Sunday, 29 May 2022

സിൻഡ്രല

2022

സമയം ഒരു രേഖയെങ്കിൽ അതിൽ ഒരു സംഭവത്തിന്റെ തുടക്കനിലകൾക്കും ഒടുക്കത്തിനുമിടയിൽ ആഴത്തിലുള്ള ഒട്ടേറെ രേഖപ്പെടുത്തലുകൾ വന്നുചേർന്നുകൊണ്ടിരിക്കുന്നതിനാൽ,  തുടർച്ചകളെ മാത്രം ശ്രദ്ധയോടെ പിഴുതെടുത്തെഴുതുമ്പോൾ ഒരു ചരിത്രപുസ്തകം രൂപപ്പെടുകയും ആ സംഭവത്തിന്റെ കൃത്യമായ ചരിത്രപുസ്തകമായി മാറുന്നതോടൊപ്പം അതിനു പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ അപ്പുറമുള്ള ചരിത്രസംഭവങ്ങളുമായി ഉടയാത്തതും ഉലയാത്തതുമായ ഇഴയകലം ഉണ്ടായിരിക്കുകയും ആവർത്തിക്കപ്പെടുന്നതും അതേസമയം മൂടിവയ്ക്കപ്പെടുന്നതുമായ ഭ്രഷ്ടുകളുടെയും അകറ്റിനിർത്തലുകളുടെയും ഒപ്പം യാതനകളുടെയും നീലയടിപ്പാടുകൾ ചരിത്രഗാത്രത്തിൽ തിണർപ്പിട്ടുകിടക്കുന്നതായും സൂക്ഷ്മനിരീക്ഷണത്തിൽ മാത്രം തെളിഞ്ഞുവരുന്നതായി അറിയാനാകും.

2022. 

ഒരു സംഖ്യ. ഒരു വർഷം. ഒരു തീയതി.


എങ്ങനെ?

വർഷത്തിന്റെ സ്പീഡോമീറ്റർ കൊണ്ടളക്കുമ്പോഴല്ല. ദിവസത്തിന്റെ കൊച്ചിളം പാദങ്ങൾ കൊണ്ട് അ/ള/ക്കു/മ്പോ/ൾ ...

എങ്ങനെ?

ഗോലി കളിക്കുന്ന കുട്ടി ശ്രദ്ധയോടെ മുഴമളക്കുന്നതു പോലെ. രാജിക്കാരനു മുന്നിൽ സൂക്ഷ്മതയോടെ മു/ഴ/മ/ള/ക്കു/ന്ന/തു/ പോലെ.

ആർക്കറിയാം?

പാദങ്ങൾക്ക്.

അവയ്ക്കു മാത്രം.

അങ്ങനെയെങ്കിൽ 2022 ഒരു ദിവസത്തിന്റെ പേരാണ്.

എവിടെ തുടങ്ങി?

ഒരു നവംബറിനും മറ്റൊരു മേയ്ക്കും ഇടയിൽ ഒറ്റയ്ക്ക് അലഞ്ഞുതിരിഞ്ഞ പാദങ്ങൾ ആ ചരിത്രത്തിന്റെ അവകാശികൾ.

എന്തുകൊണ്ട്?

അതിൽ നിരന്തരം തീപ്പൊള്ളലേറ്റ വടുക്കളുണ്ടാകണം. പെരുമഴയിലും കൊടുംവെയിലിലും കോച്ചുന്ന ശീതത്തിലും...

അതെ. മഴക്കാലം, മഞ്ഞുകാലം, വേനൽക്കാലം, കൊറോണക്കാലം. അത് ഒറ്റയ്ക്ക് അലഞ്ഞുതിരിഞ്ഞുകൊണ്ടിരുന്നു.

അതിന്റെ ഇടതു പെരുവിരലിനുള്ളിൽ സിൻഡറല്ലയുടെ അനാഥത്വത്തിന്റെ ഒരു നിമിഷത്തെ പിടച്ചിലുണ്ട്.

പാദങ്ങൾക്കു മാത്രം പറയാനാകുന്ന ഏകാന്തതയുണ്ട്.


അങ്ങനെയെങ്കിൽ 2022 ഒരു ദിവസത്തിന്റെ മാത്രം പേരാണ്.

ഒരു നൈരന്തര്യത്തിന്റെ ഓർമപ്പെടുത്തലുമാണ്.

(അപൂർണ്ണം)


0 അഭിപ്രായ(ങ്ങള്‍):