Saturday, 23 July 2022

രട്ടൈ

ഇരട്ട മാസ്കണിഞ്ഞ ഒരു കാൽനടക്കാരൻ മറ്റൊരാൾക്ക് ഈജിപ്ഷ്യൻ മമ്മി പോലെ തോന്നുന്നത് എന്തുകൊണ്ട്?

ഒരു ഇരട്ട മാസ്കന് ഒരു പെൺകുട്ടിയോട് ഒരിക്കൽ വിശദീകരിക്കേണ്ടി വന്നു.

അയാൾ പറഞ്ഞു:

രണ്ട് മുഖം മൂടി വയ്ക്കുമ്പോൾ ഒരാൾക്കും നമ്മളെ കാണാനാവില്ല. കണ്ണുകൾ മാത്രം അവർ കാണുന്നുണ്ടാകും. എന്നാൽ മുഖം കാണുകയേയില്ല. നമ്മളെ നിരന്തരം കാണുന്നവർക്കു പോലും ചിരിക്കാൻ കഴിയാത്ത ഒരാൾക്കു മുന്നിലാണ് നിൽക്കുന്നതെന്ന കാര്യം അറിയാനേ കഴിയില്ല. 


മാസ്ക് വയ്ക്കണമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് പെട്ടെന്ന്  കൊറോണക്കാലം കടന്നുവന്നത്. പിന്നെ അത് എളുപ്പമായി. 


അവൾ മൂളിക്കൊണ്ടിരുന്നു. പെട്ടെന്ന് അവൾ തന്റെ പക്കലുള്ള ഒരു പ്ലാസ്റ്റിക് കൂട് അയാളുടെ നേരെ നീട്ടി. അതിൽ ഒരേയൊരു മധുര വസ്തു മാത്രം ഉണ്ടായിരുന്നു. അയാൾ അത് നിഷേധിച്ചു. ഒരുപക്ഷേ അയാളുടെ മുഖം കാണണമെന്ന തോന്നൽ ആ നീട്ടലിൽ ഉണ്ടായിരുന്നിരിക്കാം.

അന്നവളുടെ പിറന്നാളായിരുന്നു.

***

മമ്മിഫിക്കേഷനു മുമ്പ് ഒരു ഈജിപ്ഷ്യൻ മമ്മിക്കുള്ളിൽ നിന്ന് ആന്തരികാവയവങ്ങൾ പറിച്ചുകളയുമ്പോലെ, തന്റെ ഉള്ളിൽ നിന്ന് ചിരിയും ആഹ്ലാദങ്ങളും പറിച്ചുമാറ്റപ്പെട്ടതിനെക്കുറിച്ച് അയാൾ അപ്പോൾ ഓർത്തുകൊണ്ടിരുന്നു. കൊല ചെയ്യപ്പെട്ടൊരാളുടെ ഓർമ പോലെ! 

ഒരുതരം ഒളിവു ജീവിതവുമായി ഭൂമിയുടെ തപിക്കുന്ന നെഞ്ചിൽ പാദങ്ങൾ കൊണ്ട് ചൂടളന്ന് പ്രാചീനമായ ഏതോ തൊട്ടുകൂടായ്മക്കാരനെപ്പോലെ അതാ അയാൾ. 

നടക്കുന്ന ഒരു മമ്മി!

0 അഭിപ്രായ(ങ്ങള്‍):