Thursday, 13 February 2020


സ്കൂളിലെ ആ അധ്യാപകനെ കാണാൻ ആ കുട്ടികൾ എത്തിയത് അവിചാരിതമായിട്ടായിരുന്നു. പതിനൊന്നു മണിയുടെ ഇടനേരത്ത്.


അയാളുടെ ക്യുബിക്കിളിനടുത്തെത്തി അവർ അയാളുടെ കൈത്തലം കവർന്നു. അയാൾ മെല്ലെ എഴുന്നേൽക്കുന്നതിനിടയ്ക്ക് അതിലൊരാൾ നിശ്ചയത്തോടെ അയാളുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു: ഞാൻ സാറിന്റെ ഏറ്റവും നല്ല വിദ്യാർത്ഥിനിയായിരിക്കുമെന്ന് പ്രോമിസ് ചെയ്യുന്നു. അയാൾ അലസമായി മൂളിയിട്ട് ഇരിക്കാൻ ഭാവിക്കുന്നതിനിടയിൽ അവൾ പെട്ടെന്ന് പ്രതികരിച്ചു: എന്ത് 'ഉം?' സാറും പ്രോമിസ് തരണം. എന്റെ ഏറ്റവും മികച്ച ക്ലാസ് ടീച്ചറായിരിക്കുമെന്ന്. അയാൾ ഏറ്റവും ദുർബലമായ ശബ്ദത്തിൽ ശ്രമിക്കാം എന്നു പറയുമ്പോൾ അവൾ മറുത്തു: ശ്രമിക്കാം എന്നൊന്നില്ല. പ്രോമിസ് തരണം. ഇന്ന് പ്രോമിസ് ദിനമാണ്. അപ്പൊഴേക്കും രണ്ടാമത്തയാളും അയാൾക്ക് കൈകൊടുത്തുകൊണ്ടു പറഞ്ഞു: ഞാൻ സാറിന്റെ നല്ല വിദ്യാർത്ഥിനിയായിരിക്കുമെന്ന് പ്രോമിസ് ചെയ്യുന്നു. സാർ എന്റെ നല്ല ക്ലാസ് അദ്ധ്യാപകനായിരിക്കുമെന്ന് പ്രോമിസ് തരണം. സ്വതസിദ്ധമായ നിസ്സഹായാവസ്ഥയിൽ അയാൾ നിൽക്കവേ അവർ വാതിൽ കടന്നുപോയി.

ശരിക്കും കുട്ടികളിലാരോ അയാളെ വിളിക്കുന്നത് 'ഗൾഫിലെ അച്ഛൻ' എന്നോ മറ്റോ ആണ്. ഇതുപോലൊരു ക്ലാസദ്ധ്യാപകനെ അവർ ഇത്രകാലവും കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ല. അത്രയും അപൂർവമായി മാത്രമാണ് അയാൾ ആ ക്ലാസിൽ പ്രവേശിക്കുന്നതു തന്നെ.

അതേ ദിവസം വൈകുന്നേരം സാറ്റാന്റ് സിറ്റെന്നോ മറ്റോ പേരുള്ള കളിയിൽ നിന്നൂരിവന്ന ഒരു കുട്ടി അയാളെ തടഞ്ഞുനിർത്തി. (അവൾ ഇടയ്ക്കിടെ അയാളെ ഉപദേശിക്കാറുള്ള ചെറിയ ക്ലാസിലെ കുട്ടിയാണ്). അവൾ അയാൾക്ക് ഉപദേശങ്ങൾ നൽകിക്കൊണ്ട് ദീർഘനേരം അവിടെ നിന്നു. അവളുടെ ഒളിയിടം കണ്ടെത്താനാകാതെ കൂട്ടുകളിക്കാർ വലഞ്ഞിരിക്കണം. വെളിപ്പെടാത്ത അവളെ മാറ്റിനിർത്തി അവർ കളി പുനഃക്രമീകരിച്ചിരിക്കാം. അവൾ സംസാരിച്ചുകൊണ്ട് അയാളുടെ സമീപത്തുതന്നെ നിന്നു.

അപ്പോഴും അയാളുടെ ക്ലാസിലെ മറ്റൊരു കുട്ടി അവിടെ പ്രത്യക്ഷയായി. അയാൾക്ക് പ്രോമിസ്ഡേ ആശംസിച്ചുകൊണ്ട് അവൾ പറഞ്ഞുതുടങ്ങി. എനിക്ക് അടുത്ത വർഷം ഉയർന്ന ഗ്രേഡുകൾ കിട്ടാൻ ഞാൻ നന്നായി പരിശ്രമിക്കുന്നുണ്ട്. സാറെന്നെ പഠിക്കാൻ നന്നായി സഹായിക്കണം. അടുത്തവർഷം... എന്നയാൾ പിറുപിറുത്തു തുടങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു, ഇവിടെ കാണില്ലെന്നായിരിക്കും. ഇവിടെത്തന്നെ കാണണം. ഇവിടെ ഇല്ലെങ്കിലും എന്റെ കാര്യത്തിൽ ഇടപെട്ടേ പറ്റൂ. തീർച്ചയായും വേണം. അവൾ ഒട്ടേറെക്കാര്യങ്ങൾ അയാളോടു പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ, രാവിലത്തെ ആദ്യത്തെക്കുട്ടി ചീറിപ്പാഞ്ഞു വരുന്നുണ്ടായിരുന്നു. ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ അവൾ അയാളോട് വിളിച്ചുപറഞ്ഞു: എനിക്കു നാളെ സാറിനെക്കാണണം. ഒരുപാട് സംസാരിക്കാനുണ്ട്. നാളെ സമയം തരണം. ഓടിക്കൊണ്ടിരുന്നവളോടൊപ്പം നിന്നവളും ഓടിത്തുടങ്ങി. ചെറിയകുട്ടി മാത്രമായി. (പർവതനെറുകകളെ സ്വപ്നം കാണുന്ന ആ കുട്ടികൾ പ്രിയങ്കരങ്ങളിൽ പലതിനെയും ബലികൊടുത്തിട്ടാണ് യാതനയുടെ ഭാരവുമായി തന്റെ മുന്നിലുള്ളതെന്ന് സ്വന്തം നഖം പോലെയോ തൊലി പോലെയോ അയാൾ തിരിച്ചറിയാറുണ്ട്)

അവൾ ചോദിച്ചു: സാറിന് എന്താണ് പറ്റിയത്. ഞങ്ങൾ ഇന്നലെയും സ്റ്റഡീനേരത്ത് സാറിനെപ്പറ്റിത്തന്നെ സംസാരിക്കുവാരുന്നു. ആയുധങ്ങളില്ലാത്ത യോദ്ധാവിനെപ്പോലെ ക്ലാസിലെ അയാളുടെ ദീർഘമൗനങ്ങളും ഏകാന്തതകളുമൊക്കെ അവരെ എത്രത്തോളം മുഷിപ്പിച്ചിരുന്നിരിക്കാം?

പിരിയാൻ നേരത്ത് അവൾ പറഞ്ഞു, സാറിനെക്കുറിച്ച് എന്നോട് കുറെ കാര്യങ്ങൾ പറയണം. സാറിന് എന്തുപറ്റിയെന്നും.

അയാൾ കെട്ടിടങ്ങൾക്കിടയിലൂടെ നടന്നു. ആറുമണിയുടെ പോക്കുവെയിൽ താൽക്കാലികമായി കൂട്ടിയിട്ടിരുന്ന മൺകൂനക്കുന്നുകളിൽ വീഴുന്നിടത്ത് കുട്ടികളുടെ ഒളിത്താവളങ്ങൾ.

അയാൾക്ക് ഏറ്റവും അടുപ്പമുണ്ടായിരുന്ന ഒരാളോട് അഥവാ ഒരു കഥാപാത്രത്തോട് അയാളും ആ ചോദ്യം ചോദിച്ചിട്ടുള്ളതായിരുന്നു.



ത്രയും വിചിത്രനായിത്തീർന്നു ആ മനുഷ്യൻ അഥവാ കഥാപാത്രം. ഒരിക്കൽ അയാളോട് ചോദിച്ചു: എന്താ നിങ്ങൾ ഇങ്ങനെ? അയാൾ മരുഭൂമികൾ പോലുള്ള കണ്ണുകൾ അടച്ചുതുറന്നതേയുള്ളൂ. ഏതോകാലത്ത് നദീസംഗമങ്ങൾ പോലെയായിരുന്നു അവ. പൂക്കളും ദീപങ്ങളും ഒഴുകിയിരുന്ന പ്രയാഗങ്ങൾ. പൊട്ടിച്ചിരികളും തർക്കങ്ങളും ആഹ്ലാദങ്ങളും നിറഞ്ഞ ഏതോ കടപ്പുറം പോലെയായിരുന്നു അയാൾ. അയാളെ മറിച്ചിട്ടത് എന്തായിരിക്കാം?

അയാൾ ഏറ്റവും സജീവമായിരുന്നിടങ്ങളെല്ലാം അയാളുടെ ശൂന്യതയാൽ നിറഞ്ഞു. തെരുവുകൾ, മേളകൾ, ശില്പശാലകൾ, സൗഹൃദങ്ങൾ തുടങ്ങി ഒരിടത്തും അയാൾ ഇല്ലാതായി. അയാളാണ് ഏതോ കഥയ്ക്കുള്ളിലെ ഒരു സംഭവം പറഞ്ഞെന്നെ വട്ടുപിടിപ്പിച്ചത്. ഒരിക്കൽ ഒരുത്തനെ എന്തിനോ മറ്റൊരുത്തൻ തട്ടിക്കൊണ്ടുപോയി. ഒളിവിടത്തിൽ അവന് തീറ്റിയൊക്കെക്കൊടുത്ത് അങ്ങനെ പോകവേ ആ മറ്റൊരുത്തനെ പോലീസോ പട്ടാളമോ മറ്റാരോ പൊക്കി. അതോടെ ആദ്യത്തെ ഒരുത്തൻ പട്ടിണിയായി. വാർന്നുവാർന്നവൻ ചത്തുപോയി. ചില പരസ്പരങ്ങളിലെ ചങ്ങലക്കൊളുത്തുകൾ...


ഒടുവിൽ അയാൾ അഥവാ കഥാപാത്രം പറഞ്ഞു: നിസ്സാരമെന്നു തോന്നാവുന്ന ഒന്നാണ്.
എന്താണ്?
കഥാപാത്രം അഥവാ അയാൾ പറഞ്ഞുതുടങ്ങി: അയിത്തം എന്നു കേട്ടിട്ടുണ്ടല്ലോ? അനുഭവിച്ചിട്ടില്ലല്ലോ? പുതിയ നൂറ്റാണ്ടിലും അതുണ്ട്. ചിലർക്കു മാത്രം അത് അനുഭവിക്കേണ്ടിവരുന്നു. ഞാൻ സ്മരണപ്പെടുന്നത് കാലങ്ങൾക്കപ്പുറത്തുനിന്നാണ്. ഒരു ശ്രാവണകാലത്ത് എന്റെമേൽ ഒരു ശാപം വന്നുവീണു. അതിനുള്ളിലാകുമ്പോഴൊന്നും എനിക്കറിഞ്ഞൂടായിരുന്നു, എന്താണ് സംഭവിക്കാൻ പോണതെന്ന്. കുതറാൻ പോലും കഴിയില്ലെന്ന്. ഞാൻ കുട്ടിക്കാലം തൊട്ടേ ഓണം കാത്തിരിക്കുന്ന ഒരാളായിരുന്നു. ഓണനാളിൽ ഒരുതവണപോലും വീടുവിട്ടു നിന്നിട്ടില്ല. ശാപം പ്രവർത്തിച്ചുതുടങ്ങിയശേഷം ഞാൻ മുറിക്കുള്ളിലായി. ആരോ പറഞ്ഞിട്ടുള്ളതുപോലെ ലോകത്തെ മുറിക്കുപുറത്തിട്ട് കതകടച്ച് ഞാൻ അകത്തിരുന്നു തുടങ്ങി. തിരുവോണത്തിനൊക്കെ അങ്ങനെയായി. ഓണം ശരിക്കും ചതിയുടെ ഓർമപ്പെടുത്തൽ കൂടിയാണല്ലോ. ആഹ്ലാദം അറ്റുപോയി. പകരം അയിത്തം വന്നുവീണു. ഏതോ പുസ്തകത്തിൽ നായാടി എന്നറിയപ്പെടുന്നവർ മറ്റുള്ളവരെ ഒളിച്ചൊളിച്ചുജീവിക്കുന്ന പോലെയായി ഞാനും.

അയാൾ അഥവാ കഥാപാത്രം തുടർന്നു; പിന്നെ ഞാൻ പ്രിയങ്കരമായിരുന്നിടങ്ങളിൽ നിന്നെല്ലാം പിന്മടങ്ങി. അയിത്തപ്പെടുന്ന ഒരാൾ, ഭ്രഷ്ടാക്കപ്പെടുന്ന ആൾ, ശരിക്കും എത്തിച്ചേരുന്നത് പരേതരുടെ ലോകത്താണ്. ഉദാഹരണത്തിന് ഞാൻ നിങ്ങളോട് ഒരു ചായ പങ്കിടാമോ എന്നു ചോദിക്കുന്നു. നിങ്ങൾ നിഷേധിക്കുന്നു. അല്ലെങ്കിൽ ഒരു മലമുകളിലേക്ക് നടക്കാമോയെന്നാലോചിക്കുന്നു. നിങ്ങളുള്ളയിടത്ത് വരാനാഗ്രഹിക്കുന്നു. നിങ്ങളുടെ നിഷേധങ്ങൾ, നിഷേധങ്ങൾ എന്നതിനപ്പുറം അയിത്തപ്പെടുത്തലും ഭ്രഷ്ടാക്കലുമാണെന്നത് അനുഭവിച്ചറിയാനേ കഴിയൂ. പറഞ്ഞറിയിക്കാനാവില്ല. ഒരു ശാപവും ഒട്ടേറെ നിഷേധങ്ങളും ചേർന്നാകണം ഒരുപക്ഷേ ഭ്രഷ്ടിന്റെ ലോകം തുടങ്ങുന്നത്.

വാക്കുകൾ കിട്ടാതെ അയാൾ അഥവാ കഥാപാത്രം കുഴങ്ങി. അയാൾ നിറുത്തിയയിടത്തുനിന്ന് എന്തോ ഒന്ന് എന്നെ പിന്തുടർന്നുതുടങ്ങി. ഞാൻ അയാളെക്കുറിച്ച് കൂടുതൽ ആലോചിച്ചു. സഞ്ചാരങ്ങളെയും കൂട്ടുകെട്ടുകളെയും സംഗീതത്തെയും പുസ്തകങ്ങളെയും ചലച്ചിത്രങ്ങളെയും ഒക്കെ ഇഷ്ടപ്പെടുകയും പ്രിയങ്കരമായിക്കരുതുന്നിടങ്ങളിലൊക്കെ ഓടിയോടിയെത്തിക്കൊണ്ടിരിക്കുകയും ചെയ്തവനാണ് അയാൾ. പിന്നീട് അയാൾ ഇല്ലാതായ ഇടങ്ങളിൽ ഞങ്ങളൊക്കെ ഓടിയെത്തിക്കൊണ്ടിരുന്നു. കിട്ടിയ അവസരങ്ങളിൽ മറ്റുള്ളവർക്കുമുന്നിൽ അയാളെ പഴിക്കാനും മറന്നില്ല. ഞങ്ങൾ പാർക്കുന്നിടങ്ങളിൽ അയാൾ ഓടിയെത്തുമായിരുന്നെങ്കിലും ഭ്രഷ്ടാക്കപ്പെട്ടശേഷം അധികം പേരും അയാൾ പാർക്കുന്നിടങ്ങളിൽ ചെല്ലാതിരിക്കാൻ ശ്രദ്ധിച്ചു. മറ്റെല്ലാവരുടെയും ഇടങ്ങളിൽ ഞങ്ങൾ ഊഴമിട്ട് സന്ദർശിച്ചു. സഞ്ചാരപ്രിയനായ അയാൾക്ക് സഞ്ചരിക്കാനാവുന്നില്ലെന്നറിഞ്ഞ് എപ്പൊഴോ ആശ്വാസം തോന്നിയിരുന്നു. അയാളെ അടുപ്പിക്കാതിരിക്കാൻ പൂർണ്ണമായും ശ്രദ്ധിച്ചുകൊണ്ടു തന്നെ ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നു. മറ്റുള്ളവരോടൊപ്പം ഞങ്ങൾ സദിരുകളിൽ, ഭക്ഷണവേളകളിൽ, വാഗ്വാദങ്ങളിൽ - ഒരുപക്ഷേ അയാളെ ദംശിച്ച ശാപത്തിൽ കുടുങ്ങി വിശപ്പും ഉറക്കമില്ലായ്മയും കൊടിയ മൗനവും അലട്ടലുകളുമായി ശവക്കുഴിപോലുള്ള ഒരു മുറിക്കുള്ളിൽ അയാൾ അഥവാ കഥാപാത്രം അടയ്ക്കപ്പെട്ട കാലങ്ങളിലെല്ലാം - ഞങ്ങൾ തിമിർത്തുകൊണ്ടിരിക്കുകയായിരുന്നു. എല്ലാ ആഘോഷങ്ങളും ഞങ്ങൾക്കു മാത്രമായി മാറി. അയാൾ അയിത്തപ്പെട്ടുതന്നെ നിന്നു. ഞങ്ങൾ അങ്ങനെ തന്നെ അയാളെ നിറുത്തി. അയാൾ പറഞ്ഞപോലെ എല്ലാ ആഘോഷങ്ങളും ഞങ്ങളുടേതുമാത്രമായി. ഓരോ ദിനങ്ങളും ആഘോഷിച്ചു തിമിർക്കാൻ ഞങ്ങൾ അതീവ ശ്രദ്ധാലുക്കളായി.




പിറ്റേന്നും അയാൾ സ്വന്തം ക്ലാസിലേക്കു പോവുകയോ തലേന്നു കാണണമെന്ന് ആവശ്യപ്പെട്ട പെൺകുട്ടിയെ കാണുകയോ ചെയ്തില്ല. ചെറിയ പെൺകുട്ടി ഓടിവന്ന് അയാളോട് തലേന്നു രാത്രിയിൽ നടന്ന ചർച്ചയെക്കുറിച്ചു പറഞ്ഞു. അത് അയാളുടെ ഏതോ അഭിപ്രായത്തെയോ ഭ്രാന്തൻ ഭാവനയെയോ അടിസ്ഥാനമാക്കിയായിരുന്നുവെന്ന് അവൾ പറഞ്ഞു. കുറച്ച് ആൺകുട്ടികൾ അയാളുടെ അടുത്തേക്ക് ആരവത്തോടെ ഓടിവന്നു. ഇന്ന് ഹഗ് ഡേയാണ് അവർ പറഞ്ഞു. ചേർത്തുപിടിക്കാനാവാതെ അകറ്റിനിർത്തപ്പെടുന്നവരെക്കുറിച്ച് അയാൾ വെറുതേ ആലോചിച്ചു. ചിതറിപ്പോയ ഒരാളുടെ പതിഞ്ഞ കാലൊച്ചയും 'എന്റെ പ്രശ്നം അയിത്തത്തിന്റേതാണെ'ന്ന പതറുന്ന വാക്കുകളും അയാളുടെ തൊണ്ടയിലേക്കും ഒലിച്ചുവന്നുകൊണ്ടിരുന്നു.

എല്ലാ ദിനങ്ങളും നിങ്ങൾക്കു മാത്രമുള്ളതല്ലേ, ആഘോഷിക്കൂ എന്നു പറയാൻ തോന്നിയെങ്കിലും വാക്കുകളെ കടിച്ചുപിടിച്ചുകൊണ്ട് അയാൾ കുട്ടികൾക്കിടയിൽ നിന്നു. ആ കഥാപാത്രത്തിന്റെ അതേ മനസ്സുമായി.

0 അഭിപ്രായ(ങ്ങള്‍):