ഒരു ജാഥ കടന്നുപോകുന്നുണ്ടായിരുന്നു. പഴകിയ അതേ മുദ്രാവാക്യങ്ങൾ. അതേ ഘടന. തിരക്കിൽ നിന്ന് ആവതും അകന്നുമൊഴിഞ്ഞും നടക്കുന്നതിനിടയിൽ മുൻ നിരയിലെ ചെമന്ന ഉടുപ്പണിഞ്ഞ വളണ്ടിയർമാരുടെ കൂട്ടത്തിലേക്ക് കണ്ണൊന്ന് തെറ്റിക്കേറി.
നമ്മുടെ വിദ്യാലയങ്ങളിൽ എത്രയോ കാലമായി കുട്ടിപ്പോലീസും കുട്ടിപ്പട്ടാളവുമൊക്കെയുണ്ട്.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിരന്തര പരിശീലനം ലഭിക്കുന്നുമുണ്ട്.
എന്നിട്ടും ഇവരുടെ മാർച്ച് ഇത്രേം അനാകർഷകവും അതിനാൽത്തന്നെ അപ്രസക്തവുമല്ലേ എന്ന് ആലോചിച്ചുപോയി.
ജാഥയുടെ വാലറ്റം കടന്നുപോയ്ക്കൊണ്ടിരിക്കുന്ന സ്ഥാനത്തിന്റെ ഓരത്ത് പരിചിതനായ ഒരു കാണി നിന്നിരുന്നു.
പൊട്ടിച്ചിരിയോടെ മാത്രം സംസാരിക്കാറുള്ള ഒരാൾ!
'അപ്രതീക്ഷിതവും മുൻ നിശ്ചയപ്രകാരവുമല്ലാതെ കിട്ടുന്ന കാഴ്ചകളെ'ക്കുറിച്ച് അയാൾ പറഞ്ഞു, 'ചെമ്പട' എന്ന് വാക്കുച്ചരിച്ചു. ഞാൻ സംഗീതത്തെക്കുറിച്ചോർത്തു.
ഞങ്ങൾ നിന്ന സ്ഥാനത്ത് പഴയകാലത്തെങ്ങോ benevolent എന്നു പേരുള്ള ഒരു സ്ഥാപനമുണ്ടായിരുന്നതായി അയാൾ പറഞ്ഞു. ഇന്ത്യയിലും ശ്രീലങ്കയിലും നിന്ന് പുറപ്പെടുവിച്ചിരുന്ന തമിഴ് പ്രസിദ്ധീകരണങ്ങളും ചില ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളും ലഭിക്കുന്ന ചുറ്റുവട്ടത്തെ ഏക സ്ഥാപനമായിരുന്നു അത്. പയ്യെപ്പയ്യെ തീർത്തും വ്യക്തിപരവും വൈകാരികവുമായ ഒരു തലത്തിലേക്ക് ആ സംഭാഷണം സഞ്ചരിക്കുന്നത് കൗതുകത്തോടെ നിരീക്ഷിക്കുകയായിരുന്നു. ഇങ്ങനെ അധികനേരം ആരോടും സംസാരിച്ചുനിൽക്കാത്ത (തിടുക്കക്കാരനും അതോടൊപ്പം പേടിക്കാരനുമായ) ഞാനെന്തേ ഇങ്ങനെ കേട്ടുനിൽക്കാൻ- ചിലപ്പോൾ ഇടപെട്ട് സംസാരിക്കുകയുമായിരുന്നു - എന്ന് ആലോചിച്ചു നിന്ന വേളയിൽ മറ്റൊരു ചിന്ത (ഒരുപക്ഷേ ആഴത്തിൽ എന്നു തന്നെ പറയാം) കടന്നുപോയ്ക്കൊണ്ടിരുന്നു. ഈ മനുഷ്യന്റെ ഓർമ്മയിൽ വസിക്കുന്ന ഒരു ഭൂമേഖലയുണ്ട്. അതിലൊരു ഭൂതകാലവുമുണ്ട്. ദിനംപ്രതിയെന്നോണം എത്രയെത്ര പുസ്തകങ്ങളാണ് ഇക്കാലത്ത് പുറത്തിറങ്ങുന്നത്!!! ഇയാൾക്കു പറയാനുള്ള ലോകം ഒരുപക്ഷേ മറ്റാർക്കും പറയാനാവാത്തതാണല്ലോ. അതിനെ പുസ്തകരൂപത്തിലേക്കു മാറ്റാൻ കഴിയുന്നൊരാൾ എവിടെയോ ഉണ്ടാകണം.
സംഭാഷണത്തിനിടയ്ല് നിന്ന് വിങ്ങിപ്പൊട്ടി പെട്ടെന്ന് അയാൾ തിരിഞ്ഞു നടന്നു, തലതാഴ്ത്തിക്കൊണ്ടുള്ള ആ നടപ്പു നോക്കി നിൽക്കുമ്പോൾ വിലാപങ്ങളുടെ ഒരു തെരുവ് അതാ മെല്ലമെല്ലെ.... എന്നു തോന്നും.
പെട്ടെന്നിരുട്ടുന്ന വായുവിലെ ഇളം തണുപ്പ് പിറുപിറുപ്പുപോലെ എന്റെ ചെവിയിൽ, എന്നോട് മാത്രമായി പറഞ്ഞിരിക്കണം, ആ തെരുവ് പൂർണ്ണമായും നീ തന്നെയാകുന്നു...
0 അഭിപ്രായ(ങ്ങള്‍):
Post a Comment