ശാപം
തീപ്പെട്ടിക്കൊള്ളി പോലെയാണ്.
ഞാനുരച്ചെറിഞ്ഞ
തീപ്പെട്ടിക്കൊള്ളി പുല്ലിന്റെ
വേരിലേക്കു കാളി.
ഭൂമിയുടെ
തൊലിപ്പുറമാകെ പൊള്ളിച്ചു.
കാടിന്റെ
മിഴികളെ കുരുടിപ്പിച്ചു.
നീരുറവയുടെ
അകക്കണ്ണിനെ തുരന്നെറിഞ്ഞു.
നദിയുടെ
ഞരമ്പുകളെ വറ്റിച്ചു.
കുയിലുകളുടെ
ദാഹം നീറ്റിയെരിച്ചു.
പ്രാണനെ
കെടുത്തിയുമുടച്ചുമെരിച്ചും
ആളിയെരിഞ്ഞു.
മുയലുകളും
കുരങ്ങുകളും കരിഞ്ഞമർന്നു.
മഴ
കാത്തുനിന്ന നീലക്കുപ്പായക്കാരൻ
മയിലിന്റെ മാനം കാണിക്കാതെ
കാത്ത ആയിരം കണ്ണുകൾ അപ്പാടെ
ദഹിച്ചുപോയി.
തീപ്പെട്ടിക്കൊള്ളി
എനിക്ക് ആഹ്ലാദമാണ്.
നീണ്ടുനീണ്ടുപോകുന്ന
യാത്രകളിൽ ജനലോരത്തിരുന്ന്
ഒരൊറ്റ ക്ലിക്കിൽ എരിയുന്ന
കാടിനെ ഞാൻ പകർത്തുന്നു.
എനിക്ക്
പ്രിയങ്കരമായവരിലും ഇടങ്ങളിലും
അത് ടാറ്റൂ ചെയ്യുന്നു.
എരിഞ്ഞുടഞ്ഞ
പീലിക്കണ്ണുകളെച്ചൂണ്ടി
കുലുങ്ങിച്ചിരിക്കുന്നു.
പിന്നൊരിക്കൽ
മരുഭൂമിയുടെ ദൃശ്യം
പകർത്തുന്നതിനിടയിൽ എനിക്ക്
മറ്റാരോടോ പറയാനാകും,
പണ്ട്
ഇവിടെ ഒരു കാടുണ്ടായിരുന്നതായി.
0 അഭിപ്രായ(ങ്ങള്‍):
Post a Comment