പ്രിയങ്കരമായതെല്ലാം
വിട്ടുപോകേണ്ടി വന്നിട്ടുള്ളതിനെപ്പറ്റി
ആലോചിച്ചാൽ മരവിപ്പിനുമേൽ
ഒരു തണുപ്പു വീഴും.
അത്രയും
പ്രിയങ്കരമായിരുന്നു ആ നാടും
കാടും അവിടത്തെ കുട്ടികളും.
പ്രിയങ്കരമായ
കാട്ടുവഴികളിലൂടെ ആഹ്ലാദപൂർവം
സഞ്ചരിച്ച കാലം;
ആഹ്ലാദങ്ങൾ
ഉടഞ്ഞശേഷം അതേ വഴികളിലൂടെ
വീണ്ടും സഞ്ചരിച്ചുകൊണ്ടിരുന്ന
മറ്റൊരു കാലം...
ആ
കാട്ടിനുള്ളിലെ ഏതോ വീട്ടിലെ
ഒരാളായാണ് എല്ലായ്പോഴും
സ്വയം തോന്നിയിട്ടുള്ളത്.
ചില
വൈകുന്നേരങ്ങളിൽ സ്കൂളിൽ
നിന്ന് കുട്ടികൾക്കൊപ്പം
അവരെ വീട്ടിൽ കൊണ്ടാക്കാൻ
കാട്ടിനുള്ളിലെ ഊരിലേക്ക്
പോകാറുണ്ടായിരുന്നു.
അങ്ങോട്ട്
വാഹനത്തിൽ പോകും.
തിരികെ
നടക്കും.
ആ
നടത്തം അവർ ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല.
വൈകുന്നേരം.
സന്ധ്യ.
കാട്.
വണ്ടിയിൽ
പൊയ്ക്കൂടേയെന്ന് ശാസിക്കും.
ചില
ദിവസങ്ങളിൽ കാലത്ത് വന്നയുടൻ
അവർ പറയും:
വള്ളിപ്പുലി
എറങ്ങീറ്റൊണ്ട്,
കേട്ടാ.
അല്ലെങ്കിൽ
കാട്ടുപോത്തിനെയോ നായ്ക്കൂട്ടത്തെയോ
കണ്ട കാര്യം.
ചിലപ്പോൾ
മനുഷ്യരെ 'ആനയെടുക്കാ'റുണ്ട്.
ആ
ദിവസങ്ങളിൽ സങ്കടം പുരണ്ട
നോട്ടങ്ങൾകൊണ്ട് പൊള്ളിക്കും.
ഒരു
വൈകുന്നേരം നെല്ലിക്കപ്പാറ
കഴിഞ്ഞയുടൻ ഒരു മൂന്നാം
ക്ലാസുകാരി കുപ്പായത്തിൽ
ശക്തിയായി വലിച്ചു.
തിരിഞ്ഞു
നോക്കുമ്പോൾ വാഹനത്തിന്റെ
പിന്നിലൂടെ അതിശീഘ്രം
കുതിച്ചുപായുന്ന ഒറ്റയാൻ
കാട്ടുപോത്ത്.
പോക്കുവെയിലിൽ
എന്തൊരഴകാണതിന്!
ആനയെക്കാൾ
സൂക്ഷിക്കേണ്ടത് കാട്ടുപോത്തിനെയാണത്രെ.
ഓഖിക്കാറ്റ്
കാടിനെ കശക്കിയതിന്റെ അടുത്ത
ദിനങ്ങളിൽ സങ്കടത്തിന്റെ
നീർക്കെട്ട് അന്തരീക്ഷത്തിൽ
വിങ്ങിനിന്നു.
കാട്ടിൽ
നിന്നല്ലാതെ വരുന്നവരുമുണ്ട്.
ഒരിക്കൽ
ഒരു പെൺകുട്ടി ചെരിപ്പില്ലാതെ
കുറെയധികം നടന്നതിനെപ്പറ്റി
പറയുമ്പോൾ 'ഭൂമിക്ക്
പൊള്ളണ പനിയാണ്,
കേട്ടാ.
ഉം'
എന്നു
പറയുന്നുണ്ടായിരുന്നു.
ആ
'ഉം'ൽ
എല്ലാമുണ്ടായിരുന്നു.
തങ്ങൾക്ക്
വേണ്ടപ്പെട്ടൊരാൾക്ക് വായന
നഷ്ടപ്പെട്ടുപോയത് അവർ
എങ്ങനെയൊക്കെയോ കണ്ടെത്തി.
അയാൾക്കുവേണ്ടി
അവർ വായിച്ചു.
പലപ്പോഴും
വായിക്കുന്നതിലെ നഞ്ചു മുഴുവൻ
അവർക്ക്.
ബാക്കി
തുള്ളിതുള്ളിയായി അയാളുടെ കർണ്ണങ്ങളിലിറ്റിച്ചു.
പുതുമയുടെ
ഗന്ധമുള്ള ചിന്തകൾ കൊണ്ട്
അവരിൽ പലരും വിസ്മയിപ്പിച്ചിട്ടുണ്ട്.
അവരുടെ
ഏറ്റവും സ്വന്തമായ കാര്യങ്ങൾ
പങ്കുവയ്ക്കാനുള്ള ഇടമായും
സങ്കടങ്ങൾ കേൾപ്പിക്കാനുള്ള
ഇടമായും പരിഗണിച്ചുകൊണ്ട്
വല്ലാതെ മനുഷ്യപ്പെടുത്തി.
കൂരിരുളിനിടയ്ക്കുള്ള
മിന്നാമിന്നി നക്ഷത്രങ്ങളായിരുന്നു
അവർ.
പലപ്പോഴും
നിഷ്ക്രിയതയുടെ ശവക്കുഴിയിൽ
നിന്ന് തോണ്ടിയെടുത്തിരുന്നത്
അവരായിരുന്നു.
ജൂണിൽ
അവരെ പിരിയേണ്ടിവന്നു.
ഗതിയില്ലാത്ത
ഒരു ഉപേക്ഷിക്കൽ അഥവാ
ഉപേക്ഷിക്കപ്പെടൽ.
അപ്രതീക്ഷിതമായ
ആ വേർപിരിയലിനെ സ്നേഹത്തിന്റെ
പതാകകൊണ്ട് അവർ നേരിട്ടു.
നിശ്ശബ്ദതകൊണ്ടും.
ആ
ആഘാതത്തിലാണ് ഒരു കത്തെഴുതാൻ
തോന്നിയത്.
ഇൻലന്റിൽ
ടർക്കോയിസ് നീലത്തിലെഴുതാനാണ്
പണ്ടത്തെ ഇഷ്ടം.
കടലിനെയും
തിരകളെയും ഓർമിപ്പിക്കും.
പക്ഷേ
കയ്യിൽത്തടഞ്ഞ ഏതോ പേനകൊണ്ട്
എങ്ങനെയോ എന്തൊക്കെയോ എഴുതി.
ഏറെക്കാലത്തിനു
ശേഷമായിരുന്നു ഒരു കത്തെഴുതൽ.
അഭിരാമിക്കാണ്
എഴുതിയത്.
കഴിഞ്ഞ
വേനൽക്കാലത്ത് ജീൻ ഗിയാനോയുടെ
പുസ്തകം അഭിരാമിയെ ഏൽപ്പിച്ചിരുന്നു.
അവളുടെ
ശബ്ദത്തിൽ അതൊരു ശബ്ദപുസ്തകമായി
രൂപാന്തരപ്പെടുമെന്ന്
കരുതിയിരുന്നതാണ്.
അന്ധർക്കും
നിരക്ഷരർക്കും വിദ്യാർത്ഥികൾക്കും
വീട്ടമ്മമാർക്കുമൊക്കെയായുള്ള
പുസ്തകം.
പക്ഷേ
അത് ജനിച്ചില്ല.
(കാഴ്ച
നഷ്ടപ്പെട്ട് അന്ധയായിത്തീർന്ന
ഒരധ്യാപിക ഒരിക്കൽ തന്റെ
ക്ലാസ് അനുഭവങ്ങൾ പങ്കിടുന്നത്
കേട്ടിരുന്നിട്ടുണ്ട്.
ഇത്തരം
പുസ്തകങ്ങൾ അത്തരം മനുഷ്യർക്ക്
എത്രമാത്രം ഉപകാരം ചെയ്യും!)
അഭിരാമിയെ
വീണ്ടും കണ്ടപ്പോൾ
ദീർഘകാലത്തിനുശേഷമെഴുതിയ
ആ കത്ത് കാണണമെന്നു തോന്നി.
അതിന്റെ
സ്കാൻ കോപ്പി വെറുതെ ഒരോർമ്മയ്ക്ക്
ഇവിടെ.
പൊളിച്ച
മധുരനാരങ്ങ പോലെ ദൃഷ്ടിയിൽ
പതിഞ്ഞുപോയ ഒരു സ്കൂൾ
അനുഭവത്തിന്റെ ഓർമയ്ക്ക്.


0 അഭിപ്രായ(ങ്ങള്‍):
Post a Comment