അടച്ചുമൂടിയിരിക്കുകയെന്നാൽ,
നിന്നെ മാത്രമോർത്ത് ഒരു ദിനം മുഴുവൻ മുഴുകിയിരിക്കുക്കയെന്നാൽ,
ഒരു എലിയുടെ ജഡത്തിനരികിൽ നിന്ന് ഇപ്പോൾ മാത്രം പാഞ്ഞുപോയ്ക്കഴിഞ്ഞ പൂച്ചയുടെ അവശേഷിക്കുന്ന ശൗര്യത്തിന്റെ ഈർപ്പ് നിലനിൽക്കുന്ന വായുവിന്റെ കനത്തിനരികിലെന്നപോലെ,
അടച്ചു മൂ/ടീ/യിരിക്കുകയെന്നാൽ
ഓർമ്മയെ മാത്രം ഓർത്തിരിക്കുകയെന്നാൽ,
അതീവ സൂക്ഷ്മതകളെ, അതിന്റെ തരികളെ, സൂക്ഷ്മശോകങ്ങളെ, എരിച്ചിലുകളെ ഓർത്തിരിക്കുകയെന്നാൽ,
നിനക്കുവേണ്ടി ഒരുദിനം അടഞ്ഞിരിക്കുകയെന്നാൽ,
തകർന്നുപോയ ഒരു മാളികയുടെ വാരിയെല്ലിനിടയിലൂടെ ഒന്നും എടുക്കാനില്ലെന്നവണ്ണം നിഴലുകളെയും വെളിച്ചപ്പൊട്ടുകളെയും തട്ടാതെ വെറും പാദങ്ങളിൽ നടക്കുകയെന്നാൽ,
ചിലന്തിവലയുടെ അതിലോലതയിൽ ഇളംകാറ്റിന്റെ ചലനത്തിൽ പ്രകാശരേണുക്കളെയെന്നപോലെ
നിന്നെ ഓർക്കുകയെന്നാൽ.
പകൽ വെളിച്ചം വീഴാത്ത മുറിക്കുള്ളിലെ ഇരുളിമയിൽ ഓർമ്മയില്ലായ്മയെ ഓർത്തോർതിരിക്കുകയെന്നാൽ...
0 അഭിപ്രായ(ങ്ങള്‍):
Post a Comment