മറിയട്ടാംപില്ല് എന്ന് നാട്ടുകാർ വിളിച്ചിരുന്ന ജീവി വിസ്മയഭരിതമായ കാഴ്ചയായിരുന്നു, കുട്ടിക്കാലത്ത്. ഈർക്കിൽക്കാലുകളും ഉടലുമായി വീട്ടുവരാന്തയിലും വെയിൽ ചിന്നുന്ന പുൽപ്പുറങ്ങളിലുമുള്ള അതിന്റെ സഞ്ചാരം നനവു വറ്റിയ ഓർമ മാത്രമാണിപ്പോൾ. ഏതാനും കൊല്ലങ്ങൾക്കു മുമ്പ് 'പാൻസ് ലാബ്രിന്ത്' എന്ന
മെക്സിക്കൻ ചലച്ചിത്രത്തിലാണ് ഒടുവിൽ അതിനെക്കണ്ടത്.
മെക്സിക്കൻ ചലച്ചിത്രത്തിലാണ് ഒടുവിൽ അതിനെക്കണ്ടത്.
വേനൽത്തുടക്കത്തിൽ പ്രത്യക്ഷപ്പെടാറുള്ള ഒരു സഞ്ചാരിക്കൂട്ടം. കറുപ്പു നിറമുള്ള ഇരുപതോളം ഉറുമ്പുകളുടെ നിര. കാറ്റുപോലത്തെ ആ സഞ്ചാരം ഓർക്കുന്നു.
കുതിച്ചുചാടുന്ന, നെന്മണി വലിപ്പത്തിലുള്ള കറുത്ത പ്രാണി കിണറ്റിൻകരയിൽ കാണാറുണ്ടായിരുന്നു. രാത്രി, ചില്ലിടുവിനൊപ്പം വീട്ടിനുള്ളിലെത്തുന്ന പേരറിയാത്ത ചില ജീവികൾ.
അവയൊക്കെ എവിടെയാണിപ്പോൾ?
പൊത്ത പിടിച്ച് നടക്കുക' എന്നൊരു നാട്ടുപ്രയോഗമുണ്ടായിരുന്നു. അതിന്ന് അപ്രസക്തം. വയൽപ്രാണികളിലേറെയും അപ്രത്യക്ഷമായിരിക്കുന്നു.
കുട്ടിക്കാലത്ത്, മഴയ്ക്കുശേഷം കൈത്തോട്ടിൽ ഉറ്റുനോക്കിനിൽക്കാാറുണ്ടായിരുന്നു.വരയും കുറിയുമൊക്കെയായി തിളക്കമുള്ള ചങ്ങാതി കലങ്ങലിൽ ഒഴുക്കിനെതിരെ നീന്തിനിൽക്കുന്നത് കാണാൻ.
പ്രാണിലോകം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ ദുരയുടെ, സ്നേഹശൂന്യതയുടെ ഇരയായി...
വികസനവും സമരവുമെല്ലാം നിശ്ശബ്ദവംശത്തിനു നേരെയുള്ള യുദ്ധമായി മാറി.
[പശുവിറച്ചി സമരത്തിൽ ആ അട്ടഹാസം പ്രകടമായിരുന്നു. പശുവായി ജനിച്ചു എന്ന ഒറ്റക്കാരണത്താൽ (എരുമയ്ക്കും രക്ഷയില്ലായിരുന്നല്ലോ)നിശ്ശബ്ദനിലവിളികളുടെ എണ്ണം പെരുകി. ഭക്ഷണം എന്നതിനപ്പുറം, പ്രതികാരത്തോടെ സമരപ്രഭുക്കൾ കൂട്ടക്കുരുതിക്ക് (ഫാഷിസ്റ്റുകളുടെവംശഹത്യയ്ക്ക് ഇതിൽനിന്ന് എന്ത് വ്യത്യാസം?) നേതൃത്വം നൽകി. മാറിമാറി ചവയ്ക്കുന്ന ഒച്ചയും പൊട്ടിച്ചിരികളും കീബോർഡ് വിപ്ലവകാരികൾക്ക് ഒരു 'ഗുമ്മ്' നൽകി].
സ്വപനവംശത്തിന് പൊട്ടിച്ചിരിയുടെ അകമ്പടിയോടെ, മുതുകിൽത്തട്ടി, പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തുകൊണ്ടേയിരിക്കുകയാണ് മനുഷ്യർ.
1 അഭിപ്രായ(ങ്ങള്‍):
ശരിയാണു കേട്ടോ. ബാല്യത്തിൽ കണ്ടിരുന്ന എത്രയെത്ര ജീവജാലങ്ങളെ ഇപ്പോൾ കാണാൻ കിട്ടുന്നില്ല
Post a Comment