Saturday, 23 November 2019

ഉവേസ




ഞ്ചാരം ജീവന്റെ പരിമളമായിരുന്നുവെന്ന് നിങ്ങൾ വീണ്ടും വീണ്ടും അറിയുന്നു. ജീവിതത്തിനുള്ളിൽനിന്ന് അത് തോണ്ടിയെറിയപ്പെട്ട നീണ്ട ചില വർഷങ്ങൾക്കു ശേഷവും. ഒരു അത്യാഹിതത്തിൽ അത് നിലയ്ക്കുന്നു. അപകടത്തിൽപ്പെട്ട് ചോരവാർന്ന് കണ്ണുടഞ്ഞുപോയ നായ്ക്കുട്ടി ആഴങ്ങളിലേക്ക് തെറിച്ചുപോകയും കുന്നിടിഞ്ഞ് അതിനുമേൽ പതിക്കയും ചെയ്തപോലെ. അതോടൊപ്പം, പ്രിയങ്കരമായി നെഞ്ചടക്കിപ്പിടിച്ചിരുന്നതൊക്കെയും നിങ്ങളെ വിട്ടകലുന്നു. സംഗീതം, വായന, കൂട്ടുകാർ, ചലച്ചിത്രം, രാത്രികൾ, അപരാഹ്നങ്ങൾ, പൊതു ഇടങ്ങൾ, കുന്നുകൾ, ഉത്സവങ്ങൾ, നിലാവ്, കൂട്ടുചേരലുകൾ എല്ലാം. നിങ്ങളുടെ സഞ്ചാരദൂരങ്ങൾ ചുരുങ്ങുന്നു- ശവപ്പെട്ടിക്കുള്ളിലെന്ന പോലെ. ഒരു മുറിക്കുള്ളിൽ ദീർഘനാൾ നിങ്ങൾ തളയ്ക്കപ്പെടുന്നു. നിങ്ങളുടെ പുസ്തകശാല കത്തിയമരുന്നു. അതിന്റെ ശവഗന്ധത്തിലെരിഞ്ഞുനിൽക്കേ നിങ്ങൾക്ക് സ്മൃതിഭ്രംശം സംഭവിക്കുന്നു.


ങ്ങനെയിരിക്കെ, തലപ്പാവണിഞ്ഞ ഒരാൾ നിങ്ങൾക്കു നേരെ വിരൽ ചൂണ്ടുന്നു. ഗ്രീഷ്മത്തിലെ പൂർവാഹ്നത്തിലൂടെ അയാൾ നടക്കുമ്പോൾ മണൽത്തരികൾ കിരുകിരുക്കുന്നു. വിരൽത്തുമ്പാൽ അയാൾ നെറ്റിവിയർപ്പ് തുടച്ചു നീക്കുന്നു. അയാളുടുത്ത ഒറ്റമുണ്ട് ഉലയുന്ന ഒച്ച. അയാളുടെ അലച്ചിലുകൾ. അത് ഉവേസ. നിങ്ങളുടെ പുസ്തകക്കൂട്ടങ്ങൾക്കിടയിൽ തെറിച്ചുനിന്ന ഒരു പഴയ പാഠപുസ്തകം. അതിനുള്ളിൽ ഉവേസ.

കൗതുകക്കണ്ണുകളുള്ള സ്കൂൾ വിദ്യാർത്ഥികൾക്കിടയിലൂടെ ഒരിക്കൽ നിങ്ങൾ യാത്രചെയ്യുന്നു. പള്ളിക്കൂടങ്ങളിൽ നിന്ന് പള്ളിക്കൂടങ്ങളിലൂടെ. തമിഴ് ചുവയ്ക്കുന്ന ഗ്രാമങ്ങൾ. നിങ്ങൾ യാത്ര തുടരുന്നു. നിങ്ങൾ ജീവിച്ചിരിക്കുന്ന ഒരാളായിരുന്നു അക്കാലത്ത്. തീർച്ചയായും. ആഹ്ലാദങ്ങളും പൊട്ടിച്ചിരികളും പങ്കിടലുകളും നിറഞ്ഞ അക്കാലത്ത് ചെമ്മണ്ണു നിറഞ്ഞ പാതയായിരുന്നു നിങ്ങളെങ്കിൽ, നിങ്ങൾക്കു കിട്ടിയ തമിഴ് പാഠപുസ്തകങ്ങളിൽ ഒന്നിന്റെ ഉള്ളിൽ നിന്ന് ഇതാ വിരൽ ചൂണ്ടുന്നു, ഉവേസ.

ത് ഉവേസ. ദിക്കറിയാത്ത കാട്ടിൽ അയാൾ തേടിത്തേടിയലഞ്ഞത് താളിയോലക്കെട്ടുകൾക്കുവേണ്ടിയായിരുന്നു. തമിഴകത്തിന്റെ ആത്മാവ് തേടിത്തേടിയായിരുന്നു ആ അലച്ചിലുകൾ. വീട്ടകങ്ങളിൽ ഇരുളാണ്ടുറങ്ങിക്കിടന്ന തമിഴ് ഗ്രന്ഥങ്ങളെ ഓലക്കെട്ടുകൾക്കുള്ളിൽനിന്ന് മോചിപ്പിച്ച് അച്ചടിപ്പുസ്തകങ്ങളാക്കാനും സർവർക്കും ലഭ്യമാക്കാനുമുള്ള യാതനാപൂർണമായ ശ്രമങ്ങളുടെ പേരായിരുന്നു ഉവേസ. പിൽക്കാലത്ത് ഒട്ടേറെ അന്വേഷണങ്ങൾക്കും വ്യാഖ്യാനങ്ങൾക്കും വഴിതെളിച്ച മൂലഗ്രന്ഥങ്ങളെ കണ്ടെത്താനുള്ള ചിട്ടയായ പ്രവർത്തനങ്ങൾ. കൈപ്പത്തിയിലൊതുങ്ങുന്ന ഓലയുടെ ഘടനയിൽ നിന്ന് അക്ഷരങ്ങളെ പുതിയ പുസ്തകഘടനയിലേക്കെത്തിക്കാനുള്ള നെട്ടോട്ടങ്ങൾ.

(അപൂർണം)

0 അഭിപ്രായ(ങ്ങള്‍):