●നീ നടന്ന പാതകൾ
പുല്ലുകൊണ്ട് മൂടപ്പെടും●
ഇന്നത്തെ അത്താഴം ഏറെ വിശിഷ്ടം. അസ്തമയത്തിനു മുമ്പാണത്. ഇറക്കുന്നതിന്റെയും ചവയ്ക്കുന്നതിന്റെയും ശബ്ദങ്ങളിൽ പള്ളിമണികൾ ബധിരമാകും. ഒരു ചുംബനത്തിനായി ഞാൻ നിന്നെ ഒറ്റിക്കൊടുക്കും. പിഞ്ഞാണങ്ങൾ, തളികകൾ, കോപ്പകൾ,പരിചാരകർ. പോർസലിന്റെ ഒച്ചകൾക്കിടയിൽ, നിന്നെ ഞാൻ ഒറ്റിക്കൊടുക്കും. ഒഴിഞ്ഞ കപ്പ് ഉയർത്തിയും താഴ്ത്തിയും നീ പാനം ചെയ്യുന്നത് ഏറുകണ്ണാൽ നോക്കും. പൊട്ടിച്ചിരിയും ശാപവചനങ്ങളും കൊണ്ട് മുൾക്കിരീടമണിയിക്കും. ഇരവിലും പകലിലും നീ ഏകനായിത്തീരും. കണ്ണീരും മഞ്ഞും കൊണ്ട് കുതിർന്ന, നിലാവണിഞ്ഞ വെള്ളാരങ്കല്ലുപോലുള്ള നിന്റെ നോട്ടങ്ങളൊടുങ്ങും. പുല്ലാങ്കുഴൽ വിരൽത്തുമ്പുകൾ നിശ്ചലമാകും. തണുത്ത മൗനം മുറിവുപോലെ മുഖമാകെ പടരും. കർണ്ണങ്ങളിൽ ബാധിര്യം നിറയും. നിന്നെ ഞാനൊറ്റയ്ക്കാക്കില്ല. ചതിയുടെയും ക്രൂരതയുടെയും മാലഖമാർ നിന്നെ വട്ടമിടും. തിരുമുറിവുകളിൽ കനലെരിയും. ഒറ്റവസ്ത്രം മാത്രമുടുത്ത നിന്റെ ഉടൽ വെറുന്തറയിലിറക്കിക്കിടത്തുമ്പോൾ, കാറ്റ് കച്ച മൂടും. മൂന്നാം നാളിലും അതിനുശേഷവും നീ ഉയിർക്കുകയേയില്ല! നീ നടന്ന പാതകൾ മുടിഞ്ഞ് പുല്ലുമൂടും!!
ഇന്നത്തെ അത്താഴം അതിവിശിഷ്ടം. അസ്തമയത്തിനു മുമ്പ്. കളിമൺപാത്രങ്ങളുടെ ഒച്ചകൾക്കുള്ളിൽ പള്ളിമണികൾ നിശ്ശബ്ദമാകുമ്പോൾ. ഒഴിഞ്ഞ കോപ്പ ഉയർത്തിയും താഴ്ത്തിയും നീ പാനം ചെയ്യുന്നതിനിടയിൽ. ഏറുകണ്ണാൽ ഞാൻ നിന്നെ നോക്കുന്ന വേളയിൽ. ഒരു ചുംബനത്തിനു പകരമായി ഞാൻ, നിന്നെ...
#ഈസ്റ്റർ കുറിപ്പുകൾ
#ഈസ്റ്റർ കുറിപ്പുകൾ
1 അഭിപ്രായ(ങ്ങള്):
ഉയിർക്കാതിരിക്കാൻ കഴിയുകയുമില്ല
Post a Comment