മുറി
മുറി എല്ലായ്പ്പോഴും ക്ഷണവും ആനന്ദവുമാണ്. ഒരിക്കൽ ഒരുവനെ മുറിയിൽനിന്ന് ഇറക്കിവിട്ടു. ഒരു ഓണക്കാലത്ത്. ഇനിയൊരിക്കലും അവൻ മുറിയിലേക്കു വരില്ലെന്നറിയാം. ഈ മുറിയിലേക്കെന്നല്ല, ഒരു മുറിയിലേക്കും അവൻ പ്രവേശിക്കാനിടയില്ല.
⇝ മുറി എനിക്ക് ആനന്ദമാണ്.
ബുദ്ധൻ
മുറിയിൽ ബുദ്ധസാന്നിദ്ധ്യം മണക്കാറുണ്ടായിരുന്നു. കണ്ണീരുകൊണ്ടുള്ള ഒരു ബുദ്ധപ്രതിമ ഇവിടെ എവിടെയോ ഉണ്ടായിരുന്നു. ചില രാത്രികളിൽ അതെന്നെ ഭ്രമിപ്പിച്ചിട്ടുണ്ട്. ഒരിക്കൽ അതിന് തീകൊളുത്തി. ഇളം നീല നാളങ്ങൾ വായുവിൽ പുളഞ്ഞു. ഒരു നീലക്കുപ്പായം പോലെ അത് എരിഞ്ഞമർന്നു.
- എരിയുന്ന ബുദ്ധൻ എനിക്ക് ആനന്ദമാണ്.
അംബേദ്കർ
ബുദ്ധനു പകരം ഒരു ഛായാചിത്രം ഉറപ്പിച്ചു. കോട്ടിട്ട് പുഞ്ചിരിക്കുന്ന അംബേദ്ക്കറുടെ. ഉദ്ധൃതമാണത്. എരിയുന്ന വെയിലിൽ ഒറ്റവസ്ത്രമുടുത്ത് അലയുന്ന ബുദ്ധനെ അപേക്ഷിച്ച് തണലിന്റെ തിണർപ്പുകളാണത്.
⬈തണൽ എനിക്ക് ആനന്ദമാണ്; മുറിയില്ലാത്തവന്റെ മുറിവുകളും.
0 അഭിപ്രായ(ങ്ങള്‍):
Post a Comment