Monday, 2 March 2020

യ എന്നവൾ


വയൽപ്പരപ്പുകൾക്കരികെ ഒളിഞ്ഞിരിക്കുന്ന കോഴിക്കൂടുപോലെയുള്ള കോവിൽ. അതൊരു പെൺദൈവത്തിന്റെ ആലയമാണ്. ആറുകടന്നാൽ, പട്ടണത്തോടു ചേർന്ന് വേറെയും ചില കോവിലുകളുണ്ട്. ആദ്യത്തെ കോവിലിനോടു ചേർത്തുവയ്ക്കാവുന്ന രണ്ടെണ്ണം അതിൽ പ്രധാനം. അവ രണ്ടും തമിഴ് വംശജരുടേതാണ്. പഴയ കല്യാണഫോട്ടോയെ ഓർമിപ്പിക്കുന്നു അവിടത്തെ മൂർത്തികൾ. ഒരു പെണ്ണും ഒരാണും. സംതൃപ്തകുടുംബം എന്നൊക്കെ പറയുമ്പോലെ.

വയൽക്കരയിലെ കോവിൽ മലയാളവംശജരുടേതാണ്. അവിടത്തെ പ്രതിഷ്ഠ തൊണ്ടയിൽ തറഞ്ഞ ഒരു നിലവിളിയാണ്. ഒറ്റപ്പെട്ടവൾ. കൊമ്പൻ മീശയുള്ള, നന്നേ മെലിഞ്ഞ ഒരാളായിരുന്നു ആ കോവിലിലെ പൂജാരി. ചൊവ്വയും വെള്ളിയും ദിവസങ്ങളിൽ ഒട്ടേറെ പെണ്ണുങ്ങൾ ആ കോവിൽ മുറ്റത്തെത്തി. അവരിൽ പലരും ദുഃഖിതരും ആകെ തകർന്നവരുമൊക്കെയായിരുന്നു. അവർ അലമുറയിട്ടും വിതുമ്പിയും തങ്ങളുടെ സങ്കടങ്ങൾ ദേവതയോട് പറഞ്ഞുകൊണ്ടിരുന്നു. ചിലർ പച്ചത്തെറി പറഞ്ഞുകൊണ്ടാണ് സങ്കടം പറയുന്നത്. ചെമന്ന മുണ്ടുടുത്ത പൂജാരി വിളക്കും തട്ടങ്ങളുമായി നടന്നുപോകും. അവർക്ക് ഭസ്മമെറിഞ്ഞുകൊടുക്കും. അവരെ സമാശ്വസിപ്പിക്കും.

ഭീതിയുടെ നെരിപ്പോടെരിയുന്ന ഭക്തിയാണ് എല്ലാർക്കും ആ ദേവതയോടുണ്ടായിരുന്നത്. അവൾ യക്ഷി.

കോഴിക്കൂടുപോലുള്ള രണ്ട് ചെറിയ ഒറ്റമുറിക്കെട്ടിടങ്ങളിലായി, ഭിന്നഭാവങ്ങളിലുള്ള പ്രതിഷ്ഠ. സൗമ്യരൂപത്തിലുള്ളതിനെ മേലേനടയെന്നും രൗദ്രഭാവത്തിലുള്ളതിനെ താഴെനടയെന്നും പറഞ്ഞിരുന്നു. ആദ്യത്തതിനെ മൂത്തവളായും രണ്ടാമത്തതിനെ ഇളയവളായും സങ്കല്പിച്ചു. മൂത്തവളുടെ ഒക്കത്ത് പിഞ്ചിളം കുഞ്ഞുണ്ടായിരുന്നു. ഇളയവളുടെ കയ്യിലുണ്ടായിരുന്നത് ആയുധമാണ്. സ്ത്രീകൾ പതം പറയാൻ തിരഞ്ഞെടുത്തിരുന്നത് താഴെനടയിലെ അമ്മയോടാണ്.

താഴമ്പൂവിന്റെ പരിമളം പച്ചകുത്തിയ ഉച്ചകളിലും തുടർച്ചയായ ചില സന്ധ്യകളിലുമൊക്കെ ഒരു ചെറുക്കൻ ആ കോവിലിൽ ചെന്നുനിൽക്കാറുണ്ട്. ആ സ്ത്രീകളുടെ സങ്കടപ്പെടലുകൾ. ചിലർ അവനോട് ചിലതൊക്കെ പറഞ്ഞു. അവൻ ഒന്നും തിരിയാതെ അവരെ ഉറ്റുനോക്കി നിന്നു. അവൻ ആലോചിച്ചത് ദേവതകളെക്കുറിച്ചു തന്നെയായിരുന്നു. പട്ടണത്തിനുള്ളിൽ പാർക്കുന്ന, സ്റ്റുഡിയോക്കാരനുമുന്നിൽ പോസുചെയ്യുന്ന ദമ്പതിമാരെപ്പോലുള്ള, ദേവതകളെയും പട്ടണത്തിൽ നിന്നകറ്റിനിർത്തിയിട്ടുള്ള ഒറ്റപ്പെട്ടവളെയും. അവൾ ഏതോ കൊടുംചതിയുടെ ചിതറിപ്പോയ ഗ്രാമരൂപമാണ്. പലപ്പോഴും പള്ളിക്കൂടം അവധിയുള്ള ഉച്ചനേരങ്ങളിൽ ആ കോവിൽ പരിസരങ്ങളിൽ അവൻ ചുറ്റിത്തിരിഞ്ഞു. വൈകുന്നേരമഴ കനത്തു പെയ്തുകൊണ്ടിരുന്ന ഒരുദിവസം അവിടെ നിന്നുകൊണ്ട് അവൻ ആദ്യമായി മഴ സംസാരിക്കുന്നതു കേട്ടു. അപ്പോഴൊന്നും കോവിൽ പരിസരങ്ങളിൽ ആരുമാരുമുണ്ടായിരുന്നില്ല. (താഴെ നടയിലെ മേൽക്കൂരയിൽ കണ്ടിട്ടുള്ള അതേ ഡിസൈൻ പിൽക്കാലത്ത് തമിഴകത്തെ ഒരു പ്രാചീന ക്ഷേത്രത്തിൽക്കണ്ട് അവൻ വിസ്മയിച്ചിട്ടുണ്ട്. ആദ്യത്തത് ദാരു നിർമ്മിതം, രണ്ടാമത്തത് കരിങ്കല്ലിൽ എന്നു മാത്രം).

പൂജാരിയുമായി അവൻ നല്ല ചങ്ങാത്തത്തിലായിരുന്നു. സ്കൂൾ അവധിയുള്ളപ്പോൾ അപരാഹ്നങ്ങളിൽ വല്ലവും പുല്ലറുപ്പോത്തിയുമായി നടക്കുന്ന അയാൾക്കു പിറകെ അവനും കൂടും. അയാൾ പുല്ലരിഞ്ഞുകൊണ്ടിരിക്കും. അവൻ കൈകെട്ടി നോക്കിനിൽക്കും. അന്നേരങ്ങളിൽ അയാൾ അവനോട് ഒട്ടേറെ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. കോവിൽച്ചടങ്ങുകൾക്കിടയിൽ 'അനുഗ്രഹിക്കുമ്പോൾ' അയാൾ തമിഴിൽ സംസാരിച്ചുകൊണ്ടിരിക്കും. മറ്റുള്ളവരെപ്പോലെ അവനും അതിശയത്തോടെയായിരുന്നു അതു കേട്ടുനിന്നിരുന്നത്. അല്ലാത്തപ്പോൾ ഒരു തവണ പോലും അയാൾ തമിഴിൽ സംസാരിച്ചുകേട്ടിട്ടേയില്ല. ഓണക്കാലങ്ങളിൽ കുട്ടികൾക്കു വേണ്ടി നിരവധി ഊഞ്ഞാലുകൾ കെട്ടിയിരുന്നു.

പിൽക്കാലങ്ങളിൽ യക്ഷികളുടെ നാട്ടിലൂടെ യക്ഷികളെത്തേടിയല്ലാതെ അവൻ നടത്തിയ യാത്രകൾക്കിടയിൽ തീർത്തും യാദൃച്ഛികമായി ചില യക്ഷിയമ്പലങ്ങളിൽ അവൻ എത്തിച്ചേർന്നിട്ടുണ്ട്. യക്ഷിയുമായി അവനെന്തോ ഒരു ബന്ധം പോലെ.
അവൻ പൂക്കുല പോലെ ചിതറിയപ്പോൾ, അടച്ചിട്ട അമ്പലത്തിനുള്ളിലെ യക്ഷിയെപ്പോലെ ദീർഘമായ ഏകാന്തതകളും ഭ്രാന്തും കാർന്നെടുത്തപ്പോൾ, അവളുടെ ദുരൂഹതകളിലേക്ക് അവൻ വിവർത്തനം ചെയ്യപ്പെട്ടു. വലിച്ചെറിയപ്പെട്ട, ചതിക്കപ്പെട്ട യ എന്ന അവൾ അവനിലേക്ക് പകരപ്പെട്ടു. ദേശം വിട്ട് അജ്ഞാത നാടുകളിലേക്ക് ഓടിമറയാൻ വെമ്പിയ അവന്റെ പാദങ്ങൾ അദൃശ്യമായ ഏതോ ചങ്ങലയാൽ വരിഞ്ഞിടപ്പെട്ടു. യക്ഷിയമ്പലത്തിൽ നിന്ന് അകലെയല്ലാതെ അവൻ പാർത്തു. എങ്കിലും അതുവഴി സഞ്ചരിക്കാതിരുന്നു.

ഏങ്ങുന്ന ഏകാന്തതയിൽ യക്ഷിയുണ്ട്. വെള്ളിയാഴ്ചകളിൽ അവളോട് പതം പറയാൻ വന്ന പെണ്ണുങ്ങളെപ്പോലെ അവനും വരുമെന്ന് അവൾ കാത്തിരുന്നിരിക്കണം. അവൻ ആ വഴി നടന്നതുപോലുമില്ല. യ എന്ന ഒറ്റ അക്ഷരത്തിൽ അവനെയും അവളെയും ബന്ധിപ്പിച്ചുനിർത്തിയ ചോരയും മുറിവും കലർന്ന ഇരുട്ടാണ് ഇപ്പോൾ അവൻ അഥവാ അവൾ.


0 അഭിപ്രായ(ങ്ങള്‍):