Monday, 1 February 2016

മനുഷ്യനിൽ നിന്ന് ജന്തുവിലേക്കുള്ള പരിണാമത്തിൽ...



വിലങ്ങനെ-

അത് സഞ്ചാരമാണ്; ചിലപ്പോൾ പലായനവും.

സ്നാനഘട്ടത്തിലേക്കുള്ള പടവുകൾ, ആകാശത്തിലെ പരുന്തിൻ ചിറക്, കുതിർന്ന കണ്ണുകളും വിതുമ്പുന്ന ചുണ്ടുമായി കുഞ്ഞിന്റെ ജഡം താങ്ങി നടക്കുന്ന യുവതിയായ അമ്മയുടെ കൈകൾ, തറനിരപ്പിലൂടെ നീങ്ങുന്ന ആറുകാലൻ എറുമ്പും നൂറുകാലൻ ചെതുമ്പൂരനും...

എല്ലാം വിലങ്ങനെ.

എന്നാൽ വിലക്കുകളിലോ?

ഒറ്റയാകുന്ന ജീവി ഓർമയുടെ മറുപുറം.

മണ്ണിനടിയിലെ ഇരുളിൽ ഒറ്റയാകും മുമ്പ് ജീവി:

കൗതുകത്തോടെ എല്ലായ്പ്പോഴും ലോകത്തെ നോക്കിക്കാണുന്ന അതിന്റെ ഇളം ചെമപ്പുള്ള വട്ടക്കണ്ണുകൾ. വെയിൽത്തിളക്കത്തെയും കാറ്റിനെയും സ്നേഹിച്ചും പുൽത്തലപ്പുകളിൽ തുള്ളിമറിയാൻ ഇഷ്ടപ്പെട്ടുമുള്ള അതിന്റെ വായ്പുകൾ. നിശ്ശബ്ദതയെപ്പോലും പിടിച്ചെടുക്കുന്ന ചെവിയനക്കങ്ങൾ. കാറ്റിന്റെ സ്പർശിനികളെ തൊടാനായുന്ന വിരൽത്തുമ്പുകൾ...

വിലക്കുകളിൽ അതിന്റെ സൂര്യൻ ഇരുളുന്നു. ഇന്ദ്രിയങ്ങൾ അടയുന്നു.



കാഴ്ച ഉടയുന്നു. സ്പർശിനികൾ പിൻവലിക്കപ്പെടുന്നു. [എപ്പോഴോ അത് സ്വയം] ഇളം പുല്ലിന്റെ സ്വാദ് തിരസ്കരിച്ചതിനാൽ (മനുഷ്യനെങ്കിൽ നിരാഹാര സമരം എന്നു പറയും) അവശേഷിക്കുന്നത് ഗന്ധവും ഒച്ചയും മാത്രം.

പ്രാർത്ഥനകളുടെ ലോകത്ത് ഒറ്റയാകുമ്പോൾ അത് നോവുന്നു, ഒച്ചയുടെ ലോകം പറിച്ചെടുക്കണേയെന്ന്...

***

ഗന്ധം ജീവിയുടെ ശ്വാസം. നിഷേധിക്കപ്പെടാത്ത ഒരേയൊരു ലോകം.

പുൽത്തലപ്പും സൂര്യകിരണവും അണഞ്ഞുപോയിടത്ത്, മൺഗന്ധത്തിലൂടെ അതിന്റെ ശ്വാസകോശത്തിൽ പുൽവേരുകൾ പടരുന്നു.

എങ്കിലും ഓരോ ജീവിയുടെയും ഉള്ളിൽ ഭീതികലർന്ന മറ്റൊന്നുണ്ട്.
-മനുഷ്യന്റെ ലോകം.

അവന്റെ ലോകം:
കുത്തനെ!

0 അഭിപ്രായ(ങ്ങള്‍):