനൊരു തെളിവായി കാലങ്ങൾക്കകലെനിന്ന് നീ എഴുതിയ മറ്റൊരു കത്ത്. ചിതലിന്റെ വായിൽ നിന്ന് പിടിച്ചെടുത്ത് വച്ചതാണ്. ഒരു സൂചകം. ഓർമയിലേക്കെടുത്തുവച്ച പാലം.


 

വീണ്ടും നിന്നെയോർക്കുമ്പോൾ...

നമ്മൾ കുടിച്ചുവറ്റിച്ച പുസ്തകങ്ങൾ. നമുക്കു സ്വന്തമായിരുന്ന ചലച്ചിത്രമേളകൾ. നമ്മൾ നടന്നലഞ്ഞ പാതകൾ... എല്ലാം അന്യപ്പെടുന്നു. (ഇന്ത്യാവിഷന്റെ ഒബി വാൻ വന്നുതുടങ്ങിയതിൽ പിന്നെയാണ് ഐഎഫെഫ്ക്കെ മാറിത്തുടങ്ങിയത്. ക്യാമറ പ്രേമികളായ സമരക്കിളികൾ പറന്നിറങ്ങിത്തുടങ്ങി.) നോക്കിയിരിക്കെ ഒരു നഗരം അന്യമായി. നമ്മൾ ഇരുട്ടിന്റെ വക്കിൽ കണ്ണുനീരണിഞ്ഞു നിന്നപ്പോഴെപ്പോഴോ ഈ നഗരത്തിൽ ഒപ്പമുണ്ടായിരുന്ന ചിലർ മണ്മറഞ്ഞിരിക്കുന്നു; നമ്മളറിയാതെ.

ഒരിക്കൽ നമ്മൾ ഒരു യാത്ര പോയിരുന്നു. അന്തരീക്ഷത്തിൽ അപരിചിതത്വം ലേപനം ചെയ്യപ്പെട്ട വൈകുന്നേരം. തീരത്ത് ഒറ്റയ്ക്കു നിൽക്കുമ്പോൾ അരികിൽ മരണം നിൽക്കുന്നതറിഞ്ഞു. അന്നു രാത്രി. മുറി. നമ്മളെല്ലാവരും വളഞ്ഞിരിക്കുമ്പോൾ നീയാണ് അത് കണ്ടത്. വാതുക്കൽ ഒരു സ്ത്രീ. അവർ എന്നെ ഉറ്റുനോക്കുന്നു. കണ്ണ് നിറഞ്ഞൊഴുകുന്നു. പിന്നിട് അവർ ഭർത്താവിനെ കൂട്ടിക്കൊണ്ടു വന്നു. എന്നെക്കണ്ട് അയാൾ സ്തംഭിച്ചുനിന്നു. ഞാൻ ഇറങ്ങിച്ചെന്നു. അയാൾ ആ സ്ത്രീയെ മുറിയിലാക്കിയിട്ട് മടങ്ങിവന്നു. അവിശ്വസനീയതയോടെ അയാൾ എന്നെ നോക്കിനിന്നു. മരണത്തെ അതിജീവിച്ചു വന്ന ഒരാളെ നോക്കുന്നതു പോലെ. എന്നെ മാറ്റിനിർത്തി അയാൾ തന്റെ ഭാഷയിൽ എന്നെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. ആ സ്ത്രീ ആകെ തകർന്നുപോയ ഒരുവൾ. അവരുടെ സഹോദരൻ ജലത്തിനു മീതെ പാറിക്കിടന്നത് അറിഞ്ഞശേഷം അവർ തകർന്നുടഞ്ഞു. ഒരു ഡാമിൽ. കൊലചെയ്യപ്പെട്ട്. ഭാഷയുടെ വ്യത്യാസം കൊണ്ട് മാത്രമാണ് ഞാൻ മറ്റൊരാളാണെന്ന് അയാൾ വിശ്വസിച്ചത്. മരിച്ചൊരാൾ ഉയിരിട്ടു നിൽക്കുന്നതായി അയാൾക്കനുഭവപ്പെട്ടതുപോലെ - മറ്റൊരു കാലത്ത് - വേറെയും നോട്ടങ്ങളുണ്ടായി. ജീവിച്ചിരിക്കുമ്പോൾത്തന്നെ മരിച്ചൊരാളെപ്പോലെ നോട്ടത്തിൽപ്പെട്ടിട്ടുണ്ട്. വെറുതെ ഒരോർമയെ ഓർമിച്ചെടുത്തെന്നു മാത്രം.

വെറുതെ.ഇങ്ങനെ. ഈ കുറിപ്പ്. നിനക്കെന്നെ കണ്ടുപിടിക്കാനാവുമോ? നിന്റെ കൈപ്പട ഇവിടുണ്ട്. അതെനിക്കുള്ളതായിരുന്നു. ഇത് കാണുന്നെങ്കിൽ ഇമെയിലിലേക്ക് എഴുതുക. ഫോൺ നമ്പറും പഴയതു തന്നെ. പറ്റിയില്ലെങ്കിൽ, എന്നെങ്കിലും ഇതു കാണാനാകുമ്പോൾ, തണലിൽ ഒരു വെള്ളാരങ്കല്ലു വയ്ക്കുക. വെറുതെ

0 അഭിപ്രായ(ങ്ങള്‍):