Thursday, 5 September 2019

പാദങ്ങൾ


ഭൂമി തൊടാതെ കുഞ്ഞിളം പാദങ്ങൾ. അതിന്റെ ഇളം ചെമപ്പു നിറം. ഉമ്മകളാൽ അലംകൃതമാണത്.
പാറാവുകാരന്റെ പാദങ്ങൾ നിശ്ചലം. കവചങ്ങൾക്കുള്ളിൽ സുരക്ഷിതമാണത്.

ഭ്രാന്തന്റെ പാദങ്ങളോ?
ദിശ തെറ്റി ഒഴുകിപ്പരക്കുന്ന നദി പോലെയും ഋതുക്കളുടെ ഒപ്പുകടലാസു പോലെയും. മുറിവുകളുടെ വേനൽത്തഴമ്പ്.

ചിങ്ങം വാമനപാദത്തെ ഓർമിപ്പിക്കുന്നു. ഉദ്ധതമാണത്. അധികാരത്തിന്റെ അടയാളവാക്യം.
ആരവങ്ങളാലും പൊട്ടിച്ചിരികളാലും ഏകാന്തതടവിനെ ഘോഷിക്കാൻ പ്രേരിപ്പിക്കുന്നു;
പൂക്കളങ്ങളുടെ റീത്തുകൾ കൊണ്ട് ചതിയുടെ ഓർമയെ മറയ്ക്കന്നു.

പാദങ്ങൾ പാഠങ്ങളാണ്.

0 അഭിപ്രായ(ങ്ങള്‍):