Saturday, 27 December 2008

ബാര്‍ബറോ ഫാര്‍മറോ




വെള്ളിനക്ഷത്രം ചലച്ചിത്ര വാരികയുടെ 1017 ലക്കത്തില്‍ Balcony എന്ന പംക്തിയില്‍ എസ്‌. അനില്‍കുമാര്‍ എന്നൊരാള്‍ എഴുതുന്നു:

ഹൃദ്യമായ യെല്ലോ ഹൗസ്‌


തിരുവനന്തപുരത്തു സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തില്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിച്ച അപൂര്‍വം ചിത്രങ്ങളിലൊന്നാണ്‌ യെല്ലോ ഹൗസ്‌.

സാധാരണക്കാരെക്കുറിച്ചുള്ള ലളിതമായ കഥയുടെ ഹൃദ്യമായ ആവിഷ്കാരമാണ്‌ യെല്ലോ ഹൗസിനെ പ്രിയപ്പെട്ടതാക്കിയത്‌.



കിഴക്കന്‍ അള്‍ജീരിയയിലെ ഓറിസ്‌ മലമുകളില്‍ താമസിക്കുന്ന ഒരു ബാര്‍ബര്‍ കുടുംബം. മാതാപിതാക്കളും മൂന്നു പെണ്‍മക്കളും. അവരുടെ ഏക മകന്‍ ഒരു അപകടത്തില്‍ മരിക്കുന്നു.

വളരെ ദൂരെ അപകടം നടന്ന സ്ഥലത്തേക്ക്‌ പിതാവ്‌ ട്രാക്‍ടറില്‍ യാത്രയാവുന്നു. പ്രയാസങ്ങളെല്ലാം മറികടന്ന് അവിടെച്ചെന്ന് അയാള്‍ മകന്റെ മൃതദേഹവുമായി മടങ്ങിവരുന്നു. മകന്റെ മൃതദേഹം കുന്നിന്‍മുകളില്‍ സംസ്കരിച്ചു.

മകന്റെ മരണത്തോടെ അമ്മയ്ക്ക്‌ ഊണും ഉറക്കവും ഇല്ലാതായി. ഭാര്യയ്ക്ക്‌ കൈവിട്ടുപോയ സന്തോഷം തിരികെ കൊടുക്കുക എന്നതായി പിന്നെ ഭര്‍ത്താവിന്റെ ലക്ഷ്യം. അതിനാടകീയതയും സംഭവബഹുലമായ രംഗങ്ങളുമല്ല ഒരു സിനിമയ്ക്ക്‌ ആത്മാവ്‌ നല്‍കുന്നതെന്ന് വീണ്ടും തെളിയിക്കുന്ന മനോഹരമായ ഒരു കൊച്ചു ചിത്രമാണ്‌ യെല്ലോ ഹൗസ്‌.


സത്യത്തില്‍, ഈ ചിത്രം കണ്ട ഏതൊരാളും ഞെട്ടിപ്പോകുന്ന ഒരു പ്രസ്താവം ഈ റിപ്പോര്‍ട്ടിലുണ്ട്‌. ഒരു കൃഷീവല കുടുബത്തിലെ പട്ടാളക്കാരനായ മകനുണ്ടാകുന്ന ദുരന്തമാണ്‌ വാസ്തവത്തില്‍ ഈ സിനിമ കൈകാര്യം ചെയ്യുന്നത്‌. കൃഷിക്കാരന്‍ എങ്ങനെ ബാര്‍ബറായി?

അതന്വേഷിക്കുമ്പോള്‍ മറ്റൊരു കൗതുകത്തിലെത്തും.

iffk 2008 Hand Book page 20
The Yellow House
Direction, Screenplay: Amor Hakkar
A wonderful and simple story about simple people. a Berber family, consisting of a mother, father and three daughters, live in a house on a hill in Aures mountains in eastern Algeria.
സാധാരണക്കാരായ മനുഷ്യരെക്കുറിച്ചുള്ള അദ്ഭുതകരവും ലളിതവുമായ കഥ. കിഴക്കന്‍ അള്‍ജീരിയയിലെ ഓറിസ്‌ മലകള്‍ക്ക്‌ മുകളില്‍ മാതാപിതാക്കളും മൂന്നു പെണ്‍മക്കളുമടങ്ങുന്ന ഒരു ബാര്‍ബര്‍ കുടുംബംതാമസിക്കുന്നു.

ചലച്ചിത്ര അക്കാദമി നിയോഗിച്ച ഏതോ മിടുക്കന്‍ (മിടുക്കന്റെ സ്ത്രീലിംഗമെന്താണ്‌, മിടുക്കിയെന്നോ മിടുക്കിനിയെന്നോ?) BERBER FAMILY എന്ന പദം ബാര്‍ബര്‍ കുടുംബം എന്നു മൊഴിമാറ്റിയിരിക്കുന്നു!
വെള്ളിനക്ഷത്രം ലേഖകന്‍ ചിത്രം കാണാതെ കൈപ്പുസ്തകം നോക്കി ആസ്വാദനം തയ്യാറാക്കിയതാണോയെന്ന് ഭയപ്പെട്ടുപോകുന്നു.
യെല്ലൊ ഹൗസില്‍, അണ്ണന്റെ ഖബറടക്കത്തിനു ശേഷമുള്ള ദുഃഖിതമായ ദിനങ്ങളിലൊന്നില്‍ അനിയത്തി അപ്പനോട്‌ ചോദിക്കുന്നുണ്ട്‌, ഉരുളക്കിഴങ്ങിനു വില കുറയുന്നതിനു മുന്‍പ്‌ നമുക്ക്‌ അതൊക്കെ വിറ്റഴിക്കണ്ടേയെന്ന്. വേണമെന്ന് അപ്പന്‍ മറുപടി പറയുന്നുമുണ്ട്‌.
അതല്ലെങ്കില്‍ത്തന്നെയും, അവര്‍ കൃഷിക്കാരാണെന്നതിനു സംശയമെന്തിന്‌?
XXX
'യെല്ലൊ ഹൗസി'ല്‍ ഭാര്യയുടെ ദുഃഖത്തിന്‌ ഔഷധം തേടിപ്പോകുന്ന ഭര്‍ത്താവിന്‌ വൈദ്യന്‍ നല്‍കുന്ന ഉപദേശം, കുറേനാള്‍ ഗ്രാമത്തില്‍ പോയി താമസിക്കാനാണ്‌. വൈദ്യനോട്‌ അയാള്‍ പറയുന്നു, ഇപ്പോള്‍ത്തന്നെ ഞങ്ങള്‍ താമസിക്കുന്നത്‌ കുഗ്രാമത്തിലാണല്ല്ലോ, എന്നും!

0 അഭിപ്രായ(ങ്ങള്‍):