Thursday, 19 March 2026

ഗോലി



ഗോലി കേവലം ഒരു കളിവസ്തു മാത്രം എന്ന പ്രസ്താവനയെ മൂന്നു പേജിൽ കവിയാതെ ഉപന്യസിക്കാമോ?

ഒരുപക്ഷേ ചിലർക്ക് അതിനു കഴിഞ്ഞേക്കാം. എന്നാൽ അതിന്റെ പരിശീലനാത്മകമായ താരകൾ പിന്തുടരുമ്പോൾ അത് മറ്റുചിലത് (വേണമെങ്കിൽ യുദ്ധോപകരണം എന്നു വിളിച്ചോളൂ) കൂടിയാണെന്ന് നിങ്ങൾ പറയും.


എന്തുകൊണ്ട്?


വിരലുകളെ നിരീക്ഷിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ പറയേണ്ടി വരും- തീർച്ചയായും, തീർച്ചയായും!

ഹാ!


ഗോലിയിലേക്കെത്തിയത് നടന്നു നടന്നായിരുന്നു.

ഗോലി ഒരു കാഴ്ച!!





  ഒരാൾ കുന്നിൻ മുകളിലേക്ക് നടക്കുന്നതിനെക്കുറിച്ചു താൽപര്യപ്പെട്ടു. ഒരു ദശകം മുൻപ് എപ്പോഴോ ഒരിക്കൽ മഴയില്ലാമഴനടത്തനാളിൽ കാടിനുള്ളിലെ നടത്തസംഘത്തിൽ അവരുണ്ടായിരുന്നു എന്നതല്ലാതെ അവർക്കൊപ്പം യാത്രകളൊന്നും പോയിട്ടുണ്ടായിരുന്നതല്ല. കുറേക്കുറേക്കുറേക്കാലമായി അത്തരം നടപ്പുകൾ ഒഴിവാക്കപ്പെട്ടതായിരുന്നു. എങ്കിലും അവർക്കൊപ്പം നടക്കാമെന്നു തീരുമാനിച്ചു.


നടത്തം ഉറുമ്പുകളുടേതാണ്!

മാവോയുടെ ഉറുമ്പിൻപട.


മാവോയുടെതൊരുപക്ഷേ ബുദ്ധന്റെ വിചിത്രമായ അനുകരണവുമാകാം.


ബുദ്ധനാകട്ടെ ഒറ്റയിരിപ്പാണ്.

മധുരനാരങ്ങ പങ്കിട്ടുകഴിക്കുന്നവേളയിലാണ് ആ പെൺകുട്ടിയോട് (അഥവാ കുട്ടികളോട്) അങ്ങേർ മറുവശം പറഞ്ഞത്. 

അതിനുശേഷം അയാളുടേത് ആവർത്തിച്ചുള്ള നടപ്പായിരുന്നു.


തിച് നാച് ഹാൻ അല്ലെങ്കിൽ രവീന്ദ്രൻ ആ താരകളെ മൊഴിപ്പെടുത്താൻ ശ്രമിച്ചു.

***



നടന്നത് പരിചിതവഴിയിലൂടെ. എത്തിയത് ഒലിയുള്ളായുടെ ഖബറിനരികിൽ.

മാവിൻ നിഴലിൽ ഉച്ചയുടെ ഒച്ചയില്ലായ്മയെ തൊട്ട് തെല്ലകലെ ഒരു വെളിമ്പുറം.


കുട്ടികളുടെ പെരുമാറ്റം കൊണ്ട് രൂപപ്പെടാനിടയുള്ളത്രം ആ കുഞ്ഞിടം  ശ്രദ്ധയിലേക്ക് ഓടിയടുത്തു.


അത്തരം ഇടങ്ങൾ പരിചിതയിടങ്ങൾ പോലെ തോന്നിപ്പിക്കും

[[അവിടെ ആർപ്പുവിളിയും തർക്കങ്ങളും പിണങ്ങലുമെല്ലാമുണ്ടാകാറുണ്ട്.

ഒരു കുഴിയിലേക്ക് അതിസൂക്ഷ്മതയോടെ ഗോലി തെന്നിക്കുന്നതോ, എതിരാളിയുടെ ഗോലിയെ അടിച്ചുപറപ്പിക്കുന്നതോ, തോറ്റവന്റെ മുട്ടിലേക്ക് പടക്കെന്ന് അടിച്ചു കേറ്റുന്നതോ അവിടെ സംഭവിക്കുന്നതാണെങ്കിലും, അതിന്റെ നൈരന്തര്യത്തെ പിന്തുടരുന്നൊരാൾക്ക് അതിലെ യുദ്ധാംശം കാണാ/തി/രി/ക്കാ/ൻ കഴിയുമോ?

]]

എതിരാളിക്കു നേരെ കൃത്യമായി കാഞ്ചി വലിക്കുന്നൊരു വിരലിന്റെ പരിശീലനാത്മകമായ താരകളെക്കുറിച്ച് ഓർക്കപ്പെടാത്തതാവാം.


****


കൂടെ വന്നയാളിനോട് ചെറുചാക്കുകളിൽ ഉപേക്ഷിക്കപ്പെട്ട ഗോലിയുടെ ഫോട്ടോ പിടിക്കാനും ഇ മെയിലിൽ അയയ്ക്കാനും ആവശ്യപ്പെട്ടത് പടംപിടിപ്പുപകരണം ഇല്ലാത്തതിനാൽ. [ദൃശ്യചരിത്രങ്ങൾ നിനക്കുണ്ടാകരുത് എന്നത് വിലക്കുകളുടെ ഉൽസവാതിരുകളിലെങ്ങോ മങ്ങിയൊരു തേങ്ങൽ]

***

 ഗോലി!


വലിയ കണ്ണീർത്തുള്ളികളോ അഥവാ കണ്ണുകൾ തന്നെയോ ആണവ.


}}

കളിക്കിടയിൽ പുറത്താക്കപ്പെട്ട ഒരു കുരുന്നിന്റെ തേങ്ങൽ പോലെ അവ.

{{


നടന്നുവരുന്ന നേരങ്ങളിൽ, പഴയപഴയ നടപ്പുകാലങ്ങളിൽ, അനുഭവിച്ചിട്ടുള്ള ആഹ്ലാദങ്ങൾ ചുറ്റുമെങ്ങുമില്ലല്ലോ എന്ന തിരിച്ചറിവ് ചില തഴമ്പുകളെ (ഗോലികൊണ്ട് മുട്ടിൽ എന്ന മട്ടിൽ) ഓർമ്മപ്പെടുത്തും. അത്രയേറെ വ്യക്തിപരമായി. 

[സുദീർഘമായ] വിശപ്പുകാലങ്ങളെ ഉറക്കമില്ലായ്മകളെ.

ആഴമുള്ള പുറത്താക്കലുകളെ, ഉപേക്ഷകളെ.


തിളങ്ങുന്ന ഗോലിയെക്കുറിച്ച് മൂന്നുപേജിൽ കവിയാതെ ഉപന്യാസമെഴുതാൻ ചിലർക്ക് കഴിയുമായിരിക്കും.

മറ്റു ചിലർക്ക് നോവലോ കവിതയോ എഴുതാനാവുമായിരിക്കും.

മറ്റു ചിലർക്ക് പുറത്താക്കപ്പെട്ട കുട്ടിയുടെ കവിളിലെ ഇളം ചൂടുള്ള വലിയവലിയ അശ്രുകണങ്ങളെ [തൊടാതെ തൊടുന്ന മാതിരി] നോക്കിനിൽക്കാനും...





19032026

0 അഭിപ്രായ(ങ്ങള്‍):