Saturday, 19 February 2011

തലക്കെട്ടില്ലാതെ




കഴിഞ്ഞയാണ്ട്‌ ജൈവവൈവിധ്യ വര്‍ഷമായിരുന്നല്ലോ (ഇക്കൊല്ലം വനവര്‍ഷവും). ഒട്ടേറെ ചര്‍ച്ചകളും സെമിനാറുകളുമുണ്ടായി. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ഒരു സെമി'നാറി'ലും പങ്കെടുക്കാന്‍ സാധിച്ചില്ല. എങ്കിലും, പ്രിയപ്പെട്ട സസ്യലതാദികള്‍ക്കും വൃക്ഷശിശുക്കള്‍ക്കുമൊപ്പം പ്രണാമപൂര്‍വം സഞ്ചരിക്കാന്‍ സാധിച്ചു.


കഴിഞ്ഞ കൊല്ലം നാടന്‍ വിത്തുകള്‍ ധാരാളം ലഭിച്ചു; കൂട്ടുകാര്‍ക്കും പരിചിതര്‍ക്കും കൈമാറി; യാത്രയ്ക്കിടയില്‍ പലയിടത്തായി വിത്തെറിഞ്ഞു പോയി.
അതിലൊന്ന്‌ അശോകം.


ഞങ്ങളുടെ വീട്ടിലെ അശോകമരത്തില്‍ ധാരാളം പൂക്കളുണ്ടായി; ധാരാളം കായകള്‍; വിത്തുകള്‍... പലര്‍ക്കും കൊടുത്തിട്ടും വിത്തുകള്‍ ബാക്കിയായി. അങ്ങനെയാണ്‌ വിത്തുകള്‍ നടാനായി മാത്രം ഒരു യാത്രയെക്കുറിച്ച്‌ ആലോചിച്ചത്‌. പെട്ടെന്ന് മനസ്സിലെത്തിയത്‌ ഒരു കുന്നിന്‍പുറമാണ്‌.

മലയാളിത്തം വറ്റിയിട്ടില്ലാത്ത ഒരു തമിഴ്‌നാടന്‍ ഗ്രാമത്തിനരികിലാണ്‌ ആ പ്രദേശം. പാറക്കൂട്ടങ്ങളും കുളങ്ങളുമുള്ള ആ മലമുകളില്‍ ഒരു ഭഗവതിക്ഷേത്രമുണ്ട്‌. പ്രാചീനമായ ഒരു ജൈനകേന്ദ്രം. ഒരു നൂറ്റാണ്ടു മുമ്പ്‌ പുനഃപ്രതിഷ്ഠയിലൂടെ ഭഗവതിക്ഷേത്രമാക്കി മാറ്റി. ആര്‍ക്കിയോളജി വകുപ്പിന്റെ (ASI) സംരക്ഷണയിലാണ്‌ ഇപ്പോള്‍ ഈ പ്രദേശം.

മുമ്പ്‌ പല സംഘങ്ങള്‍ക്കൊപ്പവും ഒറ്റയ്ക്കും പലവട്ടം സന്ദര്‍ശിച്ചിട്ടുള്ള ഇടമാണ്‌. എന്നാല്‍ അത്തവണത്തെ യാത്ര വ്യത്യസ്തമായ അനുഭവമായി. കുഞ്ഞു കായ്കളുള്ള, കുഞ്ഞു പൂക്കളുള്ള, കുട്ടിക്കാലത്തെ പ്രിയങ്കരരായ കൂട്ടുകാരായിരുന്ന ചെടിത്തരങ്ങള്‍, ഇലിന്ത പോലുള്ള കാട്ടുചെടികള്‍, വള്ളിച്ചെടികള്‍, മുള്‍ച്ചെടികള്‍, കുഞ്ഞു പ്രാണികള്‍... ആദരവോടെ കണ്ണുകള്‍ അവയിലൂടെ കടന്നുപോയി. പലതരം മാവുകളും അയിനിയും പനയും ആലുമൊക്കെയുള്ള ആ ഭൂപ്രദേശത്തിന്റെ മുക്കിലും മൂലയിലും കാലുകളെത്തി. മലമുകളിലൂടെ താഴ്‌വാരത്തേക്ക്‌ ഇറങ്ങിച്ചെന്നു. എല്ലായിടത്തും ഓരോ അശോകവിത്ത്‌. ക്ഷേത്രമുറ്റത്തും നട്ടു. ഈയിടെ വീണ്ടും ഈ ക്ഷേത്രത്തിലെത്തി. അതാ, വിത്ത്‌ മുളച്ച്‌ ചെടിയായിരിക്കുന്നു. ഇനിയത്‌ മരമായി വളരും.

കുട്ടിക്കാലത്ത്‌ താമസിച്ചിരുന്ന വീടിന്റെ തെക്കുപുറത്ത്‌ ഒരു അശോകമരമുണ്ടായിരുന്നു. അതിന്റെ അഗ്നിവര്‍ണ്ണമാര്‍ന്ന പൂങ്കുലകളും വെയില്‍ ഇഴപാകിക്കിടക്കുന്ന തണലും ഒരു പൂര്‍വാഹ്നസ്വപ്നം പോലെ മനസ്സിലുണ്ട്‌.
എങ്കിലും, ഇപ്പോള്‍, ഈ നിമിഷം, ഓര്‍മ്മകള്‍ പിന്നോട്ടുള്ള സഞ്ചാരം നിറുത്തി മുന്നോട്ടു സഞ്ചരിച്ചു തുടങ്ങുന്നു. സുഹൃത്തേ, ഒരു വേനല്‍ക്കാലത്തുച്ചയ്ക്ക്‌, ജൈനക്ഷേത്രത്തിന്റെ മുറ്റത്ത്‌ തീനിറമുള്ള പൂക്കളേന്തി നില്‍ക്കുന്ന അശോകമരത്തിന്റെ ചുവട്ടില്‍ നമ്മള്‍ കണ്ടുമുട്ടണമെന്ന - സ്വപ്നം പോലെ വിചിത്രമായ - ഭാവിയിലേക്കുള്ള ഒരു ഓര്‍മ്മ...




1 അഭിപ്രായ(ങ്ങള്‍):

ശ്രീ said...

അതൊരു മരമായി വളരട്ടെ